ഇടുക്കി ജില്ലയില്‍ കാര്‍ഷിക തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളില്‍സംഘടിതപ്രസ്ഥാനമായ സിപിഐ എമ്മിന് ബഹുജന അടിത്തറ വര്‍ധിച്ചുവെന്ന് സിപിഐ എം ജില്ലാ സമ്മേളനം വിലയിരുത്തി. ജില്ലാ പ്രതിനിധിസമ്മേളനത്തിന്റെ ആദ്യദിനത്തിലെ നടപടികള്‍ വിശദീകരിച്ച് സ്വാഗതസഘം ചെയര്‍മാന്‍ കെ കെ ജയചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കാലയളവിലെ പാര്‍ടിപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെയും ഗൗരവത്തോടെയുമാണ് സമ്മേളനം വിലയിരുത്തുന്നത്. ജില്ലയിലെ ഭൂപ്രശ്നം മുതല്‍ മുല്ലപ്പെരിയാര്‍ വരെയുള്ള വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടോടെയാണ് പാര്‍ടി നീങ്ങുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറി. കേരളത്തിലെ ജനലക്ഷങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവുമാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി നടത്തിവരുന്ന സമരത്തിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പിന്തുണയുണ്ട്. സമരത്തില്‍ ഉറച്ചു നില്‍ക്കുകയും കൂടുതല്‍ ശക്തമായി തുടരുകയും ചെയ്യും. അതേസമയം കേരളത്തിന്റെ താല്‍പര്യം പൂര്‍ണമായി അവഗണിച്ച് തമിഴ്നാടിന്റെ വാദത്തോട് യോജിച്ചു നില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ആരംഭിച്ച പ്രതിനിധിസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ടിയുടെ അച്ചടക്കവും സംഘടനാമികവും പ്രകടമായ സമ്മേളനമാണ് നെടുങ്കണ്ടത്ത് നടന്നുവരുന്നത്. രക്തസാക്ഷികളുടെയും കുടിയേറ്റ പോരാട്ടങ്ങളുടെയും ദീപ്തസ്മരണയില്‍ പുതിയ കടമകള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് സമ്മേളനം ചേരുന്നത്. കാലത്തിന്റെ കടമ നിറവേറ്റി വീരചരമം പ്രാപിച്ച രണധീരരെ സ്മരിച്ചും പുതിയ പ്രതീക്ഷയെ വരവേറ്റുമുള്ള സ്വാഗതഗാനത്തോടെയാണ് സമ്മേളനം തുടങ്ങിയത്.
ദേശാഭിമാനി ഇടുക്കി ജില്ലാ ലേഖകന്‍ കെ ടി രാജീവ് രചിച്ച് മുല്ലക്കര സുഗുണന്‍ ഈണമിട്ടതായിരുന്നു സ്വാഗതഗാനം. ജില്ലാ സെക്രട്ടറി എം എം മണി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വൈകിട്ട് പൊതുചര്‍ച്ച ആരംഭിച്ചു. ടി എം ജോണ്‍(നെടുങ്കണ്ടം), പി രാജാറാം, ബേബിലാല്‍(രാജാക്കാട്), തോമസ് വര്‍ഗീസ്, പി എ ജോണി(ശാന്തന്‍പാറ), പി ഒ ഷാജി, എസ് നല്ലമുത്തു, സജിമോന്‍(മൂന്നാര്‍), ടി ആര്‍ സോമന്‍(തൊടുപുഴ), കെ ജി സത്യന്‍(ഇടുക്കി), ചാണ്ടി പി അലക്സാണ്ടര്‍(അടിമാലി), മാത്യു ജോര്‍ജ്(കട്ടപ്പന), വി ജെ ജെസി(പീരുമേട്), എം ജെ വാവച്ചന്‍ (ഏലപ്പാറ), കെ വി സണ്ണി(മൂലമറ്റം), വി എന്‍ സദാനന്ദന്‍(കരിമണ്ണൂര്‍) എന്നിവരാണ് ആദ്യദിനം ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും: എം എം മണി
നെടുങ്കണ്ടം: ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജില്ലയില്‍ പാര്‍ടിയെ കൂടുതല്‍ കരുത്തോടെ നയിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മാണി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്തവും മനസിലാക്കി പ്രതിസന്ധികളെ അതിജീവിച്ച് പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോകും. വായിച്ചും പഠിച്ചും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുമാണ് ഇത്രയും കാലം പാര്‍ടിയെ നയിച്ചത്. അതിലേറെ അഭിമാനവും സന്തോഷവുമുണ്ട്. ജില്ലയില്‍ പാര്‍ടിയിലെ ഐക്യം സമ്മേളനത്തോടെ കൂടുതല്‍ ശക്തിപ്പെട്ടു. ജില്ലയില്‍ നടത്തിയ തീക്ഷ്ണമായ സമരപോരാട്ടങ്ങളിലൂടെയാണ് പാര്‍ടി വലുതായത്. അതില്‍ ആരും അസൂയപ്പെടേണ്ടതില്ല. ഘടകകക്ഷികളുമായി ഒരു തര്‍ക്കത്തിനും സിപിഐ എമ്മില്ല. അവരുമായി യോജിച്ച പോരാട്ടങ്ങള്‍ക്ക് തുടര്‍ന്നും പാര്‍ടിയുണ്ടാവും. അതോടൊപ്പം അനാരോഗ്യകരമായ നിലപാടുകള്‍ തുറന്നുകാട്ടി എല്‍ഡിഎഫിനെ ശക്തിപ്പെടുത്തും. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ രാജ്ഭവന്‍ മാര്‍ച്ചിനെ പിന്തുണയ്ക്കും. എന്നാല്‍ അവരുടെ ഹര്‍ത്താല്‍ ആഹ്വാനം വേണ്ടത്ര ആലോചനയില്ലാത്തതാണ്. മുല്ലപ്പെരിയാര്‍ സമരത്തില്‍ കൂടുതല്‍ ഐക്യം ഉണ്ടാക്കേണ്ടതുണ്ട്. മന്ത്രിയെ വഴിയില്‍ തടയുന്നതിനോട് പാര്‍ടിക്ക് യോജിപ്പില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുഡിഎഫിന്റെ പിന്തുണയും ഉറപ്പാക്കുകയാണ് വേണ്ടതെന്ന് എം എം മണി പറഞ്ഞു.
സമരസമിതിയുടെ രാജ്ഭവന്‍ മാര്‍ച്ചിന് പിന്തുണ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം: സിപിഐ എം
നെടുങ്കണ്ടം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണം. ഈ ആവശ്യം ഉന്നയിച്ച് സമരസമിതികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് പിന്തുണ നല്‍കാനും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ തീരുമാനിച്ചു. ദുര്‍ബലമായി മാറിയ അണക്കെട്ടില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിരിക്കുകയാണ്. സുര്‍ക്കി മിശ്രിതത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന ചുണ്ണാമ്പ് വന്‍തോതില്‍ ഒലിച്ചുപോയി. ഇപ്പോള്‍ അണക്കെട്ടില്‍ നടക്കുന്ന പരിശോധനകളും ഇതു ശരിവയ്ക്കുന്നു. അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്താണ് ജലനിരപ്പ് 136ല്‍ കൂടരുതെന്ന് നിശ്ചയിച്ചത്. അതിനിടയിലാണ് നിരവധിതവണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8നു മുകളിലുള്ള ഭൂചലനമുണ്ടായാല്‍ അത് അണക്കെട്ടിന്റെ നിലനില്‍പ്പിന് അപകടകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഡാം എന്ന മുദ്രാവാക്യമുയര്‍ത്തി ചപ്പാത്തിലും വണ്ടിപ്പെരിയാറ്റിലും എംഎല്‍എമാര്‍ അനിശ്ചിതകാലനിരാഹാരം ആരംഭിച്ചതും ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയതും. എല്‍ഡിഎഫ് ആഹ്വാനപ്രകാരം മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ വരെ മനുഷ്യമതില്‍ തീര്‍ത്തതും ഇപ്പോഴും ഉപവാസം തുടരുന്നതും. സമരസമിതി നേതൃത്വത്തില്‍ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ തിരുവനന്തപുരത്തേക്ക് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ ആലോചിക്കുന്നതും ഡാമിനെക്കുറിച്ച് ആശങ്കയുള്ള സാഹചര്യത്തിലാണ്.
ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതും തമിഴ്നാടിനെ സഹായിക്കുന്നതുമായിരുന്നു. നിരുത്തരവാദപരമായാണ് സുപ്രീംകോടതിയിലും കേരളം വിഷയം കൈാര്യം ചെയ്തത്. ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തുന്നതിനായി കേരളത്തിന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെയും ഹാജരാക്കിയില്ല. ഉന്നതാധികാരസമിതിയുടെ നിലപാടും ആശങ്കയുണര്‍ത്തുന്നു. മാത്രമല്ല, പുതിയ അണക്കെട്ട് എന്ന വാദം തമിഴ്നാട് അംഗീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. ഇക്കാര്യം മറച്ചുവച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഡാം, അതിന്റെ ഉടമസ്ഥാവകാശം, കേരള-തമിഴ്നാട്-കേന്ദ്ര സംയുക്ത മേല്‍നോട്ടം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുപിഎ ഭരണനേതൃത്വത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് തമിഴ്രാഷ്ട്രീയ താല്‍പര്യം വച്ചാണ് ഈ ഒളിച്ചുകളി. കോടതിവിധി കാലതാമസം വരുത്തുമെന്നത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇരുസംസ്ഥാന മുഖ്യമന്ത്രിമാരെയും ഒന്നിച്ചിരുത്തി കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പു വരുത്തുന്ന വിധത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴിയെന്നും സമ്മേളനം വിലയിരുത്തി.
യുഡിഎഫിന് തമിഴ്നാട് അനുകൂല നിലപാട്: സിപിഐ എം
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും തമിഴ്നാടിന് അനുകൂലമായ നിലപാടാണെന്ന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നാര്‍ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആദ്യകാലനടപടിയില്‍ അല്‍പം പാളിച്ചയുണ്ടായി. റവന്യൂ-വനം മന്ത്രിമാര്‍ കുറേക്കൂടി സൂക്ഷ്മതയോടെയും ഗൗരവത്തോടെയും പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കില്‍ എല്‍ഡിഎഫിന് വളരെയേറെ നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നു. അനധികൃതഭൂമി കണ്ടെത്താന്‍ മന്ത്രിമാര്‍ വന്നപ്പോള്‍ പ്രശ്നബാധിതമേഖലയിലെ എംഎല്‍എ മാരായ എസ് രാജേന്ദ്രനെയും തന്നെയും അറിയിച്ചിരുന്നില്ല. റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് ഇടുക്കി ജില്ലയില്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വന്‍കിടക്കാര്‍ക്ക് അനുകൂലമായിരുന്നു. സിപിഐ നേതൃത്വത്തിന് അല്‍പം പിഴവുപറ്റി. ഒഴിപ്പിക്കല്‍ ശരിയായ ദിശയില്‍ നീങ്ങുന്നില്ലെന്ന പരാതി ബോധ്യപ്പെട്ടിട്ടാണ് സിപിഐ എം സംസ്ഥാനനേതൃത്വം ഇടപെട്ടതും ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതും. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മൂന്നാര്‍ സന്ദര്‍ശിച്ചത് തങ്ങള്‍ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ മറുപടി നല്‍കി.
ഇടമലക്കുടിക്കും പാക്കേജ് വേണം ഇടുക്കി പാക്കേജ് നടപ്പാക്കണം: സിപിഐ എം
സ. പി ആര്‍ ഗോപാലകൃഷ്ണന്‍ നഗര്‍(നെടുങ്കണ്ടം മരിയന്‍ ഓഡിറ്റോറിയം): ഇടുക്കി പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്ന് സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പി ടി തോമസ് എംപിയുടെ കള്ളക്കളി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സമ്മേളനം സംസ്ഥാനസര്‍ക്കാരിനോട് മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായാണ് ഇടുക്കി പാക്കേജിന് അനുമതി ലഭിച്ചത്. 1,326 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്്. 250 കോടിയുടെ റോഡുവികസന പദ്ധതിക്ക് നേരത്തെ ലിസ്റ്റ് തയാറാക്കിയിരുന്നു. എന്നാല്‍ , നേരത്തെ അംഗീകരിച്ച പദ്ധതിയുടെ ലിസ്റ്റ് പി ടി തോമസ് എംപി ഇടപെട്ട് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. ഈ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. 28 കുടികളിലായി മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആറായിരത്തോളം പേരാണ് ഇടമലക്കുടിയില്‍ വസിക്കുന്നത്. 27 കിലോമീറ്റര്‍ തലച്ചുമടായേ ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ. ചികിത്സാസൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും വൈദ്യുതിയും ശുദ്ധജലവിതരണ പദ്ധതികളും ഇവിടില്ല. പകര്‍ച്ചവ്യാധിമൂലമുള്ള മരണം നിത്യസംഭവമാണ്. ഇവിടെ ജനിക്കുന്ന കുട്ടികളില്‍ പോഷകാഹാരക്കുറവും കണ്ടുവരുന്നു. വന്യമൃഗങ്ങളുടെ അക്രമണം മനുഷ്യജീവനും കൃഷിയ്ക്കും ഭീഷണിയാണ്. മുന്‍എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമലക്കുടിയെ പഞ്ചായത്തായി പ്രഖ്യാപിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍ . റോഡിനു വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുകോടി 18 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം ആരംഭിച്ചെങ്കിലും അതും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.
ഹൈറേഞ്ച്താലൂക്കുകളെ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക
സ. പി ആര്‍ ഗോപാലകൃഷ്ണന്‍ നഗര്‍ : ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളെ പരിസ്ഥിതിലോല പ്രദേശമാക്കി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സിഎച്ച്ആര്‍ മേഖല പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാവും. സമഗ്രമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പ്രഖ്യാപനം. നിബിഢവനങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും അപൂര്‍വ സസ്യ ജന്തുജാലങ്ങളുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടി ഏതൊരു പ്രദേശവും പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇഎസ്എ ലിസ്റ്റില്‍പ്പെട്ട സ്ഥലങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വനത്തില്‍ കൃഷിയും നിര്‍മ്മാണപ്രവര്‍ത്തനവും നടത്താനുള്ള എല്ലാ തടസങ്ങളും ഇഎസ്എ യ്ക്കും ബാധകമാണ്. പരിസ്ഥിതിലോല പ്രദേശമായാണ് ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളെ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. കര്‍ഷകന് പട്ടയം പുതുക്കി കിട്ടുന്നതിന് ഇത് തടസമാവും. മൂന്നാറും പെരിയാറുമെല്ലാം പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ വലിയ പ്രക്ഷോഭം വേണ്ടിവന്നു. ഇപ്പോള്‍ കേന്ദ്രസംഘം പരിസ്ഥിതിലോല പ്രദേശമെന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
പാട്ടക്കാലാവധി തീരുന്നവ പുതുക്കി നല്‍കുന്നുണ്ടെന്നും ജൈവകൃഷി മാത്രം നടത്തണമെന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ടൗണുകളുടെ പരിധി വര്‍ധിപ്പിക്കരുതെന്നും കൃഷിഭൂമി ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പാട്ടക്കാലാവധി കഴിയുന്ന എല്ലാ തോട്ടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറുമെന്നും വനംമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. പാരിസ്ഥിതിക ദുര്‍ബലപ്രദേശനിയമം മൂലം വയനാട്ടിലും നെല്ലിയാമ്പതിയിലും നിരവധി കൃഷിഭൂമികള്‍ നഷ്ടപരിഹാരം നല്‍കാതെ ഇതിനകം ഏറ്റെടുത്തു. ഇതിന്റെ ആദ്യപടിയായിട്ടാണ് ഇടുക്കി- കട്ടപ്പന റോഡിന്റെ മുകള്‍ഭാഗം മുഴുവന്‍ ഇഎഫ്എല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും പ്രമേയത്തില്‍ പറഞ്ഞു. മാങ്കുളം വില്ലേജിനെ കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍നീക്കം ഉപേക്ഷിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെയും ആവശ്യപ്പെട്ടു.
deshabhimani 130112
ഇടുക്കി ജില്ലയില്‍ കാര്‍ഷിക തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളില്‍സംഘടിതപ്രസ്ഥാനമായ സിപിഐ എമ്മിന് ബഹുജന അടിത്തറ വര്‍ധിച്ചുവെന്ന് സിപിഐ എം ജില്ലാ സമ്മേളനം വിലയിരുത്തി. ജില്ലാ പ്രതിനിധിസമ്മേളനത്തിന്റെ ആദ്യദിനത്തിലെ നടപടികള്‍ വിശദീകരിച്ച് സ്വാഗതസഘം ചെയര്‍മാന്‍ കെ കെ ജയചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ReplyDelete