Monday, April 16, 2012

വിനീഷ് വധം: 2 ആര്‍എസ്എസുകാര്‍ റിമാന്‍ഡില്‍


ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വട്ടപറമ്പില്‍ വിനീഷിനെ (25) കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ പൊലീസ് പിടിയിലായി. ആറുപേരെക്കൂടി പിടികിട്ടാനുണ്ട്. പൂക്കോട്ടുകാവ് കല്ലുവഴി പുളിക്കപ്പറമ്പില്‍ വാസുദേവന്റെ മകന്‍ പ്രശാന്ത് (24), കിഴൂര്‍ ഇരഞ്ഞികളത്തില്‍ അയ്യപ്പന്റെ മകന്‍ രാധാകൃഷ്ണന്‍ (കുഞ്ഞിരാധ- 25) എന്നിവരെയാണ് സിഐ പി ശശികുമാറും സംഘവും ശനിയാഴ്ച അറസ്റ്റുചെയ്തത്.

ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ കല്ലുവഴി പ്രവീണാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍. പിടികിട്ടാനുള്ള സുധീഷിനും മുഖ്യപങ്കുണ്ട്. ഗള്‍ഫ് യാത്രയ്ക്കു മുന്നോടിയായി വിനീഷ് സാധനം വാങ്ങാന്‍ പോകുന്നവിവരം പ്രശാന്താണ് പ്രവീണിന് കൈമാറിയത്. ഏപ്രില്‍ എട്ടിനാണ് വിനീഷിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. ഒമ്പതിന് വിനീഷ് ഗള്‍ഫിലേക്കു പോകുന്നതറിഞ്ഞ പ്രശാന്തും പ്രവീണും ഞായറാഴ്ച രാവിലെ എട്ടുമുതല്‍ വിനീഷിനെ ബൈക്കില്‍ പിന്തുടര്‍ന്നു. വസ്ത്രം വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ വിനീഷും കൂട്ടുകാരും ചെര്‍പ്പുളശേരി പ്ലാസ തിയറ്ററില്‍ സിനിമക്കുകയറി. സിനിമക്ക്ശേഷം വസ്ത്രം വാങ്ങി സുഹൃത്ത് ശ്രീകാന്തിനൊപ്പം വിനീഷ് ബൈക്കില്‍ കയറിയ വിവരം പ്രശാന്താണ് പ്രവീണിനെ അറിയിച്ചത്. തുടര്‍ന്ന് താന്‍ ബസില്‍ പോയതായി പ്രശാന്ത് പൊലീസിനു മൊഴി നല്‍കി. കൊലയ്ക്കുശേഷം ഒളിവില്‍പോയി. പ്രതികളെ മാറ്റുന്നതിലും ഗൂഢാലോചനയിലുമാണ് രാധാകൃഷ്ണന് പങ്കുള്ളതെന്ന് പൊലീസ് പറഞ്ഞു.

ബൈക്കിലെത്തി കൊലപാതകം നടത്തിയ നാലംഗ സംഘത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ജൂഡിഷ്യല്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ 28വരെ റിമാന്‍ഡ്ചെയ്തു. ഒറ്റപ്പാലം എസ്ഐ ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, താഹിര്‍, സുനില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

deshabhimani 160412

No comments:

Post a Comment