Tuesday, April 3, 2012

കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളോ: കോടിയേരി


ലീഗ് തീവ്രവാദത്തിനെതിരെ പ്രതിരോധ കൂട്ടായ്മ

കണ്ണൂര്‍: അധികാരത്തിന്റെയും പണത്തിന്റെയും ആയുധബലത്തിന്റെയും തീവ്രവാദ പരിശീലനത്തിന്റെയും ഹുങ്കില്‍ നിരപരാധികളെ വേട്ടയാടുന്ന മുസ്ലിംലീഗ് താലിബാനിസത്തിനെതിരെ ജനകീയ കൂട്ടായ്മ. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ ലീഗ് അക്രമങ്ങളില്‍ പൊറുതിമുട്ടിയവര്‍ രാഷ്ട്രീയഭേദമില്ലാതെ പങ്കാളികളായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ സ്കറിയാ തോമസ്, കോണ്‍ഗ്രസ-് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, ജനതാദള്‍ നേതാവ് അഡ്വ. നിസാര്‍ അഹമ്മദ്, എന്‍സിപി ജില്ലാപ്രസിഡന്റ് പുഴക്കല്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു.

കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളോ: കോടിയേരി

കണ്ണൂര്‍: സംസ്ഥാനം ഭരിക്കുന്നത് പാണക്കാട്ടെ തങ്ങളാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ "ചാടിക്കളിക്കെടാ കുഞ്ഞിരാമ"നായി മുഖ്യമന്ത്രി അധഃപതിച്ചു. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയെ താലത്തിലാക്കി ഉമ്മന്‍ചാണ്ടി പാണക്കാട്ടേക്ക് കൊണ്ടുപോയി കൊടുക്കും. പിറവത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബും മന്ത്രിസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ അടുത്തേക്കല്ല, പാണക്കാട്ടേക്കാണ് പോയത്. ലീഗ് തീവ്രവാദത്തിനെതിരായ മതേതരകൂട്ടായ്മ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാംമന്ത്രിയെ കിട്ടിയില്ലെങ്കില്‍ ലീഗിന്റെ നാല് മന്ത്രിമാരും രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ലീഗിന് ഏഴ് മന്ത്രിസ്ഥാനംവരെ കൊടുക്കാമെന്നാണ് യുഡിഎഫിന്റെ വാല്യക്കാരന്‍ പി സി ജോര്‍ജ് പറയുന്നത്. എല്ലാ ജതിമതശക്തികളും യുഡിഎഫില്‍ പിടിമുറുക്കിയിരിക്കുകയാണ്. മുസ്ലിംലീഗിന്റെ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മറ്റു പാര്‍ടികളെ അനുവദിക്കില്ലെന്നാണ് നിലപാട്. ഇതിന് ഏറ്റവും വലിയ വിലകൊടുക്കേണ്ടി വന്നത് കോണ്‍ഗ്രസാണ്. പാണക്കാട്ടെ തങ്ങള്‍ പറഞ്ഞത് കണ്ണൂര്‍ ജില്ല മലപ്പുറമാക്കുമെന്നാണ്. അതിന്റെ തുടര്‍ച്ചയാണ് ലീഗ് സ്വാധീനകേന്ദ്രങ്ങളില്‍നിന്ന് മറ്റു പാര്‍ടികളെ തുരത്തിയോടിക്കുന്നത്. ഇത് കണ്ണൂരില്‍ നടക്കില്ലെന്ന് തങ്ങള്‍ മനസ്സിലാക്കണം.

പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ മരണത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണ്. മൂന്നു മണിക്കൂര്‍ നേരത്തെ വിചാരണയ്ക്കുശേഷം ഷുക്കൂറിനെ കൊന്നുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ഭരണമുണ്ടായിരുന്നില്ലേ. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി കണ്ണടച്ചിരിക്കുകയായിരുന്നോ. പൊലീസ് ഇന്റലിജന്‍സിന്റെ വീഴ്ചയാണ് ലീഗ് പ്രവര്‍ത്തകന്റെ മരണത്തിന് കാരണമെന്ന് ഡിജിപി പറഞ്ഞത് ശരിയാണ്. ഇതിന്റെ പേരില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തത് മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് തെളിയിക്കുന്നതാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ലീഗുകാരന്റെ മരണത്തിന്റെ ഉത്തരവാദത്വത്തില്‍നിന്ന് ഒളിച്ചോടാനാവില്ല- കോടിയേരി പറഞ്ഞു.

deshabhimani 030412

1 comment:

  1. സംസ്ഥാനം ഭരിക്കുന്നത് പാണക്കാട്ടെ തങ്ങളാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ "ചാടിക്കളിക്കെടാ കുഞ്ഞിരാമ"നായി മുഖ്യമന്ത്രി അധഃപതിച്ചു. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയെ താലത്തിലാക്കി ഉമ്മന്‍ചാണ്ടി പാണക്കാട്ടേക്ക് കൊണ്ടുപോയി കൊടുക്കും. പിറവത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബും മന്ത്രിസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ അടുത്തേക്കല്ല, പാണക്കാട്ടേക്കാണ് പോയത്. ലീഗ് തീവ്രവാദത്തിനെതിരായ മതേതരകൂട്ടായ്മ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete