Wednesday, April 25, 2012

രാഷ്ട്രീയകേരളം ഇനി നെയ്യാറ്റിന്‍കരയില്‍


ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ ഇനിയുള്ള 38 നാള്‍ നെയ്യാറ്റിന്‍കര രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. അനവസരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്്. കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പണച്ചാക്ക് രാഷ്ട്രീയവും കുതിരക്കച്ചവടവുമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍നിന്ന് ഒന്നര പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയായി തുടരുന്ന അഡ്വ. എഫ് ലോറന്‍സാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ വ്യക്തിപരമായ ലാഭങ്ങള്‍ക്കുവേണ്ടി വലിച്ചെറിഞ്ഞ ആര്‍ സെല്‍വരാജ് താന്‍ പറഞ്ഞതെല്ലാം വിഴുങ്ങി യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുവരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും രംഗത്തുണ്ട്.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, അതിയന്നൂര്‍, തിരുപുറം, കുളത്തൂര്‍, ചെങ്കല്‍, കാരോട് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് നെയ്യാറ്റിന്‍കര മണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഘടനമാറി നടന്ന ആദ്യതെരഞ്ഞെടുപ്പായിരുന്നു 2011ലേത്. 6702 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. അതിയന്നൂര്‍ പഞ്ചായത്ത് ഒഴിച്ച് മറ്റിടങ്ങളില്‍ ഇപ്പോള്‍ യുഡിഎഫ് ഭരണമാണെങ്കിലും എല്ലാ പ്രദേശങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ ഉണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനവും ഈ ജനസ്വാധീനമാണ്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആര്‍ സെല്‍വരാജ് ഒന്നുമില്ലായ്മയില്‍നിന്ന് പാര്‍ടിയുടെ തണലില്‍ വളര്‍ന്ന് ഒടുക്കം പാര്‍ടിയെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടുകയായിരുന്നു. മറുകണ്ടം ചാടിയശേഷം പരസ്പരവിരുദ്ധമായി പറയുന്ന കാര്യങ്ങള്‍ യുഡിഎഫുകാരില്‍പ്പോലും വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനുമുമ്പാണ് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ് സ്ഥാനം ഒഴിഞ്ഞത്. അതിനു പറഞ്ഞ ന്യായങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു. രാജികാരണങ്ങള്‍ വിശദീകരിക്കാന്‍, സെല്‍വരാജും വിരലിലെണ്ണാവുന്ന ഏതാനും സിപിഐ എം വിരുദ്ധരും ചേര്‍ന്ന് നടത്തിയ ജാഥ നെയ്യാറ്റിന്‍കരക്കാര്‍ തിരസ്കരിച്ചതോടെ പാതിവഴിക്ക് ഉപേക്ഷിച്ചു. യുഡിഎഫ് അണികളും ജാഥയില്‍നിന്ന് വിട്ടുനിന്നു. ഇതോടെ യുഡിഎഫ് പിന്തുണ ഉറപ്പിച്ചശേഷംമതി പ്രചാരണമെന്ന് തീരുമാനിക്കുകയായിരുന്നു. യുഡിഎഫുമായി ധാരണയുണ്ടാക്കുന്നതിലും ഭേദം ആത്മഹത്യയാണെന്നു പറഞ്ഞ് മണിക്കൂറുകള്‍ക്കകം മലക്കം മറിയുകയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് യുഡിഎഫ് പാളയത്തില്‍ അടിയുകയും ചെയ്ത സെല്‍വരാജ് ഇപ്പോള്‍ കോണ്‍ഗ്രസ് ചിഹ്നം കിട്ടിയാലും മതിയെന്ന നിലപാടിലാണ്. ഇതില്‍ വിരോധമില്ലെന്ന് കടലാസ് സംഘടനയുടെ പേരില്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിക്കഴിഞ്ഞു. കേരളരാഷ്ട്രീയത്തെ മലീമസമാക്കിയ സ്ഥാനാര്‍ഥിയുടെയും അതിന് തിരക്കഥ തയ്യാറാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പി സി ജോര്‍ജിന്റെയും ഇടപെടലുകള്‍ പ്രചാരണവിഷയമായി നിറഞ്ഞുനില്‍ക്കും.

അതോടൊപ്പം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടരുന്ന ജനവിരുദ്ധ നടപടികളും രൂക്ഷമായ വിലക്കയറ്റവും ചര്‍ച്ചയാകും. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ അരക്ഷിതാവസ്ഥയിലും പട്ടിണിയിലുമാണ്. ജീവനുപോലും സുരക്ഷയില്ല. മണ്ണെണ്ണ കിട്ടാനില്ലാത്തത് മത്സ്യബന്ധനത്തെ ബാധിക്കുന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പിടിപ്പുകേടിന്റെ പര്യായമായി കടന്നെത്തിയ ലോഡ് ഷെഡിങ്ങും പവര്‍കട്ടും ജനജീവിതത്തെ വലച്ചു. യുഡിഎഫിലെ കക്ഷികള്‍ തമ്മിലുള്ള തെരുവുയുദ്ധം മൂത്ത് ഭരണമാകെ സ്തംഭിച്ച അവസ്ഥയാണ്. സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് സംസ്ഥാനത്തെ സൗഹാര്‍ദാന്തരീക്ഷവും തകര്‍ത്തു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കുതിരക്കച്ചവട രാഷ്ട്രീയത്തിനുള്ള നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ ജനതയുടെ മറുപടിയായിരിക്കും നെയ്യാറ്റിന്‍കരയില്‍നിന്ന് കേള്‍ക്കാന്‍ പോകുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

deshabhimani 250412

1 comment:

  1. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ ഇനിയുള്ള 38 നാള്‍ നെയ്യാറ്റിന്‍കര രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. അനവസരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്്. കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പണച്ചാക്ക് രാഷ്ട്രീയവും കുതിരക്കച്ചവടവുമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍നിന്ന് ഒന്നര പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയായി തുടരുന്ന അഡ്വ. എഫ് ലോറന്‍സാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

    ReplyDelete