Monday, April 2, 2012

സ്വപ്നങ്ങളുടെ ആകാശത്തേക്ക് ഇനി "സ്ത്രീ"ക്കൊപ്പം


 "സ്ത്രീ", പുതുലോകം തേടുന്ന വനിതകളുടെ വഴിത്താരയില്‍ കെടാവിളക്കായി ദേശാഭിമാനിയുടെ അക്ഷരപ്രണാമം. സ്ത്രീകളുടെ പുതുചലനങ്ങളെ തൊട്ടറിഞ്ഞും കാലത്തിന്റെ സ്പന്ദനമറിഞ്ഞും വൈവിധ്യത്തിന്റെ വിഭവങ്ങളൊരുക്കി ഇനി വായനക്കാരുടെ കൈകളില്‍. വിവിധ മേഖലകളിലെ വ്യത്യസ്തമായ വായന ലഭ്യമാക്കുന്ന "സ്ത്രീ" മറ്റ് വനിതാ മാഗസിനുകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരായ വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും വിദ്യാസമ്പന്നകള്‍ക്കും ഒരേപോലെ ആസ്വാദ്യകരമാവുന്നതാണ് ഗൗരവവും ലാളിത്യവും ഇഴചേര്‍ത്തുള്ള അവതരണശൈലി. കല, സാംസ്കാരികം, സാമൂഹികം, സിനിമ, വിദ്യാഭ്യാസം, പാചകം, യാത്ര, വീട്, കുടുംബം തുടങ്ങി എല്ലാ മേഖലകളിലെയും പുതുശബ്ദങ്ങള്‍ "സ്ത്രീ" പങ്കുവയ്ക്കുന്നുണ്ട്. സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി പുരുഷാധിപത്യമേഖലകളില്‍ കഴിവിന്റെ വിജയക്കൊടി നാട്ടിയ ഷീല കൊച്ചൗസേഫ്, ബിന്ദു, മതവേലികള്‍ക്കപ്പുറത്തേക്ക് കലാലോകത്തെ കൈപിടിച്ച് നടന്ന ജഹ്നാര, സ്ത്രീകൂട്ടായ്മയുടെ വിജയകഥയുമായി കരിപ്പോട്ഗ്രാമം, ഇതെല്ലാം "സ്ത്രീ" നല്‍കുന്ന വിജയഗാഥകളുടെ തുടക്കം മാത്രം.
ഗൗരവവിഷയങ്ങള്‍ക്കൊപ്പം സിനിമയും ക്യാംപസും ഫാഷനും ട്രെന്‍ഡുകളും എല്ലാം രസമുകുളമായി "സ്ത്രീ" യെ ആസ്വാദ്യകരമാക്കുന്നു. മോഹന്‍ലാലിന്റെ ഭക്ഷണപ്രിയവും ഷഹബാസ് അമന്റെ ഗസല്‍ വിശേഷങ്ങളും യുവനടന്‍ ആസിഫിന്റെ സിനിമാ അനുഭവങ്ങളും സ്ത്രീലോകത്തിനപ്പുറത്തെ വായനകളായുണ്ട്. മലയാളത്തിന്റെ നീലത്താമരയായ അര്‍ച്ചനകവിയും ലളിതഭാവങ്ങളുമായി കെപിഎസി ലളിതയും വരയിലെയും സംഗീതത്തിലെയും വേറിട്ട സാന്നിധ്യമായി കബിത മുഖോപാധ്യായയും കലയുടെ സ്ത്രീസ്പന്ദനങ്ങളായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം, ജോലി, വീട് നിര്‍മാണം തുടങ്ങി എല്ലാ മേഖലയെയും സംബന്ധിച്ച വിവരങ്ങള്‍ "സ്ത്രീ" നല്‍കുന്നു. പ്രവാസി വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പീഡനവും വെല്ലുവിളികളും അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന ലേഖനങ്ങള്‍ക്കൊപ്പം പ്രതികരിക്കേണ്ട ആവശ്യകതയും നിയമവശങ്ങളും വ്യക്തമാക്കുന്നു. ഇങ്ങനെ "സ്ത്രീ" യുടെ ഓരോ പേജും ബാല്യം മുതല്‍ വാര്‍ധക്യം വരെ സ്ത്രീ കടന്നുപോകുന്ന തലങ്ങളെ സ്പര്‍ശിച്ച്് അവരുടെ ഉന്നമനത്തിനുള്ള ഒരു ചെറുശ്രമമാകുകയാണ്. 212 പേജുകളില്‍ രണ്ട് വാള്യമായി ഇറക്കിയ " സ്ത്രീ" സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

"സ്ത്രീ" പ്രത്യേക പതിപ്പ് പ്രകാശനംചെയ്തു

കോഴിക്കോട്: ആഹ്ലാദം അലയടിച്ച അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ "സ്ത്രീ" പ്രത്യേക പതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. നടി ജ്യോതിര്‍മയി ഏറ്റുവാങ്ങി. സമൂഹം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പത്രമായി ദേശാഭിമാനിക്ക് ഉയരാന്‍ കഴിഞ്ഞുവെന്ന് പിണറായി പറഞ്ഞു. വായനക്കാര്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും നല്‍കാന്‍ ദേശാഭിമാനിക്ക് കഴിയുന്നുണ്ട്. കേരളത്തിലെ മൂന്നാമത്തെ പത്രമായി ദേശാഭിമാനി വളര്‍ന്നു. എന്നാല്‍, ആ സ്ഥാനംകൊണ്ട് തൃപ്തിപ്പെടാനാകില്ല. കൂടുതല്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ ഉണ്ടാവണമെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അധ്യക്ഷനായി. കേരളത്തിലെ ലക്ഷണമൊത്ത ഏക ഇടതുപക്ഷ പത്രമാണ് ദേശാഭിമാനിയെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതിര്‍മയിക്ക് ദേശാഭിമാനിയുടെ ഉപഹാരം ഇ പി നല്‍കി. പ്രശസ്ത ചിത്രകാരി കബിത മുഖോപാധ്യായ വരച്ച ചിത്രമാണ് ഉപഹാരമായി നല്‍കിയത്. ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി സ്വാഗതവും കോഴിക്കോട് യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു. ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ പതിപ്പ് പരിചയപ്പെടുത്തി. രണ്ട് വാള്യങ്ങളുള്ള പതിപ്പിന് 20 രൂപയാണ് വില. കോഴിക്കോട് വൈഎംസിഎ ക്രോസ്റോഡിലെ മറീന റസിഡന്‍സിയിലായിരുന്നു ചടങ്ങ്. മേയര്‍ എ കെ പ്രേമജം, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം കെ നളിനി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, എന്‍ ഇ ബാലകൃഷ്ണമാരാര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി ജി അനൂപ് നാരായണന്‍, മുന്‍ മേയര്‍ എം എം പത്മാവതി തുടങ്ങിയവര്‍ പങ്കെടുത്തു.

മാസികകള്‍ക്ക് സ്ത്രീകളെ ഏറെ സ്വാധീനിക്കാനാവും: ജ്യോതിര്‍മയി

കോഴിക്കോട്: വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന സ്ത്രീകളെ മറ്റേതു മാധ്യമങ്ങളെക്കാള്‍ ഏറെ സ്വാധീനിക്കാന്‍ മാസികകള്‍ക്കാണ് സാധിക്കുകയെന്ന് നടി ജ്യോതിര്‍മയി പറഞ്ഞു. ദേശാഭിമാനിയുടെ "സ്ത്രീ" പ്രത്യേകപതിപ്പിന്റെ പ്രകാശനചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ തരത്തില്‍ വായനക്കാരുണ്ടാവുമെന്നതിനാല്‍ ഇത്തരം സംരംഭങ്ങള്‍ ഗൗരവമായി കാണണം. സാമൂഹികവും വിദ്യാഭ്യാസപരവുമായൊക്കെ സ്ത്രീകള്‍ക്ക് വിവരം നല്‍കുന്നതാവണം സ്ത്രീകളുടെ മാഗസിനുകള്‍- ജ്യോതിര്‍മയി പറഞ്ഞു.

deshabhimani 020412

1 comment:

  1. "സ്ത്രീ", പുതുലോകം തേടുന്ന വനിതകളുടെ വഴിത്താരയില്‍ കെടാവിളക്കായി ദേശാഭിമാനിയുടെ അക്ഷരപ്രണാമം. സ്ത്രീകളുടെ പുതുചലനങ്ങളെ തൊട്ടറിഞ്ഞും കാലത്തിന്റെ സ്പന്ദനമറിഞ്ഞും വൈവിധ്യത്തിന്റെ വിഭവങ്ങളൊരുക്കി ഇനി വായനക്കാരുടെ കൈകളില്‍. വിവിധ മേഖലകളിലെ വ്യത്യസ്തമായ വായന ലഭ്യമാക്കുന്ന "സ്ത്രീ" മറ്റ് വനിതാ മാഗസിനുകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരായ വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും വിദ്യാസമ്പന്നകള്‍ക്കും ഒരേപോലെ ആസ്വാദ്യകരമാവുന്നതാണ് ഗൗരവവും ലാളിത്യവും ഇഴചേര്‍ത്തുള്ള അവതരണശൈലി. കല, സാംസ്കാരികം, സാമൂഹികം, സിനിമ, വിദ്യാഭ്യാസം, പാചകം, യാത്ര, വീട്, കുടുംബം തുടങ്ങി എല്ലാ മേഖലകളിലെയും പുതുശബ്ദങ്ങള്‍ "സ്ത്രീ" പങ്കുവയ്ക്കുന്നുണ്ട്. സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി പുരുഷാധിപത്യമേഖലകളില്‍ കഴിവിന്റെ വിജയക്കൊടി നാട്ടിയ ഷീല കൊച്ചൗസേഫ്, ബിന്ദു, മതവേലികള്‍ക്കപ്പുറത്തേക്ക് കലാലോകത്തെ കൈപിടിച്ച് നടന്ന ജഹ്നാര, സ്ത്രീകൂട്ടായ്മയുടെ വിജയകഥയുമായി കരിപ്പോട്ഗ്രാമം, ഇതെല്ലാം "സ്ത്രീ" നല്‍കുന്ന വിജയഗാഥകളുടെ തുടക്കം

    ReplyDelete