Monday, April 16, 2012

ആവേശമായി ഉന്നിന്റെ പ്രസംഗം


പ്യോങ്യാങ്: ഉത്തരകൊറിയയുടെ പുതിയ പരമാധികാരിയായി സ്ഥാനമേറ്റ കിം ജോങ് ഉന്നിന്റെ ആദ്യ പൊതുപ്രസംഗം രാജ്യത്തിന് ആവേശവും ലോകത്തിന് അമ്പരപ്പുമായി. ഡിസംബറില്‍ പിതാവ് കിം ജോങ് ഇല്‍ അന്തരിച്ച ശേഷം രാജ്യത്തിന്റെ നേതൃപദത്തിലേക്കെത്തിയ അണ്‍ സുദീര്‍ഘമായ പ്രസംഗത്തില്‍ ഏറെക്കുറെ എല്ലാ സമകാലികവിഷയങ്ങളും പരാമര്‍ശിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൊതുവേദിയില്‍ പ്രസംഗിച്ച പിതാവില്‍നിന്ന് വ്യത്യസ്തമാണ് തന്റെ ശൈലിയെന്ന് വ്യക്തമാക്കുന്നതായിരുന്നു അണിന്റെ അളന്നുമുറിച്ച വാക്കുകള്‍. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്യോങ്യാങ്ങിലെ കിം ഇല്‍ സുങ് ചത്വരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അണ്‍ നടത്തിയ പ്രസംഗം ടെലിവിഷന്‍ തത്സമയം സംപ്രേഷണംചെയ്തു.

പാശ്ചാത്യരാജ്യങ്ങളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാനോ ഭയന്ന് വിറക്കാനോ ഉത്തരകൊറിയ തയ്യാറല്ലെന്ന് ഉന്‍ പറഞ്ഞു. മിസൈല്‍ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ സൈന്യത്തിന്റെ ശേഷി ലോകം കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "സൈനിക സാങ്കേതികവിദ്യയില്‍ ആര്‍ക്കും അപ്രമാദിത്തമോ കുത്തകയോ ഇനി അവകാശപ്പെടാനാകില്ല. ശത്രുക്കള്‍ ഞങ്ങളെ അണുബോംബ് കാട്ടി ഭീഷണിപ്പെടുത്തുന്ന കാലം കഴിഞ്ഞു- ഉന്‍ പറഞ്ഞു. വിദേശനയം, സാമ്പത്തികരംഗം തുടങ്ങിയവയെല്ലാം പ്രസംഗത്തില്‍ വിഷയങ്ങളായി. 70 വര്‍ഷമായി രാജ്യം വിഭജിക്കപ്പെട്ട് കിടക്കുന്നത് ഹൃദയഭേദകമാണെന്നും കൊറിയയുടെ ഏകീകരണത്തിനായി പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനും രാജ്യത്തിനും മികച്ച മതിപ്പുളവാക്കുന്ന പ്രസംഗമാണ് ഉന്നിന്റേതെന്ന് ജപ്പാനിലെ ഷിസുവോക്ക സര്‍വകലാശാലയിലെ ഹജിമേ ഇസുമി അഭിപ്രായപ്പെട്ടു. പിതാവില്‍നിന്ന് വ്യത്യസ്തമായി ഇടയ്ക്കിടെ ഉന്നിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 160412

No comments:

Post a Comment