കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യമായ നാടകവിരുന്നൊരുക്കി ടോട്ടോചാന്‍. അശാസ്ത്രീയ വിദ്യാഭ്യാസ രീതിയില്‍ നിന്ന് ഓടിമാറുന്ന കുസൃതി നിറഞ്ഞ ജാപ്പനീസ് കഥാപാത്രം ടോട്ടോചാന്റെ കഥ ടൗണ്‍ഹാളിലെ കുട്ടികളുടെ നാടകോത്സവത്തില്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ സാംസ്കാരികോത്സവത്തിലായിരുന്നു പരിപാടി.
വിദ്യാഭ്യാസരീതി മടുത്ത് സ്കൂളില്‍ നിന്ന് ഒളിച്ചോടുന്ന ടോട്ടോചാനെ അമ്മ വേറെ സ്കൂളില്‍ ചേര്‍ക്കുന്നു. പുതിയ സ്കൂളിലെ കോബായഷി എന്ന അധ്യാപകന്‍ നല്‍കിയ വിദ്യാഭ്യാസം അതുവരെയുണ്ടായിരുന്ന ശൈലികളെ തച്ചുടയ്ക്കുന്നതായിരുന്നു. അശരണരോടും വികലാംഗരോടും അനുകമ്പ കാട്ടാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാന്‍ കോബായഷിക്ക് കഴിയുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേരാനുള്ള കഴിവ് വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു നാടകത്തിന്റെ അവതരണം. വിവിധ നിറങ്ങളിലുള്ള കസേരകളുപയോഗിച്ചാണ് തീവണ്ടി കോച്ച്, ക്ലാസ് മുറി, വീട് എന്നിവയുടെ സെറ്റിട്ടത്. നാടകത്തിന്റെ പ്രധാന ആകര്‍ഷണ ഘടകംതന്നെ പുതുമയാര്‍ന്ന സെറ്റാണ്. മൂന്നാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവരടക്കം ഇരുപതുപേര്‍ നാടത്തില്‍ അഭിനയിച്ചു. പൂക്കാട് കലാലയം അവതരിപ്പിക്കുന്ന ബാലനാടകത്തിന്റെ സംവിധാനം മനോജ് നാരായണന്‍. രംഗാവിഷ്ക്കാരണം എ അബൂബക്കര്‍. അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി നന്ദനശ്രീ ടോട്ടോചാനെ അവതരിപ്പിച്ചു. കോബായഷിയായി ശ്യാം ബാബു വേഷമിട്ടു. സെന്‍ട്രല്‍ കള്‍ച്ചറല്‍ മിഷനും രംഗപ്രഭാതും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തില്‍ ടോട്ടോചാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോപ്പസാങ്ങിന്റെ ഡയമണ്ട് നെക്ക്ലേസ് എന്ന കഥയെ ആസ്പദമാക്കി തിരുവങ്ങൂര്‍ ഹൈസ്കൂളിന്റെ കളര്‍ബോക്സ്, ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ ബാനറില്‍ നിര്‍മിച്ച കാന്താരിപ്പൊന്നും അഭിനയ മികവിനാല്‍ ശ്രദ്ധേയമായി. ശിവദാസ് പൊയില്‍ക്കാവ് സംവിധാനം ചെയ്ത കാന്താരിപ്പൊന്ന് പൊങ്ങച്ചം കാണിച്ച് അപകടത്തില്‍ പെടുന്നവരുടെ കഥ പറയുന്നതാണ്. വിവാഹത്തില്‍ പങ്കെടുക്കാനായി കാഞ്ചന എന്ന പെണ്‍കുട്ടി സ്വര്‍ണം കടം വാങ്ങുന്നതും അത് തിരിച്ചടിയായി മാറുന്നതുമാണ് ഇതിവൃത്തം. കാഞ്ചനയെ കെ കെ ജസിത അവതരിപ്പിച്ചു. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പത്തു കുട്ടികളാണ് നാടകത്തില്‍ അഭിനയിച്ചത്. കുട്ടികളുടെ നാടകോത്സവം പി വത്സല ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ടി സുരേഷ് സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച നാടകോത്സവത്തില്‍ ബേപ്പൂര്‍ നാടക പാഠശാലയുടെ ചെമ്പകം, പുരോഗമനകലാ സാഹിത്യസംഘം ചേവായൂര്‍ യൂണിറ്റിന്റെ ചെമ്പന്‍പ്ലാവ്, മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറിസ്കൂളിന്റെ ഏട്ടപ്പൊല്ലാപ്പ് എന്നീ നാടകങ്ങള്‍ അരങ്ങേറും. വൈകിട്ട് അഞ്ചിനാണ് നാടകോത്സവം.
(സൗമ്യ സരയൂ)
യുപി തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടി: സുഭാഷിണിഅലി
നടുവണ്ണൂര്‍: യുപിഎ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി പറഞ്ഞു. സോണിയാഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേഠിയിലും ഉള്‍പ്പെട്ട പത്ത് അസംബ്ലി സീറ്റില്‍ എട്ടെണ്ണത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇത് കാണാന്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വം തയാറാകണമെന്നും അവര്‍ പറഞ്ഞു. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കാവില്‍ ബ്രാഞ്ച് പള്ളിയത്ത്കുനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഭാഷിണിഅലി.
കേരളത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണം ഇ എം എസ് ഗവണ്‍മെന്റിന്റെ കാര്‍ഷിക പരിഷ്കരണമുള്‍പ്പെടെയുള്ള നടപടികളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് മിനിമംകൂലി പോലും നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബംഗാളില്‍ കൃഷിക്കാരന് കൊടുത്ത ഭൂമി തിരിച്ചുപിടിക്കുകയാണ്. കമ്യൂണിസ്റ്റുകാരെ തൃണമൂലൂകാര്‍ കൂട്ടത്തോടെ കശാപ്പ്ചെയ്യുന്നു. ഇതൊന്നും കാണാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്കല്‍ സെക്രട്ടറി പി അച്യുതന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി എം ശ്രീധരന്‍ സുഭാഷിണിഅലിക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു. പി കെ മുകുന്ദന്‍, സി ബാലന്‍, എ എം റഷീദ് എന്നിവര്‍ സംസാരിച്ചു. വി പി സുനി സ്വാഗതം പറഞ്ഞു. വളണ്ടിയര്‍മാര്‍ച്ചും ബാന്റ്വാദ്യവും മുത്തുക്കുടകളുമായി വിളംബരജാഥയും നടന്നു.
വിനോദവ്യവസായം വായനയെ അപ്രസക്തമാക്കുന്നു
വിനോദവ്യവസായം ഗൗരവമായ വായനയെ അപ്രസക്തമാക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പുസ്തകങ്ങള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയം പണമാണെന്ന പഴയ പഴഞ്ചൊല്ല് വ്യവസ്ഥാനുകൂല സൃഷ്ടിയാണ്. വിപണിയും വായനയെ പാഴ്ചെലവായാണ് പരിഗണിക്കുന്നത്. ആഗോളീകരണം മനുഷ്യനെ സാംസ്കാരിക വിസ്മൃതിയിലേക്ക് നയിക്കുകയാണ്. അതിനാല്‍ മറവിയില്‍നിന്ന് ഓര്‍മയെ വീണ്ടെടുത്ത് പുതിയൊരു ഭാവിക്ക് സഹായകരമായ പ്രതിബോധം വളര്‍ത്തിയെടുക്കുകയാണ് സാംസ്കാരികപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
പുരോഗമന കലാസാഹിത്യസംഘത്തിന്റെ പുതിയ ജില്ലാകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സാംസ്കാരികപ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്ത യോഗത്തിലായിരുന്നു ഉദ്ഘാടനം. സി എച്ച് സ്മാരകമന്ദിരത്തിന്റെ കോമ്പൗണ്ടിലാണ് പുതിയ ഓഫീസ്. സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, സെക്രട്ടറി കെ ഇ എന്‍, എം കെ പണിക്കോട്ടി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഇ എം രാധ, ടി എ റസാക്ക്, പ്രൊഫ. കടത്തനാട്ട് നാരായണന്‍, കെ ചന്ദ്രന്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി വി ടി സുരേഷ് സ്വാഗതവും വി ബി നായര്‍ നന്ദിയും പറഞ്ഞു.
"സമരമുഖങ്ങളിലെ പ്രിയസഖാക്കള്‍" പ്രകാശനം ഇന്ന്
കോഴിക്കോട്: "സമരമുഖങ്ങളിലെ പ്രിയസഖാക്കള്‍" പുസ്തകം ചൊവ്വാഴ്ച ടൗണ്‍ഹാളില്‍ നടക്കുന്ന സോഷ്യലിസത്തിന്റെ ഭാവി സെമിനാറിനോടനുബന്ധിച്ച് പ്രകാശനം ചെയ്യും. ജില്ലയില്‍ സിപിഐ എമ്മിനെയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളെയും നയിച്ച ഇ കെ നായനാര്‍, എം കെ കേളു, കെ പത്മനാഭന്‍, യു കുഞ്ഞിരാമന്‍, എം ദാസന്‍, എ കണാരന്‍, മത്തായി ചാക്കോ തുടങ്ങിയ സഖാക്കളുടെ ഓര്‍മകളും ജീവിതവും പ്രതിപാദിക്കുന്നതാണ് പുസ്തകം. ഇഎംഎസ്, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്‍ പി മുഹമ്മദ്, കെ ടി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, പാലോളി മുഹമ്മദ്കുട്ടി, വി വി ദക്ഷിണാമൂര്‍ത്തി, എം കേളപ്പന്‍, അരങ്ങില്‍ ശ്രീധരന്‍, ബി ഇക്ബാല്‍ തുടങ്ങിയവരുടെയും പ്രശസ്ത പത്രപ്രവര്‍ത്തകരുടെയും ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. പി കെ സുജിത് എഡിറ്റ് ചെയ്ത പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലിപി പബ്ലിക്കേഷന്‍സാണ്.
"മുടിനാരേഴായ്കീറീട്ട് " സിഡി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്യും
കോഴിക്കോട്: നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങളുടെ സിഡി "മുടിനാരേഴായ്കീറീട്ട്" ചൊവാഴ്ച പ്രകാശനം ചെയ്യും. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന സോഷ്യലിസത്തിന്റെ ഭാവി സെമിനാറില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രകാശനം നിര്‍വഹിക്കും. ഇബ്രാഹിം വെങ്ങര ആദ്യകോപ്പി ഏറ്റുവാങ്ങും. 10 ഗാനങ്ങളാണ് സിഡിയിലുള്ളത്. വിഖ്യാത സംഗീതജ്ഞന്‍ കെ രാഘവന്‍മാഷ് സംഗീതസംവിധാനം നിര്‍വഹിച്ച് വി ടി മുരളി പാടിയ പാട്ടുകളുമുണ്ട്. അജയ്ഗോപാല്‍, മുരളിയുടെ മകള്‍ നീത എന്നിവരാണ് മറ്റുഗായകര്‍. രാമനാട്ടുകര വിജയനും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെടിയുടെ ഓര്‍മ്മകള്‍ക്ക് ആദരംചാര്‍ത്തുന്ന ഗാനോപഹാരം മഞ്ജുഭാഷയാണ് സംഗീതപ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.
deshabhimani 030412
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യമായ നാടകവിരുന്നൊരുക്കി ടോട്ടോചാന്‍. അശാസ്ത്രീയ വിദ്യാഭ്യാസ രീതിയില്‍ നിന്ന് ഓടിമാറുന്ന കുസൃതി നിറഞ്ഞ ജാപ്പനീസ് കഥാപാത്രം ടോട്ടോചാന്റെ കഥ ടൗണ്‍ഹാളിലെ കുട്ടികളുടെ നാടകോത്സവത്തില്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ സാംസ്കാരികോത്സവത്തിലായിരുന്നു പരിപാടി.
ReplyDelete