പൗരന്റെ സ്വകാര്യത എന്നത് ഏതൊരു സമൂഹത്തിന്റെയും ആത്മാഭിമാനത്തിന്റെ അടയാളമാണ്. പരിഷ്കൃത ലോകം അതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായി ഇതിനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭരണാധികാരം അതിന്റെ രഹസ്യകണ്ണുകളുമായി പൗരന്മാരുടെ നിത്യജീവിതത്തിന്റെ ഓരോ ചലനങ്ങളിലേയ്ക്കും ഒളിഞ്ഞുനോക്കുന്ന സ്ഥിതിവിശേഷം അപരിഷ്കൃതമാണ്. അത് അരോചകവും അനീതിയുമാണ്. പൗരജീവിതത്തെ അരക്ഷിതബോധത്തിലേയ്ക്ക് തള്ളിവിടുന്ന 'സര്‍ക്കാര്‍ ഒളിഞ്ഞുനോട്ടം' ജനാധിപത്യ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്.
ദേശീയസുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ച വേണമെന്നല്ല, ഇവിടെ വിവക്ഷ. അത്തരം കാര്യങ്ങളില്‍ ദേശവിരുദ്ധ ശക്തികളോടും അവരുടെ കൈയില്‍ കളിക്കുന്നവരോടും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് രാജ്യത്തിന്റെ അഖണ്ഡതയെ മാനിക്കുന്ന എല്ലാവരുടെയും നിലപാട്. സമൂഹത്തില്‍ അന്തഃച്ഛിദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരും തീവ്രവാദത്തിന്റെ വിഷവിത്തു പാകാന്‍ ശ്രമിക്കുന്നവരും നിയമത്തിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ഇടയാകരുതെന്നും ദേശസ്നേഹമുള്ള ജനാധിപത്യവാദികള്‍ പറയും. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താന്‍ ഉതകുന്നതാകണം.
സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് ജ3 2444/2011 എസ് ബി എന്ന നമ്പരില്‍ ഇറങ്ങിയ രഹസ്യസന്ദേശം പല തരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കയാണ്. മുസ്ലീംലീഗിന്റെ ഒരു എം എല്‍ എ, ലീഗിന്റെതന്നെ ഒരു മുന്‍ എം പി തുടങ്ങി 268 പേരുടെ ഇമെയില്‍ റജിസ്ട്രേഷനും ലോഗ് ഇന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട സര്‍വീസ് ദാതാക്കളില്‍നിന്ന് ശേഖരിക്കണമെന്നാണ് പ്രസ്തുത സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ 268 പേരില്‍ മുസ്ലീംലീഗിന്റെ പ്രമുഖ നേതാക്കള്‍ക്കുപുറമെ മാതൃഭൂമി, ചന്ദ്രിക, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അവരില്‍ 258 പേരും മുസ്ലീങ്ങളാണെന്നുള്ളതും മാധ്യമങ്ങള്‍ എടുത്തുപറയുന്നു.
പതിവുപോലെ ഒരന്വേഷണ ഉത്തരവ് നല്‍കിക്കൊണ്ട് തന്റെ ചുമതല പൂര്‍ത്തിയാക്കിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാവിക്കുന്നത്. എന്നാല്‍ നിസാരമല്ലാത്ത ചില വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നകാര്യം ഗവണ്മെന്റ് അറിയാതിരിക്കരുത്. ലീഗിന്റെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്നതാണ് അതില്‍ പ്രധാനം. ദേശദ്രോഹശക്തികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇവരില്‍ ആരെങ്കിലും പുലര്‍ത്തുന്നതായി ഗവണ്മെന്റിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടോ? ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് കൈമലര്‍ത്തി നില്ക്കാന് കഴിയില്ലല്ലോ. അങ്ങനെയെങ്കില്‍ അതുതടയുന്നതിന് നിയമാനുസൃതം ഗവണ്മെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ എന്തുകൊണ്ടു ചെയ്തില്ലെന്ന ചോദ്യം ഉയര്‍ന്നുവരുന്നു.
അല്ലാത്തപക്ഷം മുസ്ലീങ്ങള്‍ക്കെതിരായ യുദ്ധത്തിന്റെ ശൈലി യു ഡി എഫ് ഗവണ്മെന്റ് സ്വീകരിക്കയാണോ എന്ന് ചിന്തിക്കേണ്ടിവരും. ആ ശൈലിയുടെ ആഗോള നായകത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിനാണ്. ഇന്ത്യയില്‍ അതിന്റെ നേരവകാശി നരേന്ദ്ര മോഡിയാണ്. അവര്‍ കെട്ടഴിച്ചുവിടുന്ന മുസ്ലീം വിരോധത്തിലൂന്നിയ മനശ്ശാസ്ത്ര യുദ്ധത്തിന് കേരളത്തിലും അരങ്ങൊരുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അത് മാപ്പില്ലാത്ത കുറ്റമായിരിക്കും.
നിയമവാഴ്ച നിലവിലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവണ്മെന്റിന്റെ പങ്ക് നിര്‍ണായകമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നിരക്കാത്ത ഏതു പ്രവൃത്തിയെയും തടയേണ്ടത് ഗവണ്മെന്റിന്റെ കടമയാണ്. അതിന് നിയമം അനുശാസിക്കുന്ന വ്യവസ്ഥാപിതമായ വഴികളുണ്ട്. രഹസ്യ പൊലീസിനെ കയറൂരിവിട്ട് ഏതൊരു പൗരന്റെയും സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കലല്ല, ആ വഴി അതു മനസിലാക്കാനുള്ള വകതിരിവും ജനാധിപത്യബോധവും ഗവണ്മെന്റിനുണ്ടാകേണ്ടതാണ്.
അത്തരം പ്രാഥമിക മര്യാദകള്‍പോലും മറന്ന് മുസ്ലിം വിരുദ്ധ പ്രചാരവേലയ്ക്കു തക്കംപാര്‍ത്തിരിക്കുന്നവരെ സന്തോഷിപ്പിക്കുംവിധം ഗവണ്മെന്റ് പെരുമാറുന്നത് ഒട്ടും ആശാസ്യമല്ല. കേരള സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി മാറിയ ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ മുസ്ലീംലീഗന്റെ നിലപാട് എന്താണെന്നു ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അന്വേഷണ ഫലത്തിനായി അവര്‍ കാത്തിരിക്കയാണത്രെ. അതേ പൂഴിമണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയെപ്പോലെ കോണ്‍ഗ്രസും മുഖ്യമന്ത്രിയും പെരുമാറുന്നു. കേരളത്തിനാവശ്യം ഒട്ടകപക്ഷികളെയല്ല, നേരും നെറിയുമുള്ള ഭരണാധികാരികളെയാണെന്ന് ജനങ്ങള്‍ വീണ്ടും മനസിലാക്കുകയാണ്.
janayugom editorial 170112
പൗരന്റെ സ്വകാര്യത എന്നത് ഏതൊരു സമൂഹത്തിന്റെയും ആത്മാഭിമാനത്തിന്റെ അടയാളമാണ്. പരിഷ്കൃത ലോകം അതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായി ഇതിനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭരണാധികാരം അതിന്റെ രഹസ്യകണ്ണുകളുമായി പൗരന്മാരുടെ നിത്യജീവിതത്തിന്റെ ഓരോ ചലനങ്ങളിലേയ്ക്കും ഒളിഞ്ഞുനോക്കുന്ന സ്ഥിതിവിശേഷം അപരിഷ്കൃതമാണ്. അത് അരോചകവും അനീതിയുമാണ്. പൗരജീവിതത്തെ അരക്ഷിതബോധത്തിലേയ്ക്ക് തള്ളിവിടുന്ന 'സര്‍ക്കാര്‍ ഒളിഞ്ഞുനോട്ടം' ജനാധിപത്യ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്.
ReplyDelete