Sunday, April 15, 2012

കോണ്‍ഗ്രസില്‍ കലാപക്കൊടി


കെപിസിസി ചേരാന്‍ വൈകിയാല്‍ പരസ്യപ്രതികരണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ അസാധാരണമായ രീതികളാണ് നടക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനവും മന്ത്രിസഭാപുനസംഘടനയും കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പിറവം തെരഞ്ഞെടുപ്പിന്റെ തിളക്കം നഷ്ടപ്പെടുത്തി. അടിയന്തിരമായി കെപിസിസി വിളിക്കാത്ത പക്ഷം ഇക്കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തേണ്ടി വരുമെന്നും സുധീരന്‍ സൂചന നല്‍കി. അതേ സമയം ഉമ്മന്‍ചാണ്ടിക്കെതിരെ ചിലര്‍ ഗൂഡാലോചന നടത്തിയെന്ന് പി ടി തോമസ് എം പി പ്രതികരിച്ചു. അത് കണ്ടെത്താന്‍ ഹൈക്കമാന്റ് ഇടപെടണം. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.

മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഏതെങ്കിലും ഒരു സമുദായത്തെ തൃപ്തിപ്പെടുത്താനാണ് തനിക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കിയതെന്നു കരുതുന്നില്ല. കോണ്‍ഗ്രസിന്റെ പതാക ഒരു സമുദായ നേതാവിന്റെയും മുന്നില്‍ അടിയറ വെക്കാന്‍ താന്‍ ജീവിച്ചിരിക്കുന്നിടത്തോളം അനുവദിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മലപ്പുറത്ത് പൊതുയോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ വികാരം വ്രണപ്പെടുത്തി അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ തന്നെക്കിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

കെപിസിസിയില്‍ ആലോചിക്കാതെ ലീഗിന് അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും നടത്തിയ മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതികരണമാണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. തന്റെ ഒപ്പമുള്ള മന്ത്രിമാരെ രാജിവെപ്പിക്കാതെ വകുപ്പുമാറ്റം മാത്രം നടത്തി സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമവും ഇതോടെ പാളി. ഉമ്മന്‍ചാണ്ടിയെ രാജി വെപ്പിച്ച് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നു പറയപ്പെടുന്നു. ഇതോടെ ലീഗുമായുള്ള തര്‍ക്കം പരിഹരിച്ച് വിവാദങ്ങളൊഴിവാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമവും പാളി. പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെപിസിസിയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് സുധീരന്റെ പ്രസ്താവന. കേരളത്തിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വീണ്ടും ഡല്‍ഹിയിലേക്ക് പോകും. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ കലാപക്കൊടി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുവരുടെയും യാത്ര.

തോല്‍വി മറന്ന് ലീഗ് അഹങ്കരിക്കരുത് ആര്യാടന്‍

മലപ്പുറം: കോണ്‍ഗ്രസുകാരുടെ വികാരം വ്രണപ്പെടുത്തി അധികാരത്തില്‍ തുടരാന്‍ താനുണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മലപ്പുറം ഡിസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍.

2004 ലെയും 2006 ലെയും തോല്‍വി മറന്ന് ലീഗ് അഹങ്കരിക്കരുത്. അത് മറന്നുള്ള കളി തീക്കളിയാണ്. കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടെന്ന് പറയുന്നവര്‍ കാസര്‍കോടും കണൂരും അടി കിട്ടിയ കാര്യം മറക്കരുത്. ഒരു ശക്തിക്കു മുന്നിലും തോല്‍വി സമ്മതിക്കില്ല. അല്‍പായുസുകളെ തനിക്ക് ഭയമില്ല. കേരളത്തില്‍ സിപിഐഎമ്മിനും കോണ്‍ഗ്രസിനുമല്ലാതെ ഒറ്റക്ക് മല്‍സരിച്ച് ജയിക്കാനാവില്ല. തനിച്ചു മല്‍സരിച്ചു ജയിക്കാനാവാത്ത പാര്‍ട്ടികളാണ് ഇതു പറയുന്നതെന്നും ആര്യാടന്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രിക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് ലീഗുകാര്‍ ആര്യാടനെതിരെ മലപ്പുറത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഡിസിസി ആര്യാടന് സ്വീകരണമൊരുക്കിയത്.

മുഖ്യമന്ത്രി കീഴടങ്ങിയെന്നത് സ്ഥിരം പല്ലവി തിരുവഞ്ചൂര്‍

കോട്ടയം: മുഖ്യമന്ത്രി സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങിയെന്നത് സ്ഥിരം ശൈലിയാണെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത്വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായികസംതുലനം തകര്‍ന്നുവെന്ന് ശത്രുക്കള്‍ പോലും പറയില്ല. എന്‍എസ്എസിന്റെ നയം അവര്‍ പറയട്ടെ. സംസ്ഥാനത്ത് 10 തീരദേശപൊലീസ് സ്റ്റേഷനുകള്‍ ഉടന്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കെയര്‍ പദ്ധതിക്ക് 10 കോടിയുടെ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വീണ്ടും ഡല്‍ഹിക്ക്

കേരളത്തിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വീണ്ടും ഡല്‍ഹിയിലേക്ക് പോകും. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ കലാപക്കൊടി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുവരുടെയും യാത്ര.

deshabhimani news

2 comments:

  1. കെപിസിസി ചേരാന്‍ വൈകിയാല്‍ പരസ്യപ്രതികരണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ അസാധാരണമായ രീതികളാണ് നടക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനവും മന്ത്രിസഭാപുനസംഘടനയും കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പിറവം തെരഞ്ഞെടുപ്പിന്റെ തിളക്കം നഷ്ടപ്പെടുത്തി. അടിയന്തിരമായി കെപിസിസി വിളിക്കാത്ത പക്ഷം ഇക്കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തേണ്ടി വരുമെന്നും സുധീരന്‍ സൂചന നല്‍കി. അതേ സമയം ഉമ്മന്‍ചാണ്ടിക്കെതിരെ ചിലര്‍ ഗൂഡാലോചന നടത്തിയെന്ന് പി ടി തോമസ് എം പി പ്രതികരിച്ചു. അത് കണ്ടെത്താന്‍ ഹൈക്കമാന്റ് ഇടപെടണം. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.

    ReplyDelete
  2. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്തെ മതേതര സങ്കല്‍പ്പങ്ങളെ തകിടം മറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ശീചിത്രാ സ്റ്റാഫ് യൂണിയന്‍ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ യുഡിഎഫിലെ പ്രധാന കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ജനങ്ങള്‍ ഏറെനാള്‍ കണ്ടുകൊണ്ടിരിക്കില്ല. യുഡിഎഫ് ഭരണത്തിനുകീഴില്‍ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമല്ല. മണ്ണെണ്ണ, കുടിവെള്ളം, ഒപി ടിക്കറ്റ്, തുടങ്ങി എല്ലാത്തിന്റെയും വിലവര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറാകണം. കൂടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്നും പാര്‍ടി തന്നെ വിലക്കിയിട്ടില്ലെന്നും സമരസ്ഥലം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു.

    ReplyDelete