Wednesday, April 25, 2012

പന്ത്രണ്ടാം പദ്ധതി സമീപനരേഖ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം: സിപിഐ എം


പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമായിട്ടും പദ്ധതി സമീപനരേഖ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയവികസന സമിതി യോഗവും (എന്‍ഡിസി) ചേര്‍ന്നില്ല. ഈ വീഴ്ച ആദ്യമാണ്. ജൂണിലോ ജൂലൈയിലോ ദേശീയവികസന സമിതി യോഗം ചേരുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അപ്പോഴേയ്ക്കും പദ്ധതി മൂന്നുമാസം പിന്നിടും. യഥാര്‍ഥത്തില്‍ പാര്‍ലമെന്റിന്റെ അഭിപ്രായം തേടിയശേഷമാണ് എന്‍ഡിസി യോഗം ചേരേണ്ടത്. പാര്‍ലമെന്റിന്റെ അഭിപ്രായപ്രകടനം ആ യോഗത്തില്‍ പ്രതിഫലിക്കണം. എന്നാല്‍, പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിലും എന്‍ഡിസി യോഗം വിളിക്കുന്നതിലും ഇപ്പോഴും അവ്യക്തതയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇതില്‍നിന്ന് ബോധ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ സമീപനരേഖ അടിയന്തരമായും ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റിന്റെ ഇരുസഭയിലും സിപിഐ എം ഈ വിഷയം ഗൗരവമായി ഉയര്‍ത്തും- യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അടുത്ത രാഷ്ട്രപതിയെ കണ്ടെത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് സമവായ ചര്‍ച്ചകള്‍ക്ക് തുടങ്ങണം. യുപിഎക്കോ എന്‍ഡിഎക്കോ ഈ രണ്ടു മുന്നണിയിലും ഉള്‍പ്പെടാത്ത പാര്‍ടികള്‍ക്കോ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സമവായ സ്ഥാനാര്‍ഥി വേണം. ഇതിന് മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയായ കോണ്‍ഗ്രസാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രമാണ് ശേഷിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പല പേരുകളും വലിച്ചിഴച്ച് കേന്ദ്രംഅഭ്യൂഹങ്ങള്‍ പടര്‍ത്തുകയാണ്. സജീവ രാഷ്ട്രീയത്തില്‍ ഉള്ളവരും അല്ലാത്തവരുമായ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവന്നു. രാഷ്ട്രീയക്കാരും അല്ലാത്തവരുമൊക്കെ ഒരേപോലെ യോഗ്യരും പരിഗണിക്കപ്പെടാവുന്നവരുമാണ്. ഇവരുടെയൊക്കെ പേരുകള്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുപോകാതെ സമവായത്തിലൂടെ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തണം- യെച്ചൂരി പറഞ്ഞു.

deshabhimani 250412

1 comment:

  1. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമായിട്ടും പദ്ധതി സമീപനരേഖ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയവികസന സമിതി യോഗവും (എന്‍ഡിസി) ചേര്‍ന്നില്ല. ഈ വീഴ്ച ആദ്യമാണ്. ജൂണിലോ ജൂലൈയിലോ ദേശീയവികസന സമിതി യോഗം ചേരുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അപ്പോഴേയ്ക്കും പദ്ധതി മൂന്നുമാസം പിന്നിടും. യഥാര്‍ഥത്തില്‍ പാര്‍ലമെന്റിന്റെ അഭിപ്രായം തേടിയശേഷമാണ് എന്‍ഡിസി യോഗം ചേരേണ്ടത്.

    ReplyDelete