Sunday, April 1, 2012

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പിണറായി


സിപിഐ എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജണ്ടയുടെ ഗൗരവം കൊണ്ടും, അവേശകരമായ ജനപങ്കാളിത്തം കൊണ്ടും പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര സംഭവമായിരിക്കും. പ്രതിനിധികള്‍ ഞായറാഴ്ച മുതല്‍ എത്തി തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ 734 പ്രതിനിധികള്‍, 70 നിരീക്ഷകര്‍, 11 തലമുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ നാലിന് രാവിലെ 9.30ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കും.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ സുര്‍ജിത്ത്-ജ്യോതി ബാസു നഗറിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സമാപന സമ്മേളനം ഏപ്രില്‍ ഒമ്പതിന് കോഴിക്കോട് കടപ്പുറത്ത് എം കെ പാന്ഥെ നഗറില്‍ നടക്കും. കാല്‍ലക്ഷം വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് സംഘടിപ്പിക്കും. പതാക ജാഥ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന പുന്നപ്ര-വയലാറില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ പ്രയാണം തുടങ്ങി. കയ്യൂരില്‍ നിന്ന് പി കരുണാകരന്‍ നയിക്കുന്ന കൊടിമര ജാഥ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒഞ്ചിയത്ത് നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ നയിക്കുന്ന ദീപശിഖാ ജാഥ തിങ്കളാഴ്ച പ്രയാണം തുടങ്ങും.

പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തും. ദീപശിഖ സൂര്‍ജിത്- ജ്യോതി ബസു നഗറില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, എളമരം കരീം, വി വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

എല്ലാ വഴികളും കോഴിക്കോട്ടേക്ക്

കോഴിക്കോട്: എല്ലാ വഴികളും എല്ലാ കണ്ണുകളും കോഴിക്കോട്ടേക്ക്- കേരളത്തിന്റെയും ഇന്ത്യയുടെയാകെയും ശ്രദ്ധാകേന്ദ്രമായി കോഴിക്കോട് മാറുകയാണ്. ബഹുജനമുന്നേറ്റത്തില്‍ ഉജ്വല ഏടായി ഉയര്‍ന്ന സിപിഐ എം 13-ാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യമരുളി കാല്‍നൂറ്റാണ്ട് തികയാനിരിക്കെയാണ് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പൊരുതുന്ന പ്രസ്ഥാനത്തിന്റെ സാരഥികള്‍ കോഴിക്കോട്ട് ഒത്തുചേരുന്നത്. ഫെബ്രുവരിയില്‍ തലസ്ഥാന നഗരിയില്‍ ജനസാഗരം തീര്‍ത്ത സംസ്ഥാന സമ്മേളനത്തിന്റെ അനുഭവവുമായി, ഏപ്രില്‍ ആദ്യവാരത്തില്‍ 20-ാം പാര്‍ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് ആതിഥ്യമരുളുമ്പോള്‍ കേരളത്തിലെ പ്രസ്ഥാനം പുത്തന്‍ കുതിപ്പിലാണ്.
 
സാമ്രാജ്യാധിപത്യത്തിനും മുതലാളിത്തത്തിന്റെ നിഷ്ഠുരമായ കടന്നാക്രമണങ്ങള്‍ക്കും വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ രാജ്യമെങ്ങും ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനും നേതൃത്വം നല്‍കുന്നവരെ എതിരേല്‍ക്കാന്‍, തീക്ഷ്ണാനുഭവങ്ങളുടെ കരുത്തുമായാണ് കേരളത്തിലെ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും ബഹുജനങ്ങളും ഒരുങ്ങുന്നത്. സാധാരണക്കാരായ ജനലക്ഷങ്ങള്‍ അളവില്ലാത്ത വികാരവായ്പോടെയാണ് സിപിഐ എമ്മിനെ നെഞ്ചേറ്റുന്നത്. അടിമസമാനമായ ജീവിതത്തിന് അവസാനമുണ്ടാക്കിയ; ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ക്കപ്പുറം എല്ലാ മനുഷ്യര്‍ക്കും അന്തസ്സായി ജീവിക്കാനുള്ള സാമൂഹ്യ- രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച, വര്‍ഗീയതയുടെ തീനാമ്പുകളില്‍നിന്ന് മതന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ജീവിതം നല്‍കി രക്ഷാകവചമൊരുക്കിയ ചെങ്കൊടിയെ ഹൃദയപതാകയായി സ്വീകരിച്ചവരുടെ അണമുറിയാത്ത ഒഴുക്കിനാണ് കോഴിക്കോട് വേദിയാകുന്നത്. സിപിഐ എമ്മിന്റെ ബഹുജനസ്വാധീനവും കരുത്തും ഇടപെടല്‍ശേഷിയും വര്‍ധിക്കേണ്ടത് സ്വന്തം ആവശ്യമായി കാണുന്ന അവര്‍, പാര്‍ടിയുടെ പരമോന്നതസമ്മേളനത്തിന് സാക്ഷിയാകാന്‍ കൂട്ടത്തോടെ എത്തുന്നു. അരാജക- അരാഷ്ട്രീയവാദികളും ഇടതുപക്ഷവേഷമണിഞ്ഞ കാപട്യക്കാരും പിന്തിരിപ്പന്‍ശക്തികളും മാധ്യമങ്ങളും അഴിച്ചുവിടുന്ന നാനാവിധത്തിലുള്ള പ്രചാരണങ്ങള്‍ ആരെയും പിന്തിരിപ്പിക്കുന്നില്ല. വര്‍ധിതവീര്യത്തോടെയാണ് വീടുകളിലും അഭിമാനത്തോടെ ചെങ്കൊടി ഉയര്‍ത്തി ജനങ്ങള്‍ മഹാസമ്മേളനത്തില്‍ ഭാഗഭാക്കാകുന്നത്; ഉറ്റവരുമായി നഗരത്തിലെത്തി അനുബന്ധപരിപാടികളില്‍ പങ്കാളികളാകുന്നത്. അനുബന്ധപരിപാടികള്‍ നടക്കുന്ന വേദികളിലെല്ലാം ജനപ്രവാഹമാണ്.

പാലക്കാട്ട് 1956 ഏപ്രില്‍ 19 മുതല്‍ 29 വരെ ചേര്‍ന്ന നാലാം പാര്‍ടി കോണ്‍ഗ്രസും 1968 ഡിസംബര്‍ 23 മുതല്‍ 29 വരെ കൊച്ചിയില്‍ ചേര്‍ന്ന എട്ടാം പാര്‍ടി കോണ്‍ഗ്രസും സംസ്ഥാനത്ത് പാര്‍ടിയുടെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജമേകി. 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ തിരുവനന്തപുരത്ത് നടന്ന 13-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയുടെ സുദൃഢമായ അടിത്തറയുടെയും ബഹുജനപിന്തുണയുടെയും പ്രഖ്യാപനമായിരുന്നു. തലസ്ഥാന നഗരം അന്നുവരെ കാണാത്ത ബഹുജനമുന്നേറ്റമാണ് അന്നുണ്ടായത്. പ്രവര്‍ത്തനം നിരോധിച്ചും പ്രവര്‍ത്തകരെയും നേതാക്കളെയും വകവരുത്തിയും പാര്‍ടിയുടെ വളര്‍ച്ച തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ പിന്നീട് വ്യാജപ്രചാരണങ്ങളിലൂടെ വിവിധ വിഭാഗം ജനങ്ങളെ പാര്‍ടിയില്‍നിന്ന് അകറ്റാന്‍ നോക്കി. മതന്യൂനപക്ഷങ്ങള്‍ക്കെതിരാണ് പാര്‍ടിയെന്നും പ്രചരിപ്പിച്ചു. പ്രസ്ഥാനത്തെ തളര്‍ത്താന്‍ നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്തുന്ന രീതി പരീക്ഷിച്ചു. എന്നാല്‍, എല്ലാതരത്തിലുള്ള കടന്നാക്രമണങ്ങളും അതിജീവിക്കുന്നതിനും സിപിഐ എമ്മിന്റെ സ്വീകാര്യതയും കരുത്തും വര്‍ധിക്കുന്നതിനുമാണ് നാട് സാക്ഷിയായത്.

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ വിജയത്തിനായി സമൂഹത്തിന്റെ എല്ലാതുറകളിലും പെട്ടവര്‍ ഏകമനസ്സോടെ രംഗത്തുണ്ട്. തൊഴിലുപേക്ഷിച്ച് രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുണ്ട്. സമാനതയില്ലാത്ത ബഹുജനപ്രവാഹമായി മാറാന്‍ പോകുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ വിജയം, കേരളത്തില്‍ പാര്‍ടിയുടെ അടിത്തറയ്ക്ക് ഇനിയും കരുത്തേകും. കേരളീയ സമൂഹത്തിന്റെ പൊതുവായ വളര്‍ച്ച സാധ്യമാകുംവിധം സിപിഐ എമ്മിന്റെ കരുത്തും സ്വീകാര്യതയും വര്‍ധിപ്പിക്കാനുള്ള സംസ്ഥാനസമ്മേളന തീരുമാനത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാകും 20-ാം കോണ്‍ഗ്രസിന്റെ വിജയമെന്ന് സമ്മേളന നഗരിയില്‍ പതാക ഉയരുംമുമ്പുതന്നെ ഉറപ്പാകുന്നു.
(കെ എം മോഹന്‍ദാസ്)

deshabhimani news

1 comment:

  1. സിപിഐ എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജണ്ടയുടെ ഗൗരവം കൊണ്ടും, അവേശകരമായ ജനപങ്കാളിത്തം കൊണ്ടും പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര സംഭവമായിരിക്കും. പ്രതിനിധികള്‍ ഞായറാഴ്ച മുതല്‍ എത്തി തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ 734 പ്രതിനിധികള്‍, 70 നിരീക്ഷകര്‍, 11 തലമുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ നാലിന് രാവിലെ 9.30ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കും

    ReplyDelete