Tuesday, April 3, 2012

മന്ത്രി മൗനത്തിലാകുമ്പോള്‍ സൈന്യാധിപന്‍ സംസാരിക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍


സംസാരിക്കേണ്ടുന്ന കേന്ദ്രമന്ത്രി മൗനം പാലിക്കുമ്പോള്‍ സൈന്യാധിപന്‍ സംസാരിക്കുന്നത് ജനാധിപത്യത്തില്‍ നല്ല പ്രവണതയല്ലെന്ന് മാധ്യമപ്രവര്‍ത്തകനും നിയമവിദഗ്ധനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തിയ "ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രാഷ്ട്രത്തില്‍ പ്രതിരോധ വകുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമായ കേന്ദ്രമന്ത്രിയാണ്. എന്നാല്‍ ആ മന്ത്രി മൗനം ദീക്ഷിക്കുമ്പോള്‍ സൈന്യാധിപന്‍ സംസാരിക്കുന്നു. മന്ത്രി മൗനം പാലിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. നീതിക്കായി സാധാരണക്കാരന് കോടതികളെ സമീപിക്കാനാവാത്ത അവസ്ഥയാണ്. സുപ്രീംകോടതി പാവങ്ങള്‍ക്ക് അപ്രാപ്യമായിക്കഴിഞ്ഞു. നിയമത്തിന്റെ രക്ഷതേടി അവിടെ പോകാന്‍ അരക്കോടിയിലേറെ ചെലവ് വരും. അബ്ദുള്‍ നാസര്‍ മഅ്ദനി ജയിലില്‍ 4000 ദിവസം പിന്നിട്ടു. അദ്ദേഹത്തെ എന്തിനാണ് ജയിലിലിട്ടിരിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഇതുവരെയായിട്ടില്ല. ഇതിനകം തന്നെ കോടതിയെ സമീപിക്കാന്‍ മാത്രമായി 60 ലക്ഷം ചെലവിട്ടുകഴിഞ്ഞു. ജുഡീഷ്യറി കൂടുതല്‍ അധികാരങ്ങള്‍ കവരുന്നതും ഗുണകരമല്ല- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കത്ത് ചോര്‍ത്തിയത് ജന.സിങ്ങല്ലെന്ന് ഐബി

ന്യൂഡല്‍ഹി: രാജ്യരക്ഷാ സംവിധാനത്തിലെ വീഴ്ചയും ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രിയുടെ പങ്കും ചൂണ്ടിക്കാട്ടി ജനറല്‍ വി കെ സിങ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനയച്ച കത്ത് ചോര്‍ന്നത് പ്രതിരോധമന്ത്രാലയത്തില്‍ നിന്നുതന്നെയെന്ന് വ്യക്തമാകുന്നു. ജനറല്‍ വി കെ സിങ്ങോ അദ്ദേഹവുമായി ബന്ധമുള്ളവരോ അല്ല കത്ത് ചോര്‍ത്തിയതെന്ന് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണത്തില്‍ ബോധ്യമായി. ജനറല്‍ സിങ്ങാണ് കത്ത് ചോര്‍ത്തിയതെന്ന തരത്തില്‍ കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് പല രാഷ്ട്രീയപാര്‍ടികളും കരസേനാ മേധാവിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തുവന്നിരുന്നു. സേന അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ച് 12 നാണ് ജനറല്‍ വി കെ സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും കരസേനാ മേധാവി നടത്തുന്ന കത്തിടപാടുകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണ്. കത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പ്രധാനമന്ത്രി കാര്യാലയം ഇത് പരിഗണിക്കുകയെന്ന നിര്‍ദേശത്തോടെ പ്രതിരോധമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. എ കെ ആന്റണിയോടും മന്ത്രാലയത്തിലെ ഉന്നതരോടും പലവട്ടം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്തതിനെത്തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചത്.

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ടട്ര ട്രക്ക് അഴിമതി ഇടപാടിനെക്കുറിച്ച് വി കെ സിങ് തുറന്നുപറഞ്ഞതോടെ എ കെ ആന്റണിയും പ്രതിരോധമന്ത്രാലയവും കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കത്ത് ചോര്‍ന്നത്. സര്‍ക്കാരിനെതിരെ കരസേനാ മേധാവി തുറന്ന യുദ്ധത്തിലാണെന്നും അതിന്റെ ഭാഗമായാണ് കത്ത് ചോര്‍ച്ചയെന്നുമായിരുന്നു സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ പ്രചാരണം. താനല്ല കത്ത് ചോര്‍ത്തിയതെന്ന് വി കെ സിങ് വ്യക്തമാക്കിയതോടെ ഐബി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കരസേനാ മേധാവിയെ ചുറ്റിപ്പറ്റിയാണ് ഐബി അന്വേഷണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിനെതിരെ തെളിവ്കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നാണോ പ്രതിരോധമന്ത്രാലയത്തില്‍നിന്നാണോ കത്ത് ചോര്‍ന്നതെന്ന പരിശോധനയാകും ഐബി നടത്തുക. ആന്റണിയെ സഹായിക്കാനാണ് കത്ത് ചോര്‍ത്തിയതെന്ന് ബോധ്യപ്പെട്ടാല്‍ ഐബി അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. കത്ത് ചോര്‍ന്നത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുതന്നെയാണെന്ന് മുന്‍ നാവികസേനാ മേധാവിമാരായ അഡ്മിറല്‍ രാംദാസും അഡ്മിറല്‍ വിഷ്ണു ഭഗവത്തും പരസ്യമായി പ്രതികരിച്ചിരുന്നു.
(എം പ്രശാന്ത്)

deshabhimani 030412

2 comments:

  1. ജനാധിപത്യ രാഷ്ട്രത്തില്‍ പ്രതിരോധ വകുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമായ കേന്ദ്രമന്ത്രിയാണ്. എന്നാല്‍ ആ മന്ത്രി മൗനം ദീക്ഷിക്കുമ്പോള്‍ സൈന്യാധിപന്‍ സംസാരിക്കുന്നു. മന്ത്രി മൗനം പാലിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല.

    ReplyDelete
  2. ടട്ര ട്രക്ക് ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ കരാര്‍ അടക്കം എല്ലാം ഉള്‍പ്പെടുത്തണമെന്ന് സിഐടിയു കര്‍ണാടക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദുരൂഹമായ കരാറിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബിഇഎംഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി ആര്‍ എസ് നടരാജനെ സസ്പെന്‍ഡ് ചെയ്യണമെന്നും ജനറല്‍ സെക്രട്ടറി എസ് പ്രസന്നകുമാറും സെക്രട്ടറി ബാലകൃഷ്ണഷെട്ടിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടരവര്‍ഷം മുമ്പുതന്നെ സിഐടിയു പാര്‍ലമെന്ററി സമിതിക്കും പ്രതിരോധമന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, തെളിവെടുക്കാനോ പരാതി അന്വേഷിക്കാനോ തയ്യാറായില്ല. പരാതി നല്‍കിയ സിഐടിയു നേതാക്കള്‍ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുകയായിരുന്നു ബിഇഎംഎല്‍ അധികാരികള്‍. രണ്ടുവര്‍ഷംമുമ്പ് അശോക് എന്ന ഉദ്യോഗസ്ഥന്‍ അഴിമതിയെപ്പറ്റി അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി നല്‍കിയതിന്റെ പേരില്‍ അശോകിനെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ഇതടക്കമുള്ള കാര്യങ്ങള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ബിഇഎംഎല്‍ സിഎംഡിക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബംഗളൂരുവിലും പരിസരങ്ങളിലും 11 സൈറ്റുകള്‍ വാങ്ങിയതിലും വില്‍പ്പന നടത്തിയതിലും ക്രമക്കേട് നടന്നു. ഇക്കാര്യവും സിബിഐയുടെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

    ReplyDelete