Tuesday, April 3, 2012

എംജിയിലെ അക്കാദമിക് പരിഷ്കാരങ്ങള്‍ സംരക്ഷിക്കണം: വിദ്യാഭ്യാസ സാംസ്കാരിക കൂട്ടായ്മ


കോട്ടയം എംജി സര്‍വകലാശാലയുടെ കഴിഞ്ഞകാലങ്ങളിലെ നേട്ടങ്ങള്‍ ഇല്ലാതാക്കാനും വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളെ പുറത്താക്കാനും ഒരു വിഭാഗം സിന്‍ഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
നാലുവര്‍ഷം കൊണ്ട് രാജ്യത്തിനാകെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. രാജ്യത്ത് ആദ്യമായി ബിരുദതലത്തില്‍ ഏകജാലകപ്രവേശനം നടപ്പാക്കി. മെറിറ്റും സംവരണവും അടിസ്ഥാനമാക്കി ബിരുദതലപ്രവേശനം നടത്തിയത് പിന്നോക്കക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായിരുന്നു. ഈ പരിഷ്കാരങ്ങളിലൂടെ 2363 എസ്സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് 2011-12 വര്‍ഷം പ്രവേശനം ലഭിച്ചു. മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട കേവലം 569 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം കിട്ടിയത്. ബിരുദതല ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍, വര്‍ധിച്ച തോതിലുള്ള യുജിസി സഹായം നേടിയെടുക്കല്‍, പെന്‍ഷന്‍ ഫണ്ട് രൂപീകരണം, ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം, സമഗ്രമായ പരീക്ഷാ കംപ്യൂട്ടറൈസേഷന്‍, 11 ഇന്റര്‍ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റര്‍, നെടുങ്കണ്ടം, പാലാ, മണിമലക്കുന്ന് എന്നിവിടങ്ങളില്‍ പുതിയ നേഴ്സിങ് കോളേജുകള്‍, നോബല്‍ സമ്മാനജേതാക്കളുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരം, അന്താരാഷ്ട്ര പുസ്തകോത്സവം, സുതാര്യമായ നിയമനങ്ങള്‍ തുടങ്ങി നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു.

വൈസ് ചാന്‍സലറെ നുണപ്രചാരണങ്ങള്‍ നടത്തി പുറത്താക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം. വൈസ് ചാന്‍സലറുടെ വ്യക്തിശ്രേഷ്ഠതയെ ഹനിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ നടത്തുമെന്നു പറയുന്ന അന്വേഷണത്തില്‍ ശക്തമായ പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

deshabhimani 030412

1 comment:

  1. കോട്ടയം എംജി സര്‍വകലാശാലയുടെ കഴിഞ്ഞകാലങ്ങളിലെ നേട്ടങ്ങള്‍ ഇല്ലാതാക്കാനും വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളെ പുറത്താക്കാനും ഒരു വിഭാഗം സിന്‍ഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
    നാലുവര്‍ഷം കൊണ്ട് രാജ്യത്തിനാകെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു.

    ReplyDelete