Tuesday, January 10, 2012

ശാസ്ത്ര ഗവേഷണങ്ങളില്‍ സ്വകാര്യവല്‍ക്കരണമോ?

പുതുവത്സരത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനുവരി മൂന്നിന് ഭുവനേശ്വറില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 99-ാം വാര്‍ഷിക സമ്മേളനത്തെ അഭിവാദ്യംചെയ്തു. രണ്ട് പ്രസംഗങ്ങളിലും മന്‍മോഹന്‍സിങ് വരച്ചുകാട്ടിയ അജന്‍ഡയുടെ മുഖ്യധാര അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏകമാര്‍ഗമായി പ്രധാനമന്ത്രിയും രണ്ടാം യുപിഎ സര്‍ക്കാരും കാണുന്നത് സ്വകാര്യമേഖലയെ ആണെന്നതിന്റെ വ്യക്തമായ ചിത്രമാണ് പ്രസംഗങ്ങള്‍ നല്‍കുന്നത്.

ഐതിഹാസിക ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമനുജനെയും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസിനെയും അനുസ്മരിച്ച് നടത്തിയ പ്രഭാഷണം പ്രധാനമന്ത്രി ഉപസംഹരിച്ചത് ഐസക് അസിമോവിന്റെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്: "എവിടെയും പ്രകാശം പടര്‍ത്താന്‍ ശാസ്ത്രത്തിന്റെ ഏക ദീപനാളമുണ്ട്". ഈ മനോഭാവത്തോടെയെന്ന മട്ടില്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ശാസ്ത്രത്തിന്റെ പങ്ക് എന്തായിരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: "വേഗതയേറിയതും സുസ്ഥിരവും സമഗ്രവുമായ വികസനമെന്ന ദേശീയലക്ഷ്യത്തിന്" പിന്തുണ നല്‍കുന്നതായിരിക്കണം. അതേസമയം, ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ഇന്ത്യ ചെലവിടുന്ന തുക കുറഞ്ഞ തോതിലുള്ളതാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയുംചെയ്തു.

ഇപ്പോള്‍ നമ്മുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 0.9 ശതമാനം മാത്രമാണ് ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവിടുന്നത്. ഇക്കാര്യത്തില്‍ ചൈന നമ്മെ ബഹുകാതം പിന്നിലാക്കിയെന്ന് പരിദേവനം മുഴക്കിയ പ്രധാനമന്ത്രി12-ാം പഞ്ചവത്സരപദ്ധതിയുടെ അവസാനമാകുമ്പോഴേക്കും ഇന്ത്യ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ രണ്ട് ശതമാനമെങ്കിലും ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ചൈന മൊത്തം ആഭ്യന്തര വരുമാനത്തിന്റെ രണ്ട് ശതമാനത്തോളം ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവിടുന്നുണ്ട്. ചൈനയുടെ മൊത്തം ആഭ്യന്തര വരുമാനം ഇന്ത്യയുടെ രണ്ടര ഇരട്ടിയോളമാണ്. ഇന്ത്യയുടെ അഞ്ച് മടങ്ങ് തുകയാണ് ചൈന ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് വിനിയോഗിക്കുന്നതെന്ന് ചുരുക്കം.

പ്രധാനമന്ത്രിയുടെ ലക്ഷ്യം പ്രശംസാര്‍ഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ , ഈ ലക്ഷ്യം നേടാന്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മാര്‍ഗമാണ് പ്രശ്നം. "ഇന്ത്യയുടെ ഗവേഷണ-വികസന രംഗത്തിന്റെ മൂന്നിലൊന്ന് വരുന്ന വ്യവസായ മേഖല അവരുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ"-എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് മുന്നോട്ടുവയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം മന്ത്രമാണ്-പൊതു-സ്വകാര്യ പങ്കാളിത്തം. സ്വകാര്യമേഖലയ്ക്ക് ഗവേഷണ-വികസന രംഗങ്ങളിലുള്ള താല്‍പ്പര്യം കൂടുതല്‍ ലാഭം നേടാനുള്ള വ്യഗ്രതയുമായി നേര്‍ അനുപാതത്തിലാണെന്ന വസ്തുത സാര്‍വത്രികമായി അംഗീകരിച്ചിട്ടുള്ളതാണ്. സമഗ്ര വികസനം നേടാന്‍ പിന്തുണ നല്‍കുകയെന്നതാണ് ശാസ്ത്രത്തിന്റെ പങ്കെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യവുമായി ഇത് പൊരുത്തപ്പെടുന്നില്ല. ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലൂടെ സമഗ്രവികസനം നേടാനാവില്ല.

അടിസ്ഥാന ഗവേഷണത്തിനാണ് രാജ്യത്ത് കൂടുതല്‍ പണം വിനിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി വിലപിക്കുന്നു. ഈ നിലപാട് വിചിത്രവും അശാസ്ത്രീയവുമാണ്. ഇങ്ങനെ പറയാന്‍ കാരണം രണ്ടാണ്. പൂജ്യം കണ്ടുപിടിച്ചത് അടക്കം മാനവസംസ്കാരത്തിന് ഇന്ത്യ നല്‍കിയ ചരിത്രപരമായ സംഭാവനയില്‍ ഏറിയപങ്കും അടിസ്ഥാന ഗവേഷണ ശാഖകളിലാണ്. രണ്ടാമതായി, അടിസ്ഥാന ഗവേഷണഫലങ്ങള്‍ ഉല്‍പ്പാദനപ്രക്രിയകളിലേക്ക് ഉടന്‍തന്നെ മൊഴിമാറ്റം ചെയ്യപ്പെടാന്‍ പര്യാപ്തമല്ലെങ്കിലും അവ മാനവസംസ്കാരത്തിന്റെ ഉന്നമനത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എഡിസന്റെയും മാര്‍ക്കോണിയുടെയും ഗ്രഹാം ബെല്ലിന്റെയും മറ്റും സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം ഒരിക്കലും ഇന്നത്തെ അവസ്ഥയില്‍ എത്തുമായിരുന്നില്ല. മുന്‍ സോവിയറ്റ് യൂണിയന്‍ തൊടുത്തുവിട്ട സ്പുട്നിക്കില്‍നിന്ന് തിരികൊളുത്തിയ ഗവേഷണങ്ങളാണ് കൃത്രിമ ഉപഗ്രഹയുഗത്തിനും അതിന്റെ ഉല്‍പ്പന്നങ്ങളായ ടെലിവിഷന്‍ ചാനലുകള്‍ , മൊബൈല്‍ ഫോണുകള്‍ , ഇന്റര്‍നെറ്റ് എന്നിവയ്ക്കും വഴിയൊരുക്കിയത്. അടിസ്ഥാന ഗവേഷണരംഗത്ത് വികസനം സാധ്യമാക്കുന്നതിന് പകരം പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്തരത്തിലുള്ള ചിന്ത വഴി ആധുനിക ഇന്ത്യയില്‍ രാമാനുജന്മാരെയും ബോസുമാരെയും സൃഷ്ടിക്കാനാവില്ല. പുതുവത്സരത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയ സന്ദേശത്തിലും ഇതേ ചിന്താധാര പ്രകടമാണ്.

അഞ്ചിന അജന്‍ഡയാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്: ദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷ, ഊര്‍ജ സുരക്ഷ, പരിസ്ഥിതി സുരക്ഷ, ജീവിത സുരക്ഷ(ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, തൊഴില്‍ എന്നിവ). ദേശീയ സുരക്ഷ ശക്തമാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ , സ്വകാര്യമേഖലയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്നാല്‍ മറ്റ് ലക്ഷ്യങ്ങള്‍ നേടുക അസാധ്യമാകും.

സാമ്പത്തിക സുരക്ഷയെ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ധനകമ്മി കുറയ്ക്കലുമായി പ്രധാനമന്ത്രി തുലനംചെയ്യുന്നു. ഇതിനായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം പറയുന്നു. സബ്സിഡി ബില്‍ ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായി ഈയിടെ പാര്‍ലമെന്റില്‍ പ്രസ്താവനയുണ്ടായി. എന്നാല്‍ , പെട്രോളിയം മേഖലയില്‍നിന്ന് മാത്രമായി നികുതിയിനത്തില്‍ 1,30,000 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. യഥാര്‍ഥത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കൊടുക്കുന്ന ജനങ്ങളാണ് സര്‍ക്കാരിന് സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബജറ്റ് രേഖകള്‍പ്രകാരം 14,28,028 കോടി രൂപയുടെ നികുതിയിളവുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ 3,63,875 കോടി രൂപയുടെ നികുതിയിളവുകളും ലഭിച്ചത് കോര്‍പറ്റേറുകള്‍ക്കും അതിസമ്പന്നര്‍ക്കുമാണ്. ഇക്കൊല്ലം കണക്കാക്കുന്ന 4,65,000 കോടി രൂപയുടെ ധനകമ്മി ഈ നികുതിയിളവുകളുമായി ചേര്‍ത്തുവായിക്കണം. സമ്പന്നര്‍ക്ക് നല്‍കുന്ന സബ്സിഡികളെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ളതെന്ന് വ്യാഖ്യാനിക്കുന്നു. രാജ്യത്തെ 80 കോടിയോളം ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന സബ്സിഡികള്‍ സാമ്പത്തികകഭാരമായും വിശേഷിപ്പിക്കപ്പെടുന്നു.

പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്കകള്‍ ഇത്തരത്തില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയുടെ ലാഭക്കൊതിക്ക് മാത്രം കൂട്ടുനില്‍ക്കുന്ന നവഉദാര സാമ്പത്തികനയങ്ങള്‍ തിരുത്തണം. പുതിയ വര്‍ഷത്തില്‍ സര്‍ക്കാരിനെ നയംമാറ്റത്തിനായി പ്രേരിപ്പിക്കാന്‍ ശക്തമായി ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതസുരക്ഷ ഉറപ്പാക്കുന്ന മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കാന്‍ ഇതു മാത്രമാണ് വഴി.

deshabhimani editorial 100112

1 comment:

  1. പുതുവത്സരത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനുവരി മൂന്നിന് ഭുവനേശ്വറില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 99-ാം വാര്‍ഷിക സമ്മേളനത്തെ അഭിവാദ്യംചെയ്തു. രണ്ട് പ്രസംഗങ്ങളിലും മന്‍മോഹന്‍സിങ് വരച്ചുകാട്ടിയ അജന്‍ഡയുടെ മുഖ്യധാര അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏകമാര്‍ഗമായി പ്രധാനമന്ത്രിയും രണ്ടാം യുപിഎ സര്‍ക്കാരും കാണുന്നത് സ്വകാര്യമേഖലയെ ആണെന്നതിന്റെ വ്യക്തമായ ചിത്രമാണ് പ്രസംഗങ്ങള്‍ നല്‍കുന്നത്.

    ReplyDelete