Tuesday, April 3, 2012

ഇന്നുയരും ചെമ്പതാക

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച ചെങ്കൊടി ഉയരും. പുതുലോകം സൃഷ്ടിക്കാന്‍ പൊരുതുന്നവരുടെ സിരകളിലഗ്നിയായി പടരുന്ന കയ്യൂരിലെയും പുന്നപ്ര- വയലാറിലെയും ഒഞ്ചിയത്തെയും സഖാക്കളുടെ വീരസ്മൃതികളുണര്‍ത്തി വൈകിട്ട് ആറിന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കടപ്പുറത്തെ എം കെ പന്ഥെനഗറില്‍ പതാക ഉയര്‍ത്തും. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റ് നേതാക്കളും പ്രതിനിധികളും സംബന്ധിക്കും. വീരോചിതമായ ചെറുത്തുനില്‍പ്പുകളുടെയും ജീവത്യാഗങ്ങളുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പുതിയ പോരാട്ടപ്രതിജ്ഞയുമായി ആയിരങ്ങള്‍ പതാക ഉയര്‍ത്തല്‍ച്ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ കടപ്പുറത്തേക്കൊഴുകും.
പുന്നപ്ര- വയലാറിലെ പോരാളികളുടെ ജീവരക്തം നിറംപകര്‍ന്ന ചെങ്കൊടി, കയ്യൂരിന്റെ പ്രിയപുത്രന്മാരുടെ മണ്ണില്‍നിന്നുമെത്തുന്ന കൊടിമരത്തില്‍ ഉയര്‍ന്നുപാറും. ഒഞ്ചിയത്ത് പൊരുതിവീണ ധീരന്മാരുടെ ഓര്‍മകള്‍ ജ്വലിക്കുന്ന ദീപശിഖ പുതിയ പ്രഭാതത്തിന്റെ സന്ദേശമായി പ്രഭചൊരിയും. പ്രതിനിധിസമ്മേളനം ചേരുന്ന സുര്‍ജിത്- ജ്യോതിബസുനഗറില്‍ (ടാഗോര്‍ ഹാള്‍) വൈകിട്ട് ഏഴിന് പ്രകാശ് കാരാട്ട് ദീപശിഖ തെളിക്കും. പ്രധാന ദീപശിഖ തിങ്കളാഴ്ച വൈകിട്ട് ഒഞ്ചിയത്തുനിന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്റെ നേതൃത്വത്തില്‍ പ്രയാണം തുടങ്ങി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി ദീപശിഖ കൈമാറി. ആവേശോജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം പേരാമ്പ്രയില്‍ തിങ്കളാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി. പൊതുസമ്മേളന നഗറിലേക്കുള്ള പതാക- കൊടിമര ജാഥകള്‍ക്ക് പതിനായിരങ്ങള്‍ വരവേല്‍പ്പ് നല്‍കി. എ വിജയരാഘവന്‍ നയിക്കുന്ന പതാകജാഥ പെരിന്തല്‍മണ്ണയിലും പി കരുണാകരന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ മാഹിയിലും സമാപിച്ചു. ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന കൊടിമര- ദീപശിഖ ജാഥകള്‍ വൈകിട്ട് നാലിന് സി എച്ച് ഫ്ളൈഓവറിനുസമീപം സംഗമിച്ച് ചുവപ്പുസേനയുടെ അകമ്പടിയോടെ കടപ്പുറത്തേക്ക് നീങ്ങും. പതാകജാഥ റെയില്‍വെസ്റ്റഷന്‍ മേല്‍പാലം വഴി കടപ്പുറത്തെത്തും. അത്യന്തം സങ്കീര്‍ണമായ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹ്യ സാഹചര്യത്തില്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസ് ഇന്ത്യയൊന്നാകെ ഉറ്റുനോക്കുകയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കാനും സാമ്രാജ്യത്വകടന്നാക്രമണങ്ങളും ജനവിരുദ്ധനയങ്ങളും വര്‍ഗീയതയും ചെറുക്കാനുമുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ടി കോണ്‍ഗ്രസിലേക്കാണ് ഇനി നാടിന്റെ ശ്രദ്ധയാകെ. ദേശീയതലത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് വളര്‍ത്തുന്നതിനൊപ്പം ഇടത്- ജനാധിപത്യബദല്‍ കെട്ടിപ്പടുക്കാനുള്ള പാതയും പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കും. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയം 20-ാം പാര്‍ടി കോണ്‍ഗ്രസിന് സവിശേഷപ്രാധാന്യം നല്‍കുന്നു. പാര്‍ടി കോണ്‍ഗ്രസില്‍ സംബന്ധിക്കാനായി നേതാക്കളും പ്രതിനിധികളും എത്തിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് പാര്‍ടി കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ബുധനാഴ്ച രാവിലെ 9.30ന് പ്രതിനിധിസമ്മേളനം ആരംഭിക്കും. നിരീക്ഷകരും മുതിര്‍ന്ന നേതാക്കളുമടക്കം 815 പ്രതിനിധികളാണുള്ളത്. പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടുചെയ്യാന്‍ വിദേശമാധ്യമങ്ങളുടേതടക്കം അഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരും കോഴിക്കോട്ടെത്തുന്നുണ്ട്. (പേജ് 12, 13 കാണുക)
(കെ എം മോഹന്‍ദാസ്)

എല്ലാ വീഥികളും ചരിത്രനഗരിയിലേക്ക്

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങിയതോടെ എല്ലാ ശ്രദ്ധയും കോഴിക്കോട്ടേക്ക്. പാര്‍ടി കോണ്‍ഗ്രസിന് പതാക ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം വൃന്ദ കാരാട്ടും തിങ്കളാഴ്ച രാത്രി കൊച്ചിയില്‍ എത്തി. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടേക്ക് തിരിക്കും. ക്യൂബന്‍ അംബാസഡര്‍ അബെലാര്‍ഡോ ക്യൂട്ടോ സോസ, പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള തുടങ്ങി ഇരുപതോളംപേര്‍ ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പകല്‍ 1.05ന് കരിപ്പൂരിലെത്തി. പി സതീദേവി, കെ കെ ലതിക എംഎല്‍എ, കെ കുഞ്ഞമ്മദ് എംഎല്‍എ, കെ പി കുഞ്ഞഹമ്മദ്കുട്ടി, മേയര്‍ എ കെ പ്രേമജം, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, എം കെ നളിനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വിമാനത്തിലും ട്രെയിനിലുമാണ് എത്തുന്നത്. പിബി അംഗം സീതാറാം യെച്ചൂരി, ഹനന്‍മുള്ള എന്നിവര്‍ ചൊവ്വാഴ്ച പകല്‍ 1.20ന് കരിപ്പൂരിലെത്തും.
ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്തമിശ്ര, മുഹമ്മദ് യൂസഫ് തരിഗാമി, ബി വി രാഘവലു, മുഹമ്മദ് അമീന്‍, നിരുപം സെന്‍ തുടങ്ങിയ നേതാക്കളും ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ട് എത്തും. പിബി അംഗം കെ വരദരാജന്‍ ഉള്‍പ്പെടെ തമിഴ്നാട്ടില്‍നിന്നുള്ള ആറംഗസംഘം ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ തിങ്കളാഴ്ച വൈകിട്ട് എത്തി. ആന്ധ്രയില്‍നിന്നും 34 പേരും തമിഴ്നാട്ടില്‍ നിന്നും 45 പേരും ചൊവ്വാഴ്ച വിവിധ ട്രെയിനുകളിലായി എത്തും. ബിഹാറില്‍നിന്നുള്ള പ്രതിനിധികള്‍ തിങ്കളാഴ്ച രാജധാനി എക്സ്പ്രസിലാണ് വന്നത്. ചൊവ്വാഴ്ച രാവിലെ 6.40ന് യശ്വന്ത്പുര്‍ എക്സ്പ്രസില്‍ ബംഗാളില്‍നിന്നുള്ള 79 പ്രതിനിധികളും രാത്രി 7.45നുള്ള മംഗലാപുരം മെയിലില്‍ 70 പേരും എത്തും. കര്‍ണാടക പ്രതിനിധികളും ചൊവ്വാഴ്ചയെത്തും. ഗുജറാത്തില്‍നിന്നുള്ള ഒരു പ്രതിനിധി എത്തി. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍സെന്‍, സുഭാഷിണി അലി, ഹേമലത എന്നിവര്‍ കോഴിക്കോട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ഒരുക്കിയ ചരിത്രപ്രദര്‍ശനം കാണാനും പ്രതിനിധികള്‍ എത്തി.
(കെ എസ് ഷൈജു)

പ്രകാശ് കാരാട്ടിനും വൃന്ദയ്ക്കും നെടുമ്പാശേരിയില്‍ ഉജ്വല സ്വീകരണം

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടിനും നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം നല്‍കി. തിങ്കളാഴ്ച രാത്രി 8.35ന് ഡെല്‍ഹിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയില്‍ എത്തിയത്. ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി സലീം, നെടുമ്പാശേരി ഏരിയ സെക്രട്ടറി വി എസ് ഷഡാനന്ദന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എന്‍ മോഹനന്‍, ടി കെ ഷാജഹാന്‍, എം കെ പ്രകാശ്, ചെങ്ങമനാട് ലോക്കല്‍ സെക്രട്ടറി ഇ എം സലീം എന്നിവര്‍ പ്രകാശ് കാരാട്ടിനെയും വൃന്ദ കാരാട്ടിനെയും സ്വീകരിച്ചു. നിരവധി പാര്‍ടി പ്രവര്‍ത്തകരും സ്വീകരണത്തിന് എത്തിയിരുന്നു. സ്വീകരണശേഷം ആലുവ പാലസിലേക്കു തിരിച്ച പ്രകാശും വൃന്ദയും ചൊവ്വാഴ്ച റോഡ്മാര്‍ഗം കോഴിക്കോട്ടേക്കു പോകും.

deshabhimani 030412

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച ചെങ്കൊടി ഉയരും. പുതുലോകം സൃഷ്ടിക്കാന്‍ പൊരുതുന്നവരുടെ സിരകളിലഗ്നിയായി പടരുന്ന കയ്യൂരിലെയും പുന്നപ്ര- വയലാറിലെയും ഒഞ്ചിയത്തെയും സഖാക്കളുടെ വീരസ്മൃതികളുണര്‍ത്തി വൈകിട്ട് ആറിന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കടപ്പുറത്തെ എം കെ പന്ഥെനഗറില്‍ പതാക ഉയര്‍ത്തും. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റ് നേതാക്കളും പ്രതിനിധികളും സംബന്ധിക്കും. വീരോചിതമായ ചെറുത്തുനില്‍പ്പുകളുടെയും ജീവത്യാഗങ്ങളുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പുതിയ പോരാട്ടപ്രതിജ്ഞയുമായി ആയിരങ്ങള്‍ പതാക ഉയര്‍ത്തല്‍ച്ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ കടപ്പുറത്തേക്കൊഴുകും.

    ReplyDelete