Tuesday, April 3, 2012

ലോഡ് ഷെഡിങ് തുടങ്ങി

സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് ഉണ്ടായ ലോഡ് ഷെഡ്ഡിങ്ങ് സമയത്ത് മെഴുകുതിരി വെട്ടത്തില്‍ ഊണു കഴിച്ച് പബ്ലിക്ക് റിലേഷന്‍ തരികിട കാണിക്കുന്ന മുഖ്യമന്ത്രിക്കായി ഈ നിശാദീപം സമര്‍പ്പിക്കാം.

അഞ്ചു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ് തുടങ്ങി. വൈദ്യുതി ആസൂത്രണത്തില്‍ സംസ്ഥാന സര്‍ക്കാരും വൈദ്യുതിബോര്‍ഡും വരുത്തിയ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടുമുതലാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. വൈകിട്ട് 6.30 മുതല്‍ അരമണിക്കൂര്‍വീതമാണ് വൈദ്യുതിനിയന്ത്രണം. വരുംദിവസങ്ങളില്‍ ഇത് വര്‍ധിപ്പിക്കാനും പവര്‍കട്ടിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ജൂണ്‍ ആദ്യവാരംവരെ ലോഡ് ഷെഡിങ് തുടരും. ഗാര്‍ഹിക, വാണിജ്യ വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ലോഡ് ഷെഡിങ് ബാധകമാണ്.

വ്യവസായ ഉപയോക്താക്കള്‍ക്ക് (എച്ച്ടി-ഇഎച്ച്ടി) നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വൈദ്യുതിബോര്‍ഡിന്റെ നിര്‍ദേശത്തില്‍ റെഗുലേറ്ററി കമീഷന്‍ ബുധനാഴ്ച തീരുമാനമെടുക്കും. അതിനിടെ പ്രതിസന്ധി പരിഗണിച്ച് കേന്ദ്രപൂളില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നല്‍കുമെന്നുള്ള കേന്ദ്രമന്ത്രിമാരുടെ വാഗ്ദാനവും നടപ്പായില്ല. കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവര്‍ പരസ്യമായി നടത്തിയ പ്രഖ്യാപനങ്ങളെപ്പറ്റി കെഎസ്ഇബിക്ക് ഇതുവരെയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇടുക്കിയിലെ ആറ് ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ചമുതല്‍ നിര്‍ത്തിവച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

ലോഡ്ഷെഡിങ് സമയത്ത് നിശാദീപം തെളിച്ചു

കൊല്ലം: ലോഡ്ഷെഡിങ് സമയത്ത് നിശാദീപം തെളിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെളിച്ചമേകി. കേരളത്തെ ഇരുളിലാക്കി വീണ്ടും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊല്ലം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓലയില്‍ സെക്ഷന്‍ ഓഫീസിന്റെ മുന്നിലായിരുന്നു ദീപം തെളിച്ചത്. തുടര്‍ന്ന് നടന്ന യോഗം ഏരിയപ്രസിഡന്റ് അഡ്വ. ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. കൊച്ചുണ്ണി അധ്യക്ഷനായി. ഡിവൈഎഫ്ഐ ചടയമംഗലം ഏരിയകമ്മിറ്റി നേതൃത്വത്തില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് നിശാദീപം തെളിച്ച് പ്രകടനം നടത്തി. ഡിവൈഎഫ്ഐ കടയ്ക്കല്‍ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിശാദീപം തെളിക്കല്‍ ഏരിയപ്രസിഡന്റ് അഡ്വ. ടി എസ് പ്രഫുല്ലഘോഷ് ഉദ്ഘാടനംചെയ്തു. ഏരിയസെക്രട്ടറി എം കെ സഫീര്‍ നിശാദീപം തെളിച്ചു. എസ് റഹിം അധ്യക്ഷനായി.

ഡിവൈഎഫ്ഐ നിശാദീപം തെളിച്ചു

സംസ്ഥാനത്ത് അക്കാദമിക് പരീക്ഷാ വേളയില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി നിശാദീപം തെളിച്ചു. സെക്രട്ടറിയറ്റിനു മുമ്പിലും കെഎസ്ഇബി ഓഫീസുകള്‍ക്ക് മുമ്പിലുംനടന്ന പ്രതിഷേധ പരിപാടിയില്‍ ബഹുജനങ്ങളും അണിനിരന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുമ്പില്‍ ഡിവൈഎഫ്ഐ സംസ്ഥാനട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു.

ലോഡ് ഷെഡിങ്: മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഐഫ്ഐ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തിരുവല്ലയില്‍ ഡിവൈഎഫ്ഐ നിരണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരണം കെഎസ്ഇബിക്ക് മുമ്പില്‍ നടന്ന മാര്‍ച്ച് ഏരിയ സെക്രട്ടറി ബിനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കുമ്പനാട് വൈദ്യുതി ഓഫീസിലേക്ക് തിരികൊളുത്തി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഏരിയ സെക്രട്ടറി ഷിജു പി കുരുവിള ഉദ്ഘാടനം ചെയ്തു. അഭിലാഷ് ടി വി അധ്യക്ഷനായി. റാന്നി ഇട്ടിയപ്പാറ കെഎസ്ഇബി ഓഫീസിന് മുമ്പില്‍ വളിക്ക് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റോഷന്‍ റോയ് മാത്യു ഉദ്ഘാടനംചെയ്തു. അജിത് ഏണസ്റ്റ് അധ്യക്ഷനായി. ജനതാദള്‍ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് മണപ്പുറം അധ്യക്ഷനായി.

deshabhimani 030412

1 comment:

  1. സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് ഉണ്ടായ ലോഡ് ഷെഡ്ഡിങ്ങ് സമയത്ത് മെഴുകുതിരി വെട്ടത്തില്‍ ഊണു കഴിച്ച് പബ്ലിക്ക് റിലേഷന്‍ തരികിട കാണിക്കുന്ന മുഖ്യമന്ത്രിക്കായി ഈ നിശാദീപം സമര്‍പ്പിക്കാം.

    ReplyDelete