Wednesday, April 4, 2012

അഞ്ചാം മന്ത്രിസ്ഥാനം: "ക്ലാരിറ്റി" പോരെന്ന് ചെന്നിത്തല


അഞ്ചാംമന്ത്രി വേണ്ട: കെപിസിസി

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം ഒരു കാരണവശാലും അംഗീകരിക്കരുതെന്ന് കെപിസിസി നേതൃയോഗത്തില്‍ ധാരണ. അഞ്ചാംമന്ത്രി സ്ഥാനത്തെ ചൊല്ലി ലീഗ് ഉയര്‍ത്തിയ വെല്ലുവിളി തള്ളണമെന്ന് യോഗം ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് യോഗം അവസാനിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ബുധനാഴ്ച ഡല്‍ഹിക്കുപോകും. അഞ്ചാം മന്ത്രി പ്രശ്നത്തില്‍ കെപിസിസിയില്‍ ധാരണയിലെത്തിയശേഷം ഹൈക്കമാന്‍ഡുമായി ആശയവിനിമയംനടത്തി അന്തിമതീരുമാനം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ലീഗിന് നല്‍കിയ ഉറപ്പാണ് ചൊവ്വാഴ്ചത്തെ യോഗത്തോടെ തകിടം മറിഞ്ഞത്.

രാവിലെ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്തയോഗത്തിലും ഉച്ചയ്ക്കുശേഷം നടന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലും ലീഗിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ്, കെ സുധാകരന്‍, ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് ആഞ്ഞടിച്ചത്. ലീഗിന് ഇപ്പോള്‍ കീഴടങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് വഴിവയ്ക്കും. അഞ്ചാംമന്ത്രി പ്രശ്നവും അനൂപ് ജേക്കബ്ബിന്റെ മന്ത്രിസഭാ പ്രവേശവും കൂട്ടികുഴക്കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചെന്നിത്തലയാണ് യോഗത്തില്‍ മുസ്ലിംലീഗിന്റെ ആവശ്യം ഉന്നയിച്ചത്. ചര്‍ച്ച തുടങ്ങിയ എം ഐ ഷാനവാസ് ഇത് കൈയ്യോടെ എതിര്‍ത്തു. തുടര്‍ന്ന് പ്രസംഗിച്ചവരെല്ലാം എതിര്‍പ്പിന്റെ മൂര്‍ച്ചകൂട്ടിയതോടെ നേതൃയോഗം ചൂടുപിടിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എം ഹസന്‍, സി പി മുഹമ്മദ്, അജയ് തറയില്‍ തുടങ്ങിയവരും ലീഗിന്റെ ആവശ്യത്തെ എതിര്‍ത്തു.
ഉച്ചകഴിഞ്ഞ് രാഷ്ട്രീയ കാര്യസമിതി യോഗത്തിലും എതിര്‍പ്പ് തുടര്‍ന്നു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി എം സുധീരന്‍ എന്നിവരാണ് അഞ്ചാംമന്ത്രി സ്ഥാനം നല്‍കരുതെന്ന് വാദിച്ചത്. ഗ്രൂപ്പ് ഭേദമില്ലാതെ എല്ലാവരും രംഗത്ത് വന്നതോടെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായി പ്രഖ്യാപിച്ച് നേതൃയോഗം തലയൂരി. യോഗത്തിന്റെ പൊതുവികാരം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും ചുമതലപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനും നേതൃയോഗം തീരുമാനിച്ചു. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കെ മുരളീധരനും വി എം സുധീരനും മാത്രമാണ് എതിര്‍ത്തത്. സെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് തീരുമാനം.
(കെ ശ്രീകണ്ഠന്‍)

അഞ്ചാം മന്ത്രിസ്ഥാനം: "ക്ലാരിറ്റി" പോരെന്ന് ചെന്നിത്തല

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെപ്പറ്റി വ്യക്തത പോരെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ കാര്യത്തില്‍ "ക്ലാരിറ്റി" വരുത്തേണ്ടതുണ്ട്. എഐസിസി നേതൃത്വവുമായി ഈ കാര്യം ചര്‍ച്ചചെയ്ത് ഒരു തീരുമാനമെടുക്കാന്‍ ബുധനാഴ്ച താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിക്കുപോകും. ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി നേതൃയോഗങ്ങള്‍ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യം കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് ലീഗ് ഔദ്യോഗികമായി ഉന്നയിച്ചത്. ഘടക കക്ഷി എന്ന നിലയില്‍ ഏതാവശ്യവും ഉന്നയിക്കാന്‍ ലീഗിന് അവകാശമുണ്ട്. എന്നാല്‍, വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കാനാവുകയുള്ളൂ. അനൂപ് ജേക്കബിന്റെയും ലീഗിന്റെ അഞ്ചാം മന്ത്രിയുടെയും സത്യപ്രതിജ്ഞ ഒരേ ദിവസം നടത്തണമോ എന്നൊക്കെയുള്ള തീരുമാനം എഐസിസിയാണ് എടുക്കേണ്ടത്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം തെരഞ്ഞെടുപ്പ് തീയതി വന്നശേഷം പ്രഖ്യാപിക്കും. സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥി എന്നരീതിയില്‍ പ്രചാരണം ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സെല്‍വരാജിന്റെ സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കാനും പ്രഖ്യാപിക്കാനും ചീഫ് വിപ്പ് പി സി ജോര്‍ജിന് ആരും അധികാരം കൊടുത്തിട്ടില്ലെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസാണ്. അതിന് മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. പി സി ജോര്‍ജ് പറയുന്നതിനെല്ലാം മറുപടി പറയാന്‍ താനില്ല. മന്ത്രി ഗണേശ്കുമാറും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്നും ചെന്നിത്തല പറഞ്ഞു.

ലീഗ് പുതിയ സമ്മര്‍ദ്ദ തന്ത്രത്തിന്

മലപ്പുറം: അഞ്ചാം മന്ത്രിക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മുസ്ലിംലീഗ് വന്‍ പ്രതിസന്ധിയില്‍. പുതിയ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുള്ള പുറപ്പാടിലാണ് ലീഗ് നേതൃത്വം. കെപിസിസി യോഗത്തിന്റെ പൊതുവികാരം ലീഗിന് എതിരായിരിക്കെ ഹൈക്കമാന്‍ഡില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകില്ലെന്നും ലീഗ് കരുതുന്നു. അങ്ങനെയെങ്കില്‍ ഏതുമാര്‍ഗം അവലംബിച്ചും അഞ്ചാം മന്ത്രിസ്ഥാനം നേടണമെന്ന ആലോചനയാണ് ലീഗില്‍ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തിയാണെങ്കിലും ഇനി പിറകോട്ട് പോകേണ്ടതില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പാര്‍ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കയാണ്.

അഞ്ചാം മന്ത്രി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ലീഗിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത് ലീഗിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മന്ത്രിക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് യോഗശേഷം മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ അവകാശപ്പെട്ടത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഔപചാരിക സമ്മതമേ അവശേഷിക്കുന്നുള്ളൂ എന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍, വിഷയം കോണ്‍ഗ്രസില്‍ പോലും വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടില്ലായിരുന്നെന്നതിന്റെ സൂചനയായി കെപിസിസി യോഗം. അഞ്ചാം മന്ത്രിക്കാര്യത്തില്‍ തീരുമാനം അനന്തമായി നീളുന്നത് ഏറെനാളായി ലീഗില്‍ നിലനില്‍ക്കുന്ന ആഭ്യന്തര സംഘര്‍ഷംമൂര്‍ഛിപ്പിക്കും. ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ടി ഔദ്യോഗിക നേതൃത്വത്തിനെതിരെയുള്ള ആയുധമായി മന്ത്രിക്കാര്യം ഉപയോഗിക്കുകയാണ്.

ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കെപിസിസി യോഗത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത് മന്ത്രി ആര്യാടന്‍ മുഹമ്മദും ഡിസിസി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞുമാണ് ലീഗിന് കീഴടങ്ങേണ്ടതില്ലെന്ന് തുറന്നടിച്ചത്. അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടിയെന്നുവരെ ആര്യാടന്‍ പറഞ്ഞതായാണ് വിവരം.

deshabhimani 040412

1 comment:

  1. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം ഒരു കാരണവശാലും അംഗീകരിക്കരുതെന്ന് കെപിസിസി നേതൃയോഗത്തില്‍ ധാരണ. അഞ്ചാംമന്ത്രി സ്ഥാനത്തെ ചൊല്ലി ലീഗ് ഉയര്‍ത്തിയ വെല്ലുവിളി തള്ളണമെന്ന് യോഗം ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് യോഗം അവസാനിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ബുധനാഴ്ച ഡല്‍ഹിക്കുപോകും. അഞ്ചാം മന്ത്രി പ്രശ്നത്തില്‍ കെപിസിസിയില്‍ ധാരണയിലെത്തിയശേഷം ഹൈക്കമാന്‍ഡുമായി ആശയവിനിമയംനടത്തി അന്തിമതീരുമാനം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ലീഗിന് നല്‍കിയ ഉറപ്പാണ് ചൊവ്വാഴ്ചത്തെ യോഗത്തോടെ തകിടം മറിഞ്ഞത്.

    ReplyDelete