Saturday, January 7, 2012

ആഭ്യന്തര വ്യോമയാന മേഖല വിദേശ കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നു

ആഭ്യന്തര വ്യോമയാന മേഖല വിദേശ കുത്തകകള്‍ക്ക് അടിയറ വെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഭ്യന്തര വ്യോമയാന മേഖലയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയേക്കും.

ആഭ്യന്തര വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ തോത് സംബന്ധിച്ച് സര്‍ക്കാരും വ്യോമയാന മന്ത്രാലയവും രണ്ടു തട്ടിലായിരുന്നു. കേന്ദ്ര വ്യോമയാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന വയലാര്‍ രവി എതിര്‍പ്പ് ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമായി അജിത് സിംഗ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തതോടെ ഇന്ത്യന്‍ വ്യോമയാന മേഖല വിദേശ കമ്പനികള്‍ക്ക് തീറെഴുതാനുള്ള യു പി എ സര്‍ക്കാര്‍ തീരുമാനം നടപ്പിലാകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ആഭ്യന്തര മേഖലയിലെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ക്ക് നഷ്ടം നേരിടുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് എത്തരത്തിലാണ് ലാഭം കൊയ്യാനാകുകയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

നിലവില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ വ്യോമേതര മേഖലയിലും സാമ്പത്തിക മേഖലയിലുള്ളവര്‍ക്കും 49 ശതമാനംവരെ വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. അതേസമയം വ്യോമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് എയര്‍ വെയ്‌സ്, സിംങ്കപ്പൂര്‍ എയര്‍ ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയ്ക്ക് ആഭ്യന്തര വ്യോമയാന മേഖലയില്‍ നേരിട്ട് നിക്ഷേപത്തിന് വിലക്കുണ്ട്. ആഭ്യന്തര വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ത്തിരുന്ന വ്യോമയാന മന്ത്രാലയം ഗോ എയറിന്റെയും കിംഗ് ഫിഷറിന്റെയും പ്രവര്‍ത്തന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. അതേസമയം രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ ആഭ്യന്തരമായി തീരുമാനമെടുക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ 26 ശതമാനം എന്ന നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തു.

പുതിയ വ്യോമയാന മന്ത്രി അജിത് സിംഗിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ പരിഗണിച്ചിരിക്കുന്നതെന്നും ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ വയലാര്‍ രവിയെ വ്യോമയാന മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തന്നെ അന്താരാഷ്ട്ര ലോബിയിംഗിന്റെ ഭാഗമായി ചരടുവലി നടത്തിയെന്ന് സംശയമുയരുകയാണ്.
ചില്ലറ വില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് ഘടക കക്ഷികളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയാണുണ്ടായത്.
അതേസമയം ആഭ്യന്തര വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുക്കേണ്ടത്.

റെജി കുര്യന്‍ janayugom 080112

No comments:

Post a Comment