Wednesday, April 4, 2012

തെളിയുന്നത് മുതലാളിത്ത ദൗര്‍ബല്യം: കാരാട്ട്

ധനമൂലധനം നയിക്കുന്ന മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസമെന്നത് വിദൂരമല്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമീപഭാവിയില്‍തന്നെ യാഥാര്‍ഥ്യമാകുന്ന ഒന്നാണ് സോഷ്യലിസം. അത് 20-ാംനൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ദോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ്- കാരാട്ട് പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി (ടൗണ്‍ ഹാള്‍)ല്‍ "സോഷ്യലിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, വിയത്നാം, ക്യൂബ എന്നീ രാജ്യങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സോഷ്യലിസം പരിഷ്കരിക്കുകയാണ്. ജനങ്ങളെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സോഷ്യലിസത്തിന്റെ കരുത്താണ് സോവിയറ്റ് യൂണിയനില്‍ കണ്ടത്. തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളില്‍ നേട്ടമുണ്ടാക്കാനും സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. സാമ്രാജ്യത്വനുകത്തിനുകീഴില്‍ നരകിച്ച രാജ്യങ്ങളെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ ഇത് പ്രേരണ നല്‍കി. രണ്ടു ദശകംമുമ്പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ മുതലാളിത്തത്തിന്റെ മഹാവിജയവും ചരിത്രത്തിന്റെ അന്ത്യവും പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നാണ് ചര്‍ച്ചചെയ്യുന്നത്. മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക സാമ്പത്തികഫോറത്തിന്റെ യോഗത്തില്‍പ്പോലും മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നും അത് നിലനില്‍ക്കുന്നതാണോ എന്നുമാണ് ചര്‍ച്ച നടത്തിയത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് നിലനില്‍പ്പില്ലെന്ന് സിപിഐ എം അക്കാലത്ത് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്ന് ആക്ഷേപിക്കുകയായിരുന്നു. ആഗോളവല്‍ക്കരണം ലോകമെങ്ങും അസമത്വമാണ് സൃഷ്ടിച്ചത്. അമേരിക്കയില്‍ ഒരു ശതമാനം സമ്പന്നരാണ് ആ രാജ്യത്തിന്റെ 40 ശതമാനം സ്വത്തും കൈയാളുന്നത്. ലോകത്തിലെ 200 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്നതുതന്നെ മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. മനുഷ്യന്റെ നിലനില്‍പ്പിനുമാത്രമല്ല, ലോകത്തിന്റെ പരിസ്ഥിതിക്കുതന്നെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന മുതലാളിത്തം ഭീഷണിയാണ്.

ചൂഷണം കൂടുതല്‍ തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ ഒഴിവാക്കിയുമാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളിലും ഭരണാധികാരികളെ നിര്‍ണയിക്കുന്നത് ബാങ്കുകളാണ്. 1930കളിലെ മാന്ദ്യകാലത്തും ഫാസിസവും നാസിസവും വളര്‍ന്നതിന് സമാനമാണിത്. മുതലാളിത്തത്തിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തൊഴിലാളി-കര്‍ഷക സഖ്യം അനിവാര്യമാണ്. സ്ത്രീകള്‍ക്കും ഈ സമരത്തില്‍ ഗണ്യമായ പങ്കുവഹിക്കാനുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ തൊഴില്‍ശക്തിയുടെ 60 ശതമാനവും സ്ത്രീകളാണ്. പുതിയ കാലത്തെ സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ അഞ്ച് കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യവല്‍ക്കരണവും അതിന്റെ പൊതു ഉടമാവകാശവുമാണ് ആദ്യത്തേത്. ചരക്കുല്‍പ്പാദന കമ്പോളത്തിന്റെ നിലനില്‍പ്പാണ് രണ്ടാമത്തേത്. വികേന്ദ്രീകരിക്കപ്പെട്ടതും ആസൂത്രിതവുമായ സമ്പദ്ഘടന, സാമ്രാജ്യത്വ ഇടപെടലുകളെ ചെറുക്കാന്‍ ശേഷിയുള്ള ജനാധിപത്യം, പാര്‍ടിയും ഭരണകൂടവും തമ്മിലുള്ള കൃത്യമായ വിഭജനം എന്നിവയാണ് മറ്റു മൂന്ന് ഘടകങ്ങള്‍- കാരാട്ട് പറഞ്ഞു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അബലാര്‍ഡോ ക്യൂട്ടോ സോസ, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

എന്‍ എസ് സജിത് deshabhimani 040412

1 comment:

  1. ധനമൂലധനം നയിക്കുന്ന മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസമെന്നത് വിദൂരമല്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമീപഭാവിയില്‍തന്നെ യാഥാര്‍ഥ്യമാകുന്ന ഒന്നാണ് സോഷ്യലിസം. അത് 20-ാംനൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ദോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ്- കാരാട്ട് പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി (ടൗണ്‍ ഹാള്‍)ല്‍ "സോഷ്യലിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete