Tuesday, April 3, 2012

കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തമാക്കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്


കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തംപേരില്‍ ആധാരം ചെയ്ത സ്ഥലം സര്‍ക്കാരിന്റേതാണെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ ഹമീദും മറ്റൊരു നേതാവ് കെ പി മുഹമ്മദ്കുഞ്ഞിയും 2011 ഡിസംബര്‍ 20ന് കാസര്‍കോട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലമാണ് റവന്യൂ ഭൂമിയാണെന്ന് തെളിഞ്ഞത്. ഇതുസംബന്ധിച്ച ദേശാഭിമാനി വാര്‍ത്തയെതുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. വീണ്ടും സര്‍വേ നടത്തിയശേഷം അഡീഷണല്‍ തഹസില്‍ദാര്‍ ഭരതന്‍ കലക്ടര്‍ വി എന്‍ ജിതേന്ദ്രന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭൂമി പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമിയാണെന്ന് പറയുന്നത്. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനോട് ചേര്‍ന്നുകിടക്കുന്ന 82 സെന്റ് സ്ഥലമാണ് മൂന്നാളുടെപേരില്‍ ആധാരം ചെയ്തത്. സ്വകാര്യ വ്യക്തിയില്‍നിന്ന് വിലയ്ക്ക് വാങ്ങിയെന്ന വ്യാജേനയാണ് ആധാരം. ഇതില്‍ 18 സെന്റ് മാത്രമാണ് പട്ടയഭൂമിയെന്നും ബാക്കിയുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്നുമുള്ള ദേശാഭിമാനി വാര്‍ത്ത ശരിവയ്ക്കുന്നതാണ് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട്. 20 വര്‍ഷം മുമ്പ് ഈ ഭൂമി ഇതേ നേതാക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞതാണ്. ഇത് സ്വകാര്യവ്യക്തിയുടെ പട്ടയ ഭൂമിയാണെന്ന് അവകാശവുമായി ഇവര്‍ കോടതിയെ സമീപിച്ചു. കലക്ടറുടെ വാദം അംഗീകരിച്ച് സ്ഥലം സര്‍ക്കാരിന്റെ അധീനതയിലുള്ളതാണെന്ന് 1996 ജൂണ്‍ 19ന് കാസര്‍കോട് മുന്‍സിഫ് കോടതി വിധിച്ചു. ഇതിനെതിരെ പരാതിക്കാര്‍ ജില്ലാ കോടതിയില്‍ കൊടുത്ത അപ്പീല്‍ 1999 മെയ് 31നും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ 2011 ഫെബ്രുവരി 15നും തള്ളിയിരുന്നു. അതിനുശേഷമാണ് വളഞ്ഞ വഴിയിലൂടെ ഭൂമി സ്വന്തമാക്കാനുള്ള ഗൂഢാലോചന നടന്നത്.

യുഡിഎഫ് ഭരണം വന്നതോടെ റീസര്‍വേയില്‍ കൃത്രിമം നടത്തിയാണ് ഇത് സ്വകാര്യ ഭൂമിയാണെന്ന് വില്ലേജില്‍ രേഖയുണ്ടാക്കിയത്. മുമ്പ് രണ്ട് സര്‍വേ നമ്പറില്‍ കിടന്ന സ്ഥലം പുതിയ റീസര്‍വേ കഴിഞ്ഞപ്പോള്‍ ഒരു സര്‍വേ നമ്പറിലായി. റീസര്‍വേ 246/1ല്‍ 18 സെന്റും റീ സര്‍വേ 246/2ല്‍ 65 സെന്റ് സ്ഥലവുമാണ് മുമ്പുണ്ടായത്. പരേതനായ സുബ്ബണ്ണ ആള്‍വയുടെ പേരിലുള്ള പട്ടയ ഭൂമിയാണിതെല്ലാമെന്ന ഹമീദിന്റെയും മുഹമ്മദ്കുഞ്ഞിയുടെയും വാദമാണ് കോടതി തള്ളിയത്. പുതിയ റീസര്‍വേ കഴിഞ്ഞപ്പോള്‍ ഈ ഭൂമിയെല്ലാം 218/11 നമ്പറിലായി. ഈ സര്‍വേ നമ്പറിലുള്ള 82 സെന്റ് സ്ഥലം 4.98 ലക്ഷം രൂപക്ക് വാങ്ങിയെന്നാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. കാസര്‍കോട് കെല്‍ ഫാക്ടറിക്ക് സമീപം സെന്റിന് രണ്ട് ലക്ഷത്തോളം വില വരുന്ന ഭൂമിയാണ് ചെറിയ തുകക്ക് വാങ്ങിയതായി രേഖയുണ്ടാക്കിയത്. ഭൂമി വാങ്ങിയ മൂന്നാമത്തെയാള്‍ പട്ടയമുള്ള ഭൂമിയുടെ യഥാര്‍ഥ അവകാശികളില്‍ ഒരാളാണ്. ഇവരുടെ പേരില്‍ 22 സെന്റ് സ്ഥലമാണ് ആധാരത്തില്‍ കാണിക്കുന്നത്. 30 സെന്റ് വീതം മറ്റു രണ്ടുപേര്‍ക്ക് അവകാശപ്പെട്ടതാണെന്നും പറയുന്നു. കോടതിയില്‍ പോയി പരാജയപ്പെട്ടപ്പോള്‍ ഭൂമി വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കാന്‍ ഭരണസ്വാധീനവും ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടായിട്ടുണ്ട്.

റീസര്‍വേയില്‍ ഈ ഭൂമി എങ്ങനെയാണ് പട്ടയ ഭൂമിയായതെന്ന് അന്വേഷിക്കണമെന്നാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുത്തൂര്‍ വില്ലേജ് ഓഫീസറുടെയും ജില്ലാ സര്‍വേയറുടെയും നേതൃത്വത്തില്‍ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്്. യുഡിഎഫ് ഭരണത്തില്‍ ജില്ലയില്‍ നടക്കുന്ന തട്ടിപ്പിന്റെ ചെറിയ ഉദാഹരണം മാണിത്. ഡിസിസി ഭാരവാഹികളുടെയുള്‍പ്പെടെ ഭൂമി തട്ടിപ്പ് പുറത്തുവന്നിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

വനഭൂമി മുതലാളിമാര്‍ക്ക് പതിച്ചുനല്‍കാന്‍ നീക്കമെന്ന് പിള്ള

കാട്ടാക്കട: സംസ്ഥാനത്ത് 3000 ഏക്കര്‍ വനഭൂമി മുതലാളിമാര്‍ക്ക് പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം നടക്കുന്നതായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. കിടപ്പാടമില്ലാത്ത ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഒരു സെന്റുപോലും പതിച്ചുനല്‍കാതെ പ്രമാണിമാര്‍ക്കായി നടത്തുന്ന നീക്കങ്ങളെ തടയുമെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി ജില്ലാ പരിശീലനക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണമുണ്ടെങ്കിലും അധികാരമില്ലാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ബി. ജെഎസ്സിന്റേയും സിഎംപിയുടേയും അവസ്ഥയാണ് പാര്‍ട്ടിക്ക്. അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ഗണേഷ്കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഭാവിയിലും മാറ്റമുണ്ടാകില്ല. പാര്‍ട്ടിയെ വേണ്ടാത്ത ആളെ പാര്‍ട്ടിക്കും വേണ്ട. ഇക്കാര്യത്തില്‍ എന്‍എസ്എസിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ട്. മന്ത്രിയെ കണ്ട് പാര്‍ട്ടിയിലേക്ക് വരുന്നവരല്ല യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരെന്നും പിള്ള പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ ചെറിയാന്‍ അധ്യക്ഷനായി.

എംവിഐപി ഭൂമിയില്‍ മന്ത്രിയുടെ ഒത്താശയോടെ കൈയേറ്റം

മൂലമറ്റം: എംവിഐപി ഭൂമിയില്‍ മന്ത്രിയുടെ പാര്‍ടിയുടെ ഒത്താശയോടെ കൈയേറ്റം വ്യാപകമാകുന്നു. മൂവാറ്റുപുഴ ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ വകുപ്പ് മന്ത്രിയുടെ മൗനാനുവാദത്തോടെ വ്യാപകമായി കൈവശപ്പെടുത്താന്‍ നീക്കം നടക്കുന്നത്. ഇതിനായി പുല്‍കൃഷിയുടെ മറവില്‍ കോഴവാങ്ങിയാണ് സര്‍ക്കാര്‍ ഭൂമി വീതിച്ചുനല്‍കുകയാണ്. പുല്‍കൃഷിക്കെന്ന പേരില്‍ വന്‍കിടക്കാര്‍ക്ക് ഭൂമി വീതിച്ച് നല്‍കുകയാണ്. എംവിഐപി വക ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമി പുല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറവിലാണ് വന്‍ തട്ടിപ്പ് അരങ്ങേറുന്നത്. ഇപ്പോള്‍ കൃഷിക്കായി നല്‍കുന്ന ഭൂമിക്ക് ഭാവിയില്‍ പട്ടയം വാങ്ങിക്കൊടുക്കാമെന്നും മന്ത്രിയുടെ പാര്‍ടിക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ആലക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനുള്ള നീക്കം വ്യാപകമായിക്കഴിഞ്ഞു.

ബാങ്ക് ശാഖ ഉദ്ഘാടനത്തിനായി തെക്കുംഭാഗത്ത് എത്തിയ മന്ത്രി ഏതാനും കേരള കോണ്‍ഗ്രസുകാരില്‍നിന്നും ഭൂമി നല്‍കുന്നതിനായുള്ള അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഇപ്പോള്‍ ഭൂമി നല്‍കാമെന്ന പേരില്‍ പണവും അപേക്ഷയും വാങ്ങുകയാണ്. കൃഷിക്കായി നല്‍കുന്ന ഭൂമി ഭാവിയില്‍ പതിച്ചുനല്‍കാമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നുണ്ട്. മലങ്കര ടൂറിസം പദ്ധതിയുടെ മലങ്കരഭാഗത്ത് ഭൂമി പതിച്ച് നല്‍കാനും നീക്കമാരംഭിച്ചു. മുട്ടം പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ ഭൂമിയില്‍ താമസിക്കാതെ മലങ്കരയില്‍ പുറമ്പോക്കില്‍ തന്നെ കഴിയുന്ന കുടുംബങ്ങളുടെ മറവിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസുകാര്‍ പണം വാങ്ങി എംവിഐപി ഭൂമിയില്‍ വീട് വച്ചുനല്‍കാന്‍ നീക്കം നടക്കുന്നത്. ടൂറിസം പദ്ധതിയുടെ മറവില്‍ വളരെ രഹസ്യമായാണ് ഇതിനുള്ള നീക്കം.

കോളപ്രയില്‍ എംവിഐപി ഭൂമിയില്‍ നിന്നിരുന്ന തേക്കിന്‍ തടികള്‍ മുറിച്ച് കടത്താന്‍ നടന്ന നീക്കത്തിനെതിരെ രേഖാമൂലം കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനുപിന്നിലും ശക്തമായ സമ്മര്‍ദമാണ് നടന്നത്. വെള്ളിയാമറ്റം പഞ്ചായത്തില്‍ തേന്‍മാരി ഭാഗത്ത് കേരള കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുകയും അതില്‍നിന്നിരുന്ന തടികള്‍ വെട്ടിക്കടത്തിയതിനെതിരെയും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളടക്കം രംഗത്തുവന്നിട്ടും മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റടക്കം ജനപ്രതിനിധികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യാപകമായി എംവിഐപി ഭൂമിയില്‍ നടക്കുന്ന കൈയേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജനങ്ങള്‍.

deshabhimani 030412

1 comment:

  1. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തംപേരില്‍ ആധാരം ചെയ്ത സ്ഥലം സര്‍ക്കാരിന്റേതാണെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ ഹമീദും മറ്റൊരു നേതാവ് കെ പി മുഹമ്മദ്കുഞ്ഞിയും 2011 ഡിസംബര്‍ 20ന് കാസര്‍കോട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലമാണ് റവന്യൂ ഭൂമിയാണെന്ന് തെളിഞ്ഞത്. ഇതുസംബന്ധിച്ച ദേശാഭിമാനി വാര്‍ത്തയെതുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. വീണ്ടും സര്‍വേ നടത്തിയശേഷം അഡീഷണല്‍ തഹസില്‍ദാര്‍ ഭരതന്‍ കലക്ടര്‍ വി എന്‍ ജിതേന്ദ്രന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭൂമി പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമിയാണെന്ന് പറയുന്നത്. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

    ReplyDelete