Monday, April 2, 2012

നേഴ്സുമാരുടെ സമരം ന്യായം: കെസിബിസി


കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരത്തിന് കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെ പിന്തുണ. സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകള്‍ക്കു കീഴിലെ പള്ളികളില്‍ ഏപ്രില്‍ 29ന് വായിക്കാന്‍ കെസിബിസി ലേബര്‍ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിലാണ് നേഴ്സുമാരുടെ സമരത്തിന് സഭ പിന്തുണ പ്രഖ്യാപിച്ചത്. നേഴ്സിങ് രംഗത്തെ സമരം ഈരംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ നാന്ദിയാണെന്നും സന്ദേശം പ്രത്യാശ പ്രകടിപ്പിക്കുന്നു.
ആതുരശുശ്രൂഷ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം പരാധീനത അനുഭവിക്കുന്ന വിഭാഗമാണ് നേഴ്സുമാര്‍. ചിലയിടങ്ങളില്‍ അടിമജോലിക്കു തുല്യമായ ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ വേണ്ടി നേഴ്സുമാരുടേത് കുറയ്ക്കുകയാണു ചെയ്യുന്നത്. ആതുരസേവനരംഗത്ത് സമഗ്ര മാറ്റത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദവും കാര്യക്ഷമവുമായ നീക്കങ്ങള്‍ അടിയന്തരമായി ഉണ്ടാകണം. സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയും അവിടെ ജോലിചെയ്യുന്നവരുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഹോസ്പിറ്റല്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം. ട്രേഡ്യൂണിയനുകളും സാമൂഹ്യ സന്നദ്ധ സംഘടനകളും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. സ്ഥാപനങ്ങള്‍ പരാധീനതകള്‍ അനുഭവിക്കുമ്പോഴും അവിടെ ജോലിചെയ്യുന്നവരോടുള്ള അനീതികള്‍ ന്യായീകരിക്കാന്‍ കഴിയില്ല. ജോലിചെയ്യുന്നവര്‍ക്ക് ന്യായമായ വേതനം നല്‍കണം. കത്തോലിക്കാ പ്രബോധനമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങള്‍ക്കും ഇത് പ്രസക്തമാണെന്ന് സന്ദേശം വ്യക്തമാക്കുന്നു.

ആശുപത്രികള്‍ക്കു പുറമേ അണ്‍എയ്ഡഡ് സ്കൂളുകളിലും മിനിമം കൂലി, എട്ടുമണിക്കൂര്‍ ജോലി, ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് എന്നിങ്ങനെയുള്ള നിയമാനുസൃത തൊഴിലവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു. അസംഘടിതതൊഴിലാളികളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സാമൂഹ്യസുരക്ഷയ്ക്കും ഫലപ്രദമായ പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മറുനാടന്‍ തൊഴിലാളികളുടെയടക്കം ക്ഷേമത്തിനും ശാക്തീകരണത്തിനുമായി നിയമം രൂപീകരിച്ച് അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സന്ദേശം ഓര്‍മപ്പെടുത്തുന്നു. സഭാസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിരവധി ആശുപത്രികളും അണ്‍എയ്ഡഡ് സ്കൂളുകളും കേരളത്തിലടക്കം പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരമൊരു സന്ദേശം കെസിബിസി ഇറക്കിയത്.

deshabhimani 020412

1 comment:

  1. കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരത്തിന് കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെ പിന്തുണ. സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകള്‍ക്കു കീഴിലെ പള്ളികളില്‍ ഏപ്രില്‍ 29ന് വായിക്കാന്‍ കെസിബിസി ലേബര്‍ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിലാണ് നേഴ്സുമാരുടെ സമരത്തിന് സഭ പിന്തുണ പ്രഖ്യാപിച്ചത്. നേഴ്സിങ് രംഗത്തെ സമരം ഈരംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ നാന്ദിയാണെന്നും സന്ദേശം പ്രത്യാശ പ്രകടിപ്പിക്കുന്നു.

    ReplyDelete