Sunday, April 15, 2012

ട്രൈബല്‍ ഹൈവേ അട്ടിമറിക്കാന്‍ നീക്കം


സംസ്ഥാനത്ത് ആദിവാസി-ദലിത് വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ട്രൈബല്‍ ഹൈവേ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രിത നീക്കം.

ഇടുക്കി-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ട്രൈബല്‍ ഹൈവേ കാസര്‍കോട്-തിരുവനന്തപുരം ഹില്‍ ഹൈവേയ്ക്ക് സമാന്തരമായി നിര്‍മ്മിക്കാനാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി ഗ്രാമവികസന കമ്മീഷണറോടും പഞ്ചായത്ത് വകുപ്പ് ഡയറക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇടുക്കി പാക്കേജിലേതടക്കമുള്ള  ആദിവാസി ക്ഷേമപദ്ധതികള്‍ അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഇതിനോടകം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനായിരക്കണക്കിന് ആദിവാസി-ദലിത് വിഭാഗങ്ങളെ കടുത്ത അവഗണനയിലേക്ക് തള്ളിവിടുന്ന നടപടി.

ഇടുക്കി-കോട്ടയം ജില്ലകളിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യം സാക്ഷാത്കരിക്കാനായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തിലെ കുറത്തിക്കുടിയില്‍ നിന്നും ആരംഭിച്ച് കോട്ടയം ജില്ലയിലെ പുഞ്ചവയലില്‍ അവസാനിക്കുകയും തുടര്‍ന്ന് ളാഹയിലെത്തുന്നതുമാണ് നിര്‍ദ്ദിഷ്ട ട്രൈബല്‍ ഹൈവേ.

ഈ രണ്ട് ജില്ലകളിലെയും ആദിവാസികളുടെ ശബരിമലയിലേക്കുള്ള നടപ്പുവഴിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഇടുക്കി ജില്ലയിലെ മാമലക്കണ്ടം-മുള്ളരിങ്ങാട്-പെരിങ്ങാശേരി-മേത്തൊട്ടി-പതപ്പിള്ളി-എടാട്-അന്നൂര്‍-മോര്‍ക്കാട് വഴി മുറിഞ്ഞുപുഴയില്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്.
മുഖ്യമന്ത്രി ഇടുക്കി ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ പദ്ധതി അട്ടിമറിക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മറുപടിക്ക് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊടുപുഴ, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ മലയോര മേഖലകള്‍ക്ക് കൂടി ഹൈവേ ഗുണം ചെയ്യണമെന്ന് കാണിച്ച് ആദിവാസി സംഘടനകള്‍ നല്‍കിയിട്ടുള്ള അപേക്ഷയും സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. ആദ്യമായി ഇടമലക്കുടി ട്രൈബല്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച് ആദിവാസി വിഭാഗത്തിന് വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പട്ടിക വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.
 (പി എല്‍ നിസാമുദ്ദീന്‍)

janayugom news

1 comment:

  1. സംസ്ഥാനത്ത് ആദിവാസി-ദലിത് വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ട്രൈബല്‍ ഹൈവേ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആസൂത്രിത നീക്കം.

    ReplyDelete