Tuesday, April 3, 2012

നികുതിക്കു പിന്നാലെ ഇന്‍ഷുറന്‍സും കൂട്ടി


നികുതി വര്‍ധനയ്ക്കൊപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിച്ചത് വാഹന ഉടമകള്‍ക്ക് ഇരട്ടപ്രഹരമായി. ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് (അപകടത്തിനിരയാകുന്നവരുടെ പരിരക്ഷ) പ്രീമിയത്തില്‍ 30 ശതമാനംവരെയാണ് വര്‍ധന. സ്വകാര്യവാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നിരക്കില്‍ താരതമ്യേന കുറഞ്ഞ വര്‍ധനയാണ് വരുത്തിയതെങ്കില്‍ ചരക്കുവാഹനങ്ങള്‍, കാറുള്‍പ്പെടെയുള്ള ടാക്സിവാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഉടമകള്‍ക്ക് താങ്ങാവുന്നതിലും ഉയരത്തിലായി. ഓട്ടോറിക്ഷയ്ക്കാണ് നിരക്കുവര്‍ധനയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക.

പാസഞ്ചര്‍ ഓട്ടോയുടെ ഇന്‍ഷുറന്‍സ് നിരക്ക് 860ല്‍നിന്ന് 27.6 ശതമാനം വര്‍ധിച്ച് 1097 ആയി. ഒരു യാത്രക്കാരന് അടയ്ക്കേണ്ട പ്രീമിയം 500ല്‍നിന്ന് 525 ആയി. മുച്ചക്ര ചരക്ക് വാഹനങ്ങളുടെ പ്രീമിയം 32.4 ശതമാനം വര്‍ധിച്ച് നിലവിലെ 2,580ല്‍നിന്ന് 3415 ആയി. ഇരുചക്രവാഹനങ്ങളില്‍ 350 സിസിക്കു മുകളിലുള്ളവയെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ ഏറ്റവുമധികം വില്‍പ്പനയുള്ള രണ്ടു വിഭാഗങ്ങളില്‍ വര്‍ധനവരുത്തി. 75 സിസിമുതല്‍ 150 സിസി വരെയുള്ളവയുടെ പ്രീമിയം 330ല്‍നിന്ന് 357ഉം 150 സിസിമുതല്‍ 350 സിസിവരെ 330ല്‍നിന്ന് 355 രൂപയുമാക്കി. 75 സിസിയില്‍ താഴെയുള്ളവയ്ക്ക് 330ല്‍നിന്ന് 350 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 150 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ ഒറ്റവിഭാഗമായാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇത്തവണമുതല്‍ 75സിസിയില്‍ താഴെയും 75 മുതല്‍ 150 സിസിവരെയുള്ള രണ്ടു വിഭാഗങ്ങളായി തിരിച്ചു. ചരക്കുവാഹനങ്ങളുടെ പ്രീമിയം നിരക്കിലും വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ആകെ ഭാരം 7500 കിലോയില്‍ താഴെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് 10,902 രൂപ (നിലവില്‍ 9400), 12,000 മുതല്‍ 20,000 കിലോ ഭാരമുള്ളവ- 12,394 രൂപ (നിലവില്‍ 10260), 20,000 മുതല്‍ 40,000 വരെ ഭാരമുള്ളവ- 12,478രൂപ (നിലവില്‍ 10,550), 40,000നു മുകളില്‍ 12,529 രൂപ (നിലവില്‍ 11,410) എന്നിങ്ങനെയാണ് പ്രീമിയം വര്‍ധിച്ചത്.

ഓട്ടോ എല്‍പിജി വിലവര്‍ധന: ചെറുവാഹന ഉടമകള്‍ പ്രതിസന്ധിയില്‍

ഓട്ടോ എല്‍പിജി നിരക്ക് ലിറ്ററിന് 6.84 രൂപ കുത്തനെ വര്‍ധിപ്പിച്ചത് വാഹന ഉടമകള്‍ക്ക് ആഘാതമായി. പെട്രോളിന്റെ വിലവര്‍ധന സഹിക്കാനാവാതെ ഗ്യാസിലേക്കു മാറിയ ചെറു കാറുടമകളെയും ഓട്ടോറിക്ഷക്കാരെയുമാണ് നിരക്കുവര്‍ധന പ്രതിസന്ധിയിലാക്കുന്നത്. സ്കൂള്‍ ട്രിപ്പ് പോകുന്ന വാഹനങ്ങളും ടാക്സികളുമാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ എന്നതിനാല്‍ നിരക്കുവര്‍ധന സാധാരണക്കാരെയും ദോഷകരമായി ബാധിക്കും. വിലവര്‍ധനയെത്തുടര്‍ന്ന് ഓട്ടോ എല്‍പിജിയുടെ വില്‍പ്പനയും ഗണ്യമായി ഇടിഞ്ഞു.

തുടക്കത്തില്‍ ലിറ്ററിന് 24 രൂപയായിരുന്ന എല്‍പിജിയാണ് ഇതിനകം ഇരട്ടിയിലേറെയായത്. അന്ന് പെട്രോളിന് 42 രൂപയായിരുന്നു വില. കൊച്ചിയില്‍ ലിറ്ററിന് 44.45 രൂപയായിരുന്ന എല്‍പിജിക്ക് ഞായറാഴ്ച മുതല്‍ 51.29 രൂപയായാണ് വര്‍ധിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിരക്കു വര്‍ധിക്കുന്നത്. ഇത്രയേറെ ഉയരുന്നതും ഇതാദ്യമാണ്. 2012 ജനുവരിയില്‍ 40.75 രൂപയായിരുന്ന എല്‍പിജി ഫെബ്രുവരിയില്‍ 42 രൂപയാക്കി ഉയര്‍ത്തി. മാര്‍ച്ചില്‍ 44.45 രൂപയായും കൂട്ടി. ഇതാണ് ഇപ്പോഴത്തെ 51.29 എന്ന നിരക്കില്‍ എത്തിയത്. 51.92 രൂപയാണ് തിരുവനന്തപുരത്തെ നിരക്ക്. പെട്രോളിന്റെ പകുതിയോളം മാത്രം വിലയുണ്ടായിരുന്ന എല്‍പിജി ഇപ്പോള്‍ എറെ വ്യത്യാസമില്ലാത്ത നിലയിലായിട്ടുണ്ട്.

എറണാകുളത്തെ ആദ്യ സ്വകാര്യ ഓട്ടോ എല്‍പിജി പമ്പായ തമ്മനം ടിവിഎ ഫ്യൂവല്‍സില്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്ന ഞായറാഴ്ചമാത്രം ഏതാണ്ട് 900 ലിറ്റര്‍ എല്‍പിജിയുടെ വില്‍പ്പന കുറഞ്ഞെന്ന് പമ്പുടമ ടി വി അലിയാര്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ 1700-1800 ലിറ്റര്‍ എല്‍പിജി വില്‍ക്കുന്ന ഇവിടെ ഞായറാഴ്ച വിറ്റത് കേവലം 900 ലിറ്റര്‍ മാത്രമാണ്. ആറുവര്‍ഷം മുമ്പ് പമ്പ് ആരംഭിച്ചപ്പോള്‍ ദിവസം 9000 ലിറ്റര്‍വരെ എല്‍പിജി വിറ്റിരുന്നു. അടിക്കടിയുള്ള വിലക്കയറ്റവും നികുതിവര്‍ധനയും മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. പ്രതിമാസം 300 ലിറ്റര്‍ എല്‍പിജി ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് 1800 രൂപയുടെ അധിക ബാധ്യത ഉണ്ടാകും. ടാക്സി ഉടമകളെയും മറ്റും ഇത് പ്രതിസന്ധിയിലാക്കുമെന്ന് എറണാകുളം സെമിത്തേരിമുക്കിലെ സോണി ട്രാവല്‍സ് ഉടമ സോണി ജോര്‍ജ് പറഞ്ഞു. പെട്രോളിനെക്കാള്‍ ലാഭമെന്ന പരിഗണനയിലാണ് കൂടുതല്‍ പണംമുടക്കി ഗ്യാസ്കിറ്റ് ഘടിപ്പിച്ച് ചെറുകാറുകളും മാരുതി വാനുകളും മറ്റും എല്‍പിജിയിലേക്കു മാറുന്നത്. ഇതിനായി ശരാശരി 18,000-20,000 രൂപ ചെലവുമുണ്ട്. നിലവില്‍ ചില കാര്‍ കമ്പനികള്‍ എല്‍പിജിയിലും ഓടിക്കാവുന്ന വണ്ടികള്‍ ഇറക്കുന്നുണ്ട്. തുടക്കത്തില്‍ പെട്രോള്‍വാഹനങ്ങളേക്കാള്‍ 40 ശതമാനംവരെ ആദായമാണ് എല്‍പിജി വാഹനങ്ങള്‍ക്കു ലഭിച്ചിരുന്നത്. എന്നാല്‍ ഈ അന്തരം ഇപ്പോള്‍ പേരിനു മാത്രമായി. വിലവര്‍ധന സബ്സിഡിയുള്ള ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറുകള്‍ അനധികൃതമായി ഉപയോഗിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു.

deshabhimani 030412

1 comment:

  1. നികുതി വര്‍ധനയ്ക്കൊപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിച്ചത് വാഹന ഉടമകള്‍ക്ക് ഇരട്ടപ്രഹരമായി. ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് (അപകടത്തിനിരയാകുന്നവരുടെ പരിരക്ഷ) പ്രീമിയത്തില്‍ 30 ശതമാനംവരെയാണ് വര്‍ധന. സ്വകാര്യവാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നിരക്കില്‍ താരതമ്യേന കുറഞ്ഞ വര്‍ധനയാണ് വരുത്തിയതെങ്കില്‍ ചരക്കുവാഹനങ്ങള്‍, കാറുള്‍പ്പെടെയുള്ള ടാക്സിവാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഉടമകള്‍ക്ക് താങ്ങാവുന്നതിലും ഉയരത്തിലായി. ഓട്ടോറിക്ഷയ്ക്കാണ് നിരക്കുവര്‍ധനയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക.

    ReplyDelete