Monday, April 16, 2012

കൈത്തറി വ്യവസായം, കയര്‍മേഖല പ്രതിസന്ധിയില്‍


ബാലരാമപുരം: കൈത്തറിനെയ്ത്തിന് ആവശ്യമായ പാവ്, നൂല്‍, കസവ്, ചായം, രാസപദാര്‍ഥങ്ങള്‍, തറിസാധനങ്ങള്‍ എന്നിവയുടെ വിലക്കയറ്റം കൈത്തറിവ്യവസായത്തെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടരമാസത്തിനുള്ളില്‍ പാവിന്റെ വിലയില്‍ 45 മുതല്‍ 63 ശതമാനംവരെ വിലവര്‍ധനയുണ്ടായി. നൂല്‍ ഇനങ്ങളുടെ വിലയും 35 മുതല്‍ 45 ശതമാനംവരെയും കസവുവില 80 ശതമാനംവരെയും ഉയര്‍ന്നു. വിലവര്‍ധന ചെറുകിട കൈത്തറിനെയ്ത്ത് മേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയാണ്.

അയ്യായിരത്തി അഞ്ഞൂറ് രൂപയായിരുന്ന 100-ാംനമ്പര്‍ പാവിന്റെ ഇപ്പോഴത്തെ വില 8000 രൂപയാണ്. 90-ാംനമ്പര്‍ പാവിന്റെ വില 4100ല്‍നിന്ന് 6700 ആയി. 80-ാംനമ്പര്‍ പാവുവില 3700 ആയിരുന്നത് 5500 രൂപയായി. ഒരുകെട്ട് (30 കഴി) 60-ാംനമ്പര്‍ നൂലിന്റെ വില 950 രൂപയില്‍നിന്ന് 1350 ആയി ഉയര്‍ന്നു. 80-ാംനമ്പര്‍ നൂല്‍ ഒരു കെട്ടിന് (20 കഴി) 500 രൂപയായിരുന്നത് 700 രൂപയായി. 100-ാംനമ്പര്‍ നൂലിന് ഒരു കെട്ടിന്റെ (25 കഴി) വില 700 രൂപയില്‍നിന്ന് 950 രൂപയായി. 300 രൂപയായിരുന്ന ഒരു മാര്‍ക്ക് കസവിന്റെ ഇപ്പോഴത്തെ വില 650 രൂപയാണ്. ബാലരാമപുരത്തെ ചെറുകിടനെയ്ത്തുകാരും നെയ്ത്ത് ഉടമകളും പാവിനും നൂലിനും മുഖ്യമായി ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നൂല്‍ ബാങ്കുകള്‍ ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ മേല്‍ത്തരം നൂല്‍ ഇവിടെനിന്ന് ലഭിക്കുന്നില്ല.
(ബാലരാമപുരം കൃഷ്ണന്‍കുട്ടി)

ചൂഷണം രൂക്ഷമാകുന്നു; കയര്‍മേഖല പ്രതിസന്ധിയില്‍

ചാത്തന്നൂര്‍: കുത്തക മുതലാളിമാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തെതുടര്‍ന്ന് കയര്‍മേഖല വന്‍ പ്രതിസന്ധിയിലേക്ക്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാര്‍ഗമായ കയര്‍മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കയര്‍വ്യവസായം ഇന്ന് നാമമാത്രമാണ്. തീരദേശമേഖലകളിലെ കയര്‍വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന പരവൂരില്‍ ഇന്ന് സ്ഥിതിയാകെ മാറി. ഏതാനും സംഘങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ഇവരാകട്ടെ നിലനില്‍പ്പിനായി പോരാടുകയാണ്. പരവൂര്‍ കായലില്‍ തൊണ്ടഴുക്കി ചകിരിയാക്കി ചക്രംചവുട്ടി പരമ്പരാഗത ശൈലിയില്‍ കയര്‍ പിരിച്ചിരുന്ന കാലവും അവസാനിച്ചു.

അന്യംനിന്നു തുടങ്ങിയ കയര്‍മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൊണ്ടുവന്നത് ഈ മേഖലയ്ക്ക് ഉണര്‍വേകി. തൊണ്ടുസംഭരണത്തിന് പ്രത്യേകം പാക്കേജുകള്‍ ഏര്‍പ്പാടാക്കി. താരതമ്യേന തുച്ഛമായിരുന്ന കയര്‍തൊഴിലാളികളുടെ കൂലി ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 210 രൂപയാക്കി. രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ കയര്‍സംരംഭകര്‍ക്ക് കയര്‍ഫെഡ് മുഖേന കയര്‍ വിറ്റഴിക്കാനും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൂലി ഉറപ്പാക്കാനും കഴിഞ്ഞു. കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ സബ്സിഡി നിരക്കില്‍ ചകിരി എത്തിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. പൊള്ളാച്ചി, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ ചകിരി നേരിട്ട് കേരളത്തിലെത്തിച്ച് രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സംരംഭകര്‍ക്കും സംഘങ്ങള്‍ക്കും നല്‍കിയിരുന്നു. തൊണ്ട്സംഭരണം പാളിയതാണ് ചകിരിക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. കര്‍ഷകര്‍ തെങ്ങ്കൃഷിയില്‍നിന്ന് മാറിയതും കയര്‍മേഖലയ്ക്ക് തിരിച്ചടിയായി. പച്ചത്തൊണ്ടില്‍നിന്ന് ചകിരി വേര്‍തിരിച്ചെടുക്കുന്നതിനുള്ള നവീനമായ യന്ത്രങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ഇവയെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്.

 പരവൂര്‍, കരുനാഗപ്പള്ളി, കുണ്ടറ, മണ്‍ട്രോത്തുരുത്ത് തുടങ്ങി കടലോര തീരപ്രദേശങ്ങളിലാണ് പ്രധാനമായും കയര്‍വ്യവസായം ഉണ്ടായിരുന്നത്. പരവൂര്‍ പൊഴിക്കരയില്‍ മണിയംകുളം പാലത്തിന് സമീപമുള്ള ജില്ലയിലെ തന്നെ ആദ്യത്തെ യന്ത്രവല്‍കൃത സ്വകാര്യ കയര്‍ഫാക്ടറിയും നിലനില്‍പ്പിനായി കഷ്ടപ്പെടുകയാണ്. കുറഞ്ഞ കൂലിയും സമൂഹത്തിലെ ഒറ്റപ്പെടലുകളുമാകാം സ്ത്രീത്തൊഴിലാളികള്‍ കയര്‍മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാസെക്രട്ടറി കെ പി കുറുപ്പ് പറഞ്ഞു.
(ആര്‍ മോഹന്‍ദാസ്)

deshabhimani 160412

No comments:

Post a Comment