Friday, January 13, 2012

പാകിസ്ഥാനില്‍ പട്ടാള ഊഴം?

ജനാധിപത്യ ഭരണവും പട്ടാളഭരണവും മാറിമാറി വരാറുള്ള പാകിസ്ഥാനില്‍ വീണ്ടും പട്ടാളാധിപത്യത്തിനുള്ള അരങ്ങൊരുങ്ങുന്നു. തൊട്ട് അയല്‍പക്കത്തുള്ള രാജ്യം എന്നതുകൊണ്ടുതന്നെ പാകിസ്ഥാനിലുണ്ടാകുന്ന ഏതു മാറ്റവും ഇന്ത്യയില്‍ അതിന്റെ നിഴല്‍ വീഴ്ത്തുമെന്നതുറപ്പാണ്. അതുകൊണ്ട് പാക് സംഭവവികാസങ്ങളെ ഇന്ത്യ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിരീക്ഷിക്കേണ്ട ഘട്ടമാണിത്. പട്ടാള അട്ടിമറി ഭയന്ന് പ്രസിഡന്റ് ആസിഫലി സര്‍ദാരി ദുബൈയിലേക്ക് കടന്നുവെന്ന സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിട്ടുകൊള്ളാനാണ് പാക് സൈന്യം കല്‍പ്പിച്ചിട്ടുള്ളത്. പ്രതിരോധ സെക്രട്ടറി ഖാലിദ് നയീം ലോധിയെ പ്രധാനമന്ത്രി പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരും സൈന്യവും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍ , അതിനുമപ്പുറത്ത് "മെമോഗേറ്റ്" വിവാദം പൊട്ടിപ്പുറപ്പെട്ടിടത്താണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.

പാകിസ്ഥാന്‍ സൈന്യം തന്റെ ഭരണത്തെ അട്ടിമറിക്കാനിടയുണ്ടെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം സൈനികസഹായം നല്‍കണമെന്നും കാണിച്ച് പ്രസിഡന്റ് സര്‍ദാരി അമേരിക്കയിലേക്ക് രഹസ്യസന്ദേശമയച്ചത് പുറത്തായി. "മെമോഗേറ്റ്" എന്ന വിവാദമായി ഇത് ഉരുണ്ടുകൂടി. ഭരണാധിപര്‍ക്കും സൈന്യാധിപര്‍ക്കും ചാരസംഘടനയായ ഐഎസ്ഐ അധിപര്‍ക്കുമിടയില്‍ അവിശ്വാസവും ശത്രുതയും ഉരുണ്ടുകൂടി.

ഇതിനിടയിലാണ് പ്രധാനമന്ത്രിയോടോ സര്‍ക്കാരിനോടോ ആലോചിക്കാതെ ഈ പ്രശ്നത്തില്‍ സൈന്യാധിപനായ ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും ഐഎസ്ഐ തലവനായ ലഫ്റ്റന്റ് ജനറല്‍ അഹ്മദ് ഷൂജാ പാഷയും സുപ്രീംകോടതിയില്‍ സര്‍ക്കാരിനെതിരായ ഉള്ളടക്കത്തോടെ സ്വന്തം നിലയ്ക്കുള്ള വിശദീകരണങ്ങള്‍ നല്‍കിയത്. ഇങ്ങനെ വിശദീകരണം നല്‍കിയത് പ്രതിരോധ സെക്രട്ടറി ഖാലിദ് നയീമിന്റെ അറിവോടും സമ്മതത്തോടെയുമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഈ നടപടി പാക് ചാരസംഘടനയെയും സൈന്യത്തെയും പ്രകോപിതരാക്കി. ആ പ്രകോപനമാണ് അന്ത്യശാസന സ്വഭാവത്തിലുള്ള കല്‍പ്പന പുറപ്പെടുവിക്കാന്‍ സൈന്യ-ചാരസംഘടനാ മേധാവികളെ പ്രേരിപ്പിച്ചത്. കയാനി തന്റെ വിശ്വസ്തരെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സേനയുടെ ഉപരിതലത്തിലാകെ ഉടച്ചുവാര്‍ക്കല്‍ നടത്തി; കമാന്‍ഡര്‍മാരെ വിളിച്ചുകൂട്ടി. തലസ്ഥാനത്താകെ വിശ്വസ്തരുടെ നേതൃത്വത്തിലുള്ള സൈനിക ഗ്രൂപ്പുകളെ വിന്യസിച്ചു.

ഐഎസ്ഐയും സൈന്യവും ചേര്‍ന്നാല്‍ പാകിസ്ഥാനില്‍ ഭരണം പിടിക്കാന്‍ വേറെയൊന്നും വേണ്ട എന്നത് ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. നേരത്തെ ചാരസംഘടനയുടെ തലവനായിരുന്ന കയാനിക്ക് സൈന്യത്തിനുമേലും ഐഎസ്ഐയുടെ മേലും ഒരുപോലെ നിയന്ത്രണമുണ്ട്. ഇപ്പോഴത്തെ ഐഎസ്ഐ മേധാവി ഷൂജാ പാഷയാകട്ടെ, കയാനിയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമാണ്. കയാനിയുടെ രാഷ്ട്രീയ ഭരണാധികാരമോഹം പണ്ടേ പ്രശസ്തവുമാണ്. ബിന്‍ലാദന്‍ വേട്ടയുടെ ഘട്ടത്തില്‍ത്തന്നെ പാക് സൈന്യവും ഭരണാധികാരികളും തമ്മില്‍ ഇടച്ചിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ദൗത്യനിര്‍വഹണം നടത്തി മടങ്ങിപ്പോയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഈ ഉരസല്‍ പിന്നീട് തുടര്‍ച്ചയായി മൂര്‍ച്ഛിച്ചുവന്നു. ഇപ്പോള്‍ അത് ഗുരുതരമായ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്നു.

പാകിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍ പുതിയ സംഭവവികാസങ്ങള്‍ ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കും വിപല്‍ക്കരമാകുമെന്നാണ് കരുതേണ്ടത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയുടെയും സഖ്യകക്ഷികളുടെയും യോഗത്തില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജിസന്നദ്ധത പ്രകടിപ്പിക്കുകകൂടി ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണെന്ന സന്ദേശമാണ് സൈന്യത്തിന് കിട്ടുന്നത്. ഇതിനിടെയാണ് സര്‍ദാരി രാജ്യം വിട്ടതായുള്ള വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. പുറത്താക്കപ്പെട്ട പ്രതിരോധ സെക്രട്ടറി നയീം ലോധി മുന്‍ സൈനിക ജനറലാണ്. ആ നിലയ്ക്ക് ലോധിയ്ക്ക് സൈന്യത്തിന്റെ തലപ്പത്ത് നിര്‍ണായക സ്വാധീനവുമുണ്ട്.

ഗീലാനി സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നീതിന്യായ സംവിധാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലാണ്. സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടുമെടുക്കാനുള്ള കോടതി ഉത്തരവ് പാലിക്കാത്തതിന് പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമെതിരെ നടപടി നീക്കാനിരിക്കുകയാണ് സുപ്രീംകോടതി. അതായത് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും മാത്രമല്ല, ജുഡീഷ്യറിയുടെ ബലംകൂടി കയാനിയുടെ ഇപ്പോഴത്തെ നീക്കത്തിന് ശക്തിപകരുന്നുണ്ട്. സൈന്യാധിപസ്ഥാനത്ത് കയാനിയും ഐഎസ്ഐ മേധാവി സ്ഥാനത്ത് ഷൂജാ പാഷയും നീട്ടിക്കിട്ടിയ സര്‍വീസ് കാലയളവിലാണ് കഴിയുന്നത്. നീട്ടിക്കിട്ടിയ കാലാവധി 2012ല്‍ അവസാനിക്കുകയാണ്. ഇന്നത്തെ നിലയില്‍ ഇവര്‍ക്ക് ഇനിയൊരു കാലാവധി നീട്ടല്‍ പ്രതീക്ഷിക്കാനില്ല. എന്നാല്‍ ഇവര്‍ക്ക് അധികാരം വിട്ടുപോകാന്‍ മനസ്സുമില്ല. അതുകൊണ്ടുതന്നെ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കാന്‍തക്ക നീക്കം നടത്തിക്കൂടായ്കയില്ല. ഇനി അത് നടക്കുന്നില്ലെങ്കില്‍ ജനാധിപത്യ ചട്ടക്കൂട്ടിനുള്ളില്‍ത്തന്നെ തെരഞ്ഞെടുപ്പിന് നിര്‍ബന്ധിച്ച് ഭരണമാറ്റം ഉണ്ടാക്കാനാകും ശ്രമിക്കുക.

ഇതിനെല്ലാമിടയിലും അമേരിക്കന്‍ ഡ്രോണ്‍ പോര്‍വിമാനങ്ങള്‍ പാക് അതിര്‍ത്തിക്കുള്ളിലേക്ക് കടന്ന് തീവ്രവാദിവേട്ട ഇപ്പോഴും നടത്തുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ അതിക്രമിച്ചുകയറി ബിന്‍ ലാദനെ വധിച്ച് മൃതദേഹവുമായി അമേരിക്കന്‍ സൈന്യം കടന്നുകളഞ്ഞത് അറിയാതെ പോയതിന്റെ നാണക്കേടില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി തേടുകകൂടിയാണ് കയാനിയും കൂട്ടരും. സര്‍ക്കാരും സൈന്യവും ഇക്കാര്യത്തില്‍ പരസ്പരം പഴിചാരിപ്പോരുകയായിരുന്നു. അതേസമയംതന്നെ, രഹസ്യമായി ഇരുകൂട്ടരും അമേരിക്കയുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.

"ട്രിപ്പിള്‍വണ്‍ ബ്രിഗേഡ്" എന്ന സൈന്യവ്യൂഹത്തെ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത് നടക്കാനിരിക്കുന്ന പട്ടാളവിപ്ലവത്തിന്റെ സൂചനയാണെന്നു കരുതിയാല്‍ തെറ്റുണ്ടാകില്ല. ഓരോ തവണ സൈനിക അട്ടിമറി നടന്നപ്പോഴും തലസ്ഥാനത്ത് മുന്നോടിയായി വിന്യസിക്കപ്പെട്ടത് "ട്രിപ്പിള്‍ വണ്‍ ബ്രിഗേഡാ"ണ്. 1958ല്‍ ഇസ്കന്ദര്‍ മിര്‍സയെ ജനറല്‍ അയൂബ്ഖാന്‍ പുറത്താക്കിയപ്പോഴും 1977ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയാ ഉള്‍ ഹഖ് പുറത്താക്കിയപ്പോഴും 1999ല്‍ നവാസ് ഷെരീഫിനെ പര്‍വേസ് മുഷാറഫ് പുറത്താക്കിയപ്പോഴും തലസ്ഥാന നഗരം ട്രിപ്പിള്‍ വണ്‍ ബ്രിഗേഡിന്റെ അധീനതയിലായിരുന്നു. ഇതൊക്കെത്തന്നെ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്.

പാകിസ്ഥാനില്‍ ഒരിക്കല്‍കൂടി പട്ടാളഭരണത്തിനുള്ള ഊഴമാകുകയാണോ എന്നത് ഇന്ത്യ ആശങ്കയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യഭരണത്തിനുള്ള സംയമനം പട്ടാളഭരണത്തിനുണ്ടാകില്ല. ആണവ ആക്രമണത്തിനുപോലും മടിക്കാത്ത മനോഭാവമാണ് പട്ടാളത്തിനുള്ളത് എന്നത് കയാനിതന്നെ പലവട്ടം ധ്വനിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ഇന്ത്യ ഈ ഘട്ടത്തില്‍ മനസ്സില്‍ വയ്ക്കേണ്ട വസ്തുതകളാണ്.

deshabhimani editorial 130112

1 comment:

  1. ജനാധിപത്യ ഭരണവും പട്ടാളഭരണവും മാറിമാറി വരാറുള്ള പാകിസ്ഥാനില്‍ വീണ്ടും പട്ടാളാധിപത്യത്തിനുള്ള അരങ്ങൊരുങ്ങുന്നു. തൊട്ട് അയല്‍പക്കത്തുള്ള രാജ്യം എന്നതുകൊണ്ടുതന്നെ പാകിസ്ഥാനിലുണ്ടാകുന്ന ഏതു മാറ്റവും ഇന്ത്യയില്‍ അതിന്റെ നിഴല്‍ വീഴ്ത്തുമെന്നതുറപ്പാണ്. അതുകൊണ്ട് പാക് സംഭവവികാസങ്ങളെ ഇന്ത്യ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിരീക്ഷിക്കേണ്ട ഘട്ടമാണിത്. പട്ടാള അട്ടിമറി ഭയന്ന് പ്രസിഡന്റ് ആസിഫലി സര്‍ദാരി ദുബൈയിലേക്ക് കടന്നുവെന്ന സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

    ReplyDelete