Wednesday, April 4, 2012

സിബിഐ രാഷ്ട്രീയം കളിക്കുന്നു: സിപിഐ എം


തലശേരി ഫസല്‍ വധക്കേസില്‍ രാഷ്ട്രീയമേലാളന്മാരെ തൃപ്തിപ്പെടുത്താന്‍ ഹീനമാര്‍ഗമാണ് സിബിഐ സ്വീകരിക്കുന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതതീവ്രവാദശക്തികള്‍ക്ക് സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് സഹായകരമായ നിലപാടാണ് സിബിഐയുടേത്. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും ഫസല്‍ വധത്തില്‍ സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിക്കാത്ത സിബിഐ, നേതാക്കളെ കുടുക്കാന്‍ കൃത്രിമമായി തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കേസില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയ മേലാളന്മാരുടെ താല്‍പര്യത്തിനുസരിച്ചു നീങ്ങുന്ന സിബിഐ കോണ്‍ഗ്രസ് ബ്യൂറോയായി അധഃപതിച്ചിരിക്കുകയാണ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. എറണാകുളത്തെ സിബിഐ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും പി ജയരാജന്‍ വ്യക്തമാക്കി.

സിബിഐ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ, ഇവരാണ് പ്രതികളെന്ന് പറയാന്‍പോലും സിബിഐ അഭിഭാഷകര്‍ക്കായില്ല. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കയാണ്. പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് വാങ്ങി അവരെക്കൊണ്ടു സിപിഐ എം നേതാക്കളാണ് ഫസലിനെ വധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പറയിക്കാന്‍ സിബിഐ സമ്മര്‍ദം ചെലുത്തുകയാണ്. മാര്‍ച്ച് 19 മുതല്‍ 23വരെ കസ്റ്റഡിയില്‍വച്ചിട്ടും കേസിനെക്കുറിച്ച് അന്വേഷിച്ചില്ല. പകരം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷികളാക്കാമെന്നാണ് വാഗ്ദാനം.

സിപിഐ എമ്മിനെ കേസില്‍ കണ്ണിചേര്‍ക്കാനാണ് പ്രദേശത്തെ പാര്‍ടി നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ജില്ലാ സെക്രട്ടറി പി ശശിയോട് ജില്ലാകമ്മിറ്റിയുടെയും ഏരിയാകമ്മിറ്റിയുടെയും മിനുട്സ് ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. ഫസല്‍വധം നടക്കുന്ന ഘട്ടത്തില്‍ പി ശശി ജില്ലാസെക്രട്ടറിയായിരുന്നില്ല. എന്‍ഡിഎഫ് പത്രത്തിന്റെ ഏജന്റായ ഫസലും സിപിഐ എമ്മും തമ്മില്‍ ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല. പ്രാദേശികമായി ഫസലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ പ്രശ്നം നിലനിന്നിരുന്നു. അക്കാലത്ത് നടന്ന സമാധാനയോഗത്തില്‍ പോലും എന്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞത് കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍എസ്എസാണെന്നാണ്. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് മത വര്‍ഗീയ തീവ്രവാദശക്തികള്‍ക്ക് അവസരമുണ്ടാക്കുന്ന നിലപാട് ജനം തിരിച്ചറിയണമെന്ന് ജയരാജന്‍ അഭ്യര്‍ഥിച്ചു.

deshabhimani 040412

1 comment:

  1. തലശേരി ഫസല്‍ വധക്കേസില്‍ രാഷ്ട്രീയമേലാളന്മാരെ തൃപ്തിപ്പെടുത്താന്‍ ഹീനമാര്‍ഗമാണ് സിബിഐ സ്വീകരിക്കുന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതതീവ്രവാദശക്തികള്‍ക്ക് സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് സഹായകരമായ നിലപാടാണ് സിബിഐയുടേത്. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും ഫസല്‍ വധത്തില്‍ സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിക്കാത്ത സിബിഐ, നേതാക്കളെ കുടുക്കാന്‍ കൃത്രിമമായി തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കേസില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയ മേലാളന്മാരുടെ താല്‍പര്യത്തിനുസരിച്ചു നീങ്ങുന്ന സിബിഐ കോണ്‍ഗ്രസ് ബ്യൂറോയായി അധഃപതിച്ചിരിക്കുകയാണ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. എറണാകുളത്തെ സിബിഐ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായും പി ജയരാജന്‍ വ്യക്തമാക്കി.

    ReplyDelete