Monday, April 2, 2012

യുഡിഎഫിലെ തര്‍ക്കങ്ങള്‍ ഭരണത്തെ ബാധിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി


യുഡിഎഫിലെ തര്‍ക്കങ്ങള്‍ ഭരണത്തെ ബാധിക്കുന്ന നിലയിലായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും കോട്ടയത്ത് അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍പെട്ട് ഭരണതീരുമാനങ്ങള്‍ വൈകില്ല. ലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യവും കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് ആവശ്യവും ഹൈക്കമാന്റിലും സംസ്ഥാനത്തും ചര്‍ച്ച പെയ്യേണ്ടതുണ്ട്. വിവിധ പാര്‍ടികളിലെ എംഎല്‍എ മാരുടെ എണ്ണം നോക്കിയല്ല മന്ത്രിമാരുടെ എണ്ണം തീരുമാനിക്കേണ്ടതെന്ന കെ മുരളീധരന്റെ ആവശ്യവും ഹൈക്കമാന്റിന്റെ മുന്നിലെത്തിക്കും. സമുദായ സന്തുലിതാവസ്ഥ സംബന്ധിച്ച വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനും എല്ലാം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നായിരുന്നു മറുപടി.

രാജ്യസഭാ സീറ്റ് ലഭിച്ചേ തീരൂ: കെ എം മാണി

തൃശൂര്‍: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കെ എം മാണി. തൃശൂരില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ നിയമജ്ഞസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് മുന്‍കാലങ്ങളില്‍ സഹിച്ചതുപോലെ ഇക്കുറി സഹിക്കില്ല. എല്ലാക്കാലത്തും സീറ്റ് തരാമെന്ന് പറയുകയും സമയമാകുമ്പോള്‍ നിഷേധിക്കുകയും ചെയ്യുന്ന പതിവ് ഇക്കുറി നടക്കില്ലെന്നും മാണി പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിന് കേരള കോണ്‍ഗ്രസിന് എതിര്‍പ്പില്ല. അവരുടെ ആവശ്യം ന്യായമാണ്. അതില്‍ യുക്തമായ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. അല്‍പ്പം വൈകിയാലും ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. യുഡിഎഫില്‍ കുറുമുന്നണിയുണ്ടാക്കേണ്ട കാര്യം കേരള കോണ്‍ഗ്രസിനില്ല. മുന്നണിയെ നയിക്കുന്ന പാര്‍ടികളാണ് കേരള കോണ്‍ഗ്രസും ലീഗും. കുറുമുന്നണിയുണ്ടാക്കി ചെറുതാകേണ്ട കാര്യം തങ്ങള്‍ക്കില്ല. പെട്രോളിന്റെ വില്‍പ്പനികുതി കുറച്ചതുകൊണ്ടു മാത്രം വിലക്കയറ്റം ഇല്ലാതാവില്ല. പെട്രോള്‍ വില കൂട്ടുന്നത് കരുതലോടെ വേണം. എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിനുസരിച്ച് വില ഉയര്‍ത്തുന്നത് നല്ല നടപടിയല്ലെന്നും മാണി പറഞ്ഞു.

ഭരണത്തില്‍ ജാതിമത ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചു: ഗൗരിയമ്മ

ആലപ്പുഴ: സംസ്ഥാന ഭരണത്തില്‍ ജാതിമത സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചതായി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിയമ്മ.

59ന് ശേഷം സാമുദായിക സംഘടനകളുടെ ധ്രുവീകരണം ഇത്ര ശക്തമായ സമയം ഉണ്ടായിട്ടില്ല. സാമുദായിക ശക്തികള്‍ രാഷ്ട്രീയപാര്‍ടികളെയും നേതാക്കളെയും കീഴ്പ്പെടുത്തി. യുഡിഎഫ് ഭരണം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ എന്നിവയ്ക്കെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികൊണ്ട് ജനങ്ങളുടെ ദുരിതം അകറ്റാനായില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ് നേതാക്കള്‍ക്ക് ജനകീയ പ്രശ്നങ്ങളേക്കാള്‍ പ്രധാന്യം ബോര്‍ഡ് അംഗത്വം പോലുള്ള സ്വന്തം കാര്യത്തിലാണെന്നും അവര്‍ പറഞ്ഞു.

എംഎല്‍എമാരുടെ എണ്ണത്തിനുസരിച്ച് മന്ത്രിമാര്‍ വേണ്ട: മുരളീധരന്‍

കോഴിക്കോട്: എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാര്‍ വേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഈ കീഴ്വഴക്കം യുഡിഎഫില്‍ ഇല്ലാത്തതാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യം പരിഗണിക്കുന്നത് കൂടുതല്‍ ആലോചിച്ചതിനുശേഷം മതി. മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക-പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണം. ഡിസിസി ഓഫീസില്‍ നടക്കാവ് മണ്ഡലം കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കോണ്‍ഗ്രസിന് 45 എംഎല്‍എമാരുള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെ പത്ത് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എംഎല്‍എമാരുടെ എണ്ണം 60 ആയിരുന്നപ്പോഴും കോണ്‍ഗ്രസിന് പത്ത് മന്ത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഷ്ടകാലത്തിന് ഇത്തവണ 38 പേര്‍ ആയിപ്പോയി. അനൂപിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നതിന്് നെയ്യാറ്റിന്‍കരയിലെ ജനങ്ങളോട് സമാധാനം പറയേണ്ടി വരും. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍നിന്നുതന്നെയാകണം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയും വേണം. യുഡിഎഫില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.


അന്യയുടെ മരണം സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് മന്ത്രി മുനീര്‍

ശിശുക്ഷേമസമിതി ആസ്ഥാനത്ത് പിഞ്ചുകുട്ടി മരിച്ച സംഭവം സര്‍ക്കാരിന് പറ്റിയ വീഴ്ചയാണെന്ന് മന്ത്രി മുനീര്‍. നിലവിലുണ്ടായിരുന്ന ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതി പരിഗണനയിലിരിക്കുമ്പോള്‍ സമിതിയിലെ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സമിതി ആസ്ഥാനം സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ക്ക് മൂന്നു മാസത്തെ ശമ്പളവും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും നല്‍കാനുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പ്രധാന പോരായ്മയായി. വേതനം ലഭിക്കാത്തതിനാല്‍ ആയമാരില്‍ പലരും ജോലിക്ക് ഹാജരായിരുന്നില്ല. സമിതിയുടെ ഭരണതര്‍ക്കം കോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ ബന്ധപ്പെട്ട അധികൃതരാരും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ല. ഈ പിഴവാണ് ഒന്നരവയസ്സുകാരി അന്യയുടെ ജീവനെടുത്തത്. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കും. കൂടാതെ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും. ഇതിന്റെ ഭാഗമായി പരിശീലനം നേടിയ ആയമാരെയും കുട്ടികളെ പരിചരിക്കുന്നതിന് സ്ഥിരമായി ഒരു ഡോക്ടറെയും നിയമിക്കും. പരിശീലനം നേടിയ ആയമാരെ ശ്രീചിത്രഹോമില്‍നിന്ന് നിയമിക്കും. നേഴ്സുമാരെ നിയമിക്കുന്നതില്‍ നിശ്ചിത യോഗ്യതയും ജോലിയിലുള്ള മുന്‍പരിചയവും നിര്‍ബന്ധമാക്കും. കുടിവെള്ളം ശേഖരിക്കുന്നതിന് സ്ഥിരമായ സംവിധാനമൊരുക്കും. സംസ്ഥാനത്തുടനീളം ശിശുസംരക്ഷണത്തിനുള്ള സമിതികളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനുള്ള പ്രോജക്ട് രണ്ടുമാസത്തിനുള്ളില്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ സെക്രട്ടറി കെ എം എബ്രഹാം, കലക്ടര്‍ കെ എന്‍ സതീഷ്, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം എസ് ജയ എന്നിവരും സമിതിയിലെത്തി.



deshabhimani 020412

1 comment:

  1. യുഡിഎഫിലെ തര്‍ക്കങ്ങള്‍ ഭരണത്തെ ബാധിക്കുന്ന നിലയിലായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും കോട്ടയത്ത് അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍പെട്ട് ഭരണതീരുമാനങ്ങള്‍ വൈകില്ല. ലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യവും കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് ആവശ്യവും ഹൈക്കമാന്റിലും സംസ്ഥാനത്തും ചര്‍ച്ച പെയ്യേണ്ടതുണ്ട്. വിവിധ പാര്‍ടികളിലെ എംഎല്‍എ മാരുടെ എണ്ണം നോക്കിയല്ല മന്ത്രിമാരുടെ എണ്ണം തീരുമാനിക്കേണ്ടതെന്ന കെ മുരളീധരന്റെ ആവശ്യവും ഹൈക്കമാന്റിന്റെ മുന്നിലെത്തിക്കും. സമുദായ സന്തുലിതാവസ്ഥ സംബന്ധിച്ച വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനും എല്ലാം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നായിരുന്നു മറുപടി.

    ReplyDelete