Tuesday, April 3, 2012

ഡോ. രാജന്‍ ഗുരുക്കളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വ്യാപക പ്രതിഷേധം


രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളിലൂടെ സര്‍വകലാശാലാനിയമങ്ങളെയും കീഴ്വഴക്കങ്ങളെയും കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളെ പുറത്താക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കരുനീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍വകലാശാലയിലെ അക്കാദമിക പരിഷ്കാരങ്ങള്‍ നിലനിര്‍ത്താന്‍ യോജിച്ച് മുന്നേറാനും വൈസ് ചാന്‍സലര്‍ക്ക് പിന്തുണ നല്‍കാനും കോട്ടയത്തു ചേര്‍ന്ന വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. കോളേജ്-സ്കൂള്‍ അധ്യാപകര്‍, വിദ്യാഭ്യാസവിദഗ്ധര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ രാജന്‍ ഗുരുക്കള്‍ക്ക് പിന്തുണയുമായെത്തി.

ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന കൂട്ടായ്മ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ ഗുരുക്കളെ പുറത്താക്കുന്നതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിന്റെ പ്രതികരണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവിദ്വേഷത്തിന്റെ പേരില്‍ ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള സര്‍വകലാശാലയില്‍ ചരിത്രനിഷേധം നടക്കാന്‍ പാടില്ലെന്നും ഇക്ബാല്‍ പറഞ്ഞു. രാജന്‍ ഗുരുക്കള്‍ നടത്തിയ പരിഷ്കരണങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് കടുത്ത ദ്രോഹം ചെയ്യുന്നതിനു തുല്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. മഹത്തരമായി പ്രവര്‍ത്തിച്ച സിന്‍ഡിക്കറ്റാണ് കഴിഞ്ഞകാലത്തേത്. സര്‍ക്കാരുമായി ബന്ധപ്പെടുന്ന മേഖലകളില്‍നിന്നെല്ലാം മാന്യന്മാരെ പുറത്താക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. രാജന്‍ ഗുരുക്കളെ പുറത്താക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കി അരാജകത്വത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ പറഞ്ഞു. വിശ്വസനീയമല്ലാത്ത ആരോപണങ്ങളാണ് രാജന്‍ ഗുരുക്കള്‍ക്കെതിരെ ഉയര്‍ത്തുന്നതെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ പറഞ്ഞു. സിന്‍ഡിക്കറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍വകലാശാലയെ കച്ചവടകേന്ദ്രമാക്കാനാണ് നീക്കമെന്ന് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് ബി മഹേഷ്ചന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാല നേടിയ അക്കാദമികനേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതും രാജന്‍ ഗുരുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും അക്കാദമിക് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രശസ്ത നിരൂപകന്‍ ഡോ. പി പി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ പ്രൊഫ. കെ സദാശിവന്‍ നായര്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ ഷറഫുദ്ദീന്‍ സ്വാഗതവും യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി പത്മകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 030412

1 comment:

  1. രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളിലൂടെ സര്‍വകലാശാലാനിയമങ്ങളെയും കീഴ്വഴക്കങ്ങളെയും കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളെ പുറത്താക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കരുനീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍വകലാശാലയിലെ അക്കാദമിക പരിഷ്കാരങ്ങള്‍ നിലനിര്‍ത്താന്‍ യോജിച്ച് മുന്നേറാനും വൈസ് ചാന്‍സലര്‍ക്ക് പിന്തുണ നല്‍കാനും കോട്ടയത്തു ചേര്‍ന്ന വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. കോളേജ്-സ്കൂള്‍ അധ്യാപകര്‍, വിദ്യാഭ്യാസവിദഗ്ധര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ രാജന്‍ ഗുരുക്കള്‍ക്ക് പിന്തുണയുമായെത്തി.

    ReplyDelete