കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) 20-ാം പാര്‍ടി കോണ്‍ഗ്രസ് ഇന്നുമുതല്‍ ആറ് ദിവസം പഴയ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് നടക്കുകയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാലാം കോണ്‍ഗ്രസ് 1956ല്‍ പാലക്കാട്ട് നടന്നു. സിപിഐ എം രൂപീകൃതമായശേഷം പാര്‍ടിയുടെ എട്ടാം കോണ്‍ഗ്രസ് കൊച്ചിയിലും 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും നടന്നു. അതായത് കേരളത്തിന്റെ മണ്ണില്‍ ഇത് നാലാം തവണയാണ് പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നത്. സിപിഐ എം ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയാണ്. ഇടതു പാര്‍ടികളുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും ഏറെ ആവശ്യമായ ഘട്ടത്തിലാണ് 20-ാം പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു.
അമേരിക്കന്‍ സാമ്രാജ്യത്വം ആവിഷ്കരിച്ച് നടപ്പാക്കിയ സാമ്രാജ്യത്വ സാമ്പത്തിക നയത്തിന്റെ ഭാഗമായ ആഗോളവല്‍ക്കരണം, തികഞ്ഞ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് 1991 മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്നത്. അതിന്റെ ഫലമായി ജനജീവിതം ദുസ്സഹമായി. ശതകോടീശ്വരന്മാരുടെ എണ്ണം അതിവേഗം പെരുകുന്നു; പരമ ദരിദ്രരുടെയും. വിലക്കയറ്റം തടയാനല്ല, മൂര്‍ഛിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപി ഇതില്‍നിന്നും അല്‍പ്പം പോലും വ്യത്യസ്തമല്ല. വര്‍ഗീയ പാര്‍ടിയാണെന്ന വ്യത്യാസം മാത്രമെയുള്ളൂ. ബിജെപിയുടെ ആറ് വര്‍ഷത്തെ കേന്ദ്രഭരണം അത് തെളിയിച്ചു. രണ്ടിനും ബദലായി ഒരു ശക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരണമെന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പുകാലത്ത് താല്‍ക്കാലികമായി തട്ടിക്കൂട്ടുന്ന ബദല്‍, ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉതകുന്നതല്ല. ആഗോളവല്‍ക്കരണ നയത്തില്‍നിന്ന് വ്യത്യസ്തമായ ബദല്‍നയം നടപ്പാക്കാന്‍ യോജിപ്പും കരുത്തും കഴിവുമുള്ള ബദലാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമത്തില്‍നിന്ന് ജനന്മ ആഗ്രഹിക്കുന്ന ഒരു പാര്‍ടിക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുന്നതല്ല. സ്വാഭാവികമായും പാര്‍ടികോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ചചെയ്യും. ഇടത് ഐക്യം ഊട്ടിയുറപ്പിച്ചു മാത്രമേ ഇടത്, മതനിരപേക്ഷ ജനാധിപത്യ ബദല്‍ സാധ്യമാവുകയുള്ളൂ. ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ കഴിയണമെങ്കില്‍ സിപിഐ എം ശക്തിപ്പെടണം.
കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും കേരളത്തിലും ഭരണമാറ്റമുണ്ടായി. ഈ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിന്റെ ശക്തി ദുര്‍ബലപ്പെടുത്താന്‍ ഇടവരുത്തിയിട്ടുണ്ടെന്നത് നേരാണ്. നഷ്ടപ്പെട്ട ശക്തി തിരിച്ചുപിടിക്കാനും പൂര്‍വാധികം ശക്തിയാര്‍ജിക്കാനുമാണ് സിപിഐ എം ശ്രമിക്കുന്നത്. സംഘടനാപരമായ ദൗര്‍ബല്യം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. അതോടൊപ്പം പ്രത്യയശാസ്ത്ര വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. 1968ല്‍ ബര്‍ദ്വാന്‍ പ്ലീനത്തില്‍ പ്രത്യയശാസ്ത്രരേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചതിനുശേഷം സാര്‍വദേശീയരംഗത്ത് സാരമായ മാറ്റം സംഭവിച്ചു. മഹത്തായ രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും സോവിയറ്റ് പാര്‍ടിയും തമ്മില്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. സോവിയറ്റ് പാര്‍ടി മാര്‍ക്സിസം ലെനിനിസത്തില്‍നിന്ന് വ്യതിചലിച്ചു. ചൈനീസ് പാര്‍ടി വലതുപക്ഷ അവസരവാദത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഇതിനിടെ ഇടതുപക്ഷ തീവ്രവാദപരമായ നിലപാടെടുത്തു. ഈ രണ്ട് പാര്‍ടികളുടെ മഹത്വം അംഗീകരിച്ചുകൊണ്ടുതന്നെ ഇന്ത്യയിലെ മൂര്‍ത്തസാഹചര്യം ആഴത്തില്‍ പഠിച്ച് ശരിയായതും സ്വതന്ത്രമായതുമായ പാത സ്വീകരിക്കാനാണ് സിപിഐ എം തയ്യാറായത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടപ്പോള്‍ സിപിഐ എം പതറിയില്ല.
1992ല്‍ മദിരാശിയില്‍ 14-ാം പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നു. ചില പ്രത്യയ ശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. തകര്‍ച്ച മാര്‍ക്സിസം ലെനിനിസത്തിന്റെ എന്തെങ്കിലും പോരായ്മയോ പിശകോ മൂലമല്ലെന്ന് പാര്‍ടി തിരിച്ചറിഞ്ഞു. മാര്‍ക്സിസം ലെനിനിസം മുറുകെ പിടിച്ച് മുമ്പോട്ടു പോകുമെന്ന് സംശയരഹിതമായി പ്രഖ്യാപിച്ചു. സിപിഐ എം സ്വീകരിച്ച നയം ശരിയാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. മാര്‍ക്സിസം കാലഹരണപ്പെട്ടതാണെന്ന പാര്‍ടി ശത്രുക്കളുടെ വാദം തള്ളിക്കളഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് ചേരുമ്പോള്‍ മാര്‍ക്സിസമാണ് ശരി എന്ന് ലോകമാകെ വിളിച്ചുപറയുന്ന നിലയുണ്ടായിരിക്കുന്നു. സോഷ്യലിസത്തിന്റെ വിജയം അനിവാര്യമാണെന്നും ആര്‍ക്കും തടുക്കാന്‍ കഴിയാത്തതാണെന്നും വന്നിരിക്കുന്നു. ഈയൊരു സവിശേഷഘട്ടത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര രേഖ വീണ്ടും ചര്‍ച്ചചെയ്യുന്നത്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും ഇതോടൊപ്പം ചര്‍ച്ചചെയ്യും. ഭരണഘടനയില്‍ ഒരു ഭേദഗതി പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറിവരെ സ്ഥാനം വഹിക്കുന്നവര്‍ മൂന്നുതവണ മാത്രമേ തുടര്‍ച്ചയായി സ്ഥാനത്ത് തുടരാന്‍ പാടുള്ളൂ എന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. തുടര്‍ന്ന് ഒരു തവണകൂടി ആവശ്യമാണെന്ന് കണ്ടാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഉപാധിയോടെ അനുവദിക്കുന്നുണ്ട്. ഈ ഭേദഗതി ഇപ്പോള്‍ത്തന്നെ നടപ്പിലായിക്കഴിഞ്ഞു എന്ന മട്ടില്‍ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതേപ്പറ്റി വ്യക്തതയില്ലാത്തതുകൊണ്ടൊന്നുമല്ല. സഹജമായ സ്വഭാവമെന്ന നിലയിലാണ് സോപ്പുകുമിളപോലെയുള്ള സംശയം സൃഷ്ടിക്കാന്‍ വൃഥാശ്രമം നടത്തുന്നത്.
പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോടിന് ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു കോഴിക്കോട്. 1937ല്‍ ഇവിടെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി ജനിച്ചത്. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ ചേര്‍ന്ന് എസ് വി ഘാട്ടെയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പി കൃഷ്ണപിള്ളയായിരുന്നു സെക്രട്ടറി. 1939ല്‍ പിണറായിയിലെ പാറപ്രത്ത് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നായി കമ്യൂണിസ്റ്റ് പാര്‍ടിയായി രൂപാന്തരം പ്രാപിച്ചു. പാര്‍ടിയുടെ മുഖപത്രമായ ദേശാഭിമാനി 1942ല്‍ വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടായിരുന്നു. സിപിഐ എം ശക്തിയാര്‍ജിക്കേണ്ടതായ സവിശേഷകാലഘട്ടമാണിത്. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളും നിരീക്ഷകരും പ്രമുഖ വ്യക്തികളും എല്ലാം കോഴിക്കോട്ടെത്തിക്കഴിഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ തികഞ്ഞ സന്തോഷത്തോടെ, നിറഞ്ഞ അഭിമാനത്തോടെ കോഴിക്കോട് നഗരവും ഗ്രാമങ്ങളും ചുകപ്പണിഞ്ഞു തയ്യാറായിക്കഴിഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചകളും തീരുമാനങ്ങളും പാര്‍ടിക്കാകെ നവോന്മേഷവും ശക്തിയും നല്‍കുമെന്നുറപ്പിക്കാം. പാര്‍ടി കോണ്‍ഗ്രസിനെ ദേശാഭിമാനി ആഹ്ലാദപൂര്‍വം സ്വാഗതംചെയ്യുന്നു.
ദേശാഭിമാനി മുഖപ്രസംഗം 040412
സിപിഐ എം ശക്തിയാര്‍ജിക്കേണ്ടതായ സവിശേഷകാലഘട്ടമാണിത്. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളും നിരീക്ഷകരും പ്രമുഖ വ്യക്തികളും എല്ലാം കോഴിക്കോട്ടെത്തിക്കഴിഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ തികഞ്ഞ സന്തോഷത്തോടെ, നിറഞ്ഞ അഭിമാനത്തോടെ കോഴിക്കോട് നഗരവും ഗ്രാമങ്ങളും ചുകപ്പണിഞ്ഞു തയ്യാറായിക്കഴിഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചകളും തീരുമാനങ്ങളും പാര്‍ടിക്കാകെ നവോന്മേഷവും ശക്തിയും നല്‍കുമെന്നുറപ്പിക്കാം. പാര്‍ടി കോണ്‍ഗ്രസിനെ ദേശാഭിമാനി ആഹ്ലാദപൂര്‍വം സ്വാഗതംചെയ്യുന്നു.
ReplyDelete