Wednesday, July 4, 2012

ഹൈക്കോടതി വിശദീകരണത്തില്‍ പരിക്കേല്‍ക്കുന്നത് പൊലീസ്-മാധ്യമ ഗൂഢാലോചനയ്ക്ക്


ഹൈക്കോടതി മാധ്യമങ്ങളോട് വിശദീകരണം തേടി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നും ഇതു കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെയും മാധ്യമങ്ങളുടെയും വിശദീകരണം തേടി. ചന്ദ്രശേഖരന്‍ വധത്തിനുപിന്നില്‍ സിപിഐ എം ആണെന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് അന്വേഷണ വിശദാംശങ്ങള്‍ എന്ന പേരില്‍ വാര്‍ത്ത നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട്, റിമാന്‍ഡില്‍ കഴിയുന്ന കെ കെ കൃഷ്ണന്റെ ഭാര്യ എം കെ യശോദ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നടപടി. മലയാള മനോരമ ചീഫ് എഡിറ്റര്‍, മാതൃഭൂമി ചീഫ് എഡിറ്റര്‍, മാധ്യമം എഡിറ്റര്‍, ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ എംഡി, ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍, മനോരമ ന്യൂസ് എംഡി, ഡിജിപി, പ്രത്യേക അന്വേഷണസംഘം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ വി സന്തോഷ് എന്നിവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ അന്വേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മാധ്യമങ്ങളുടെ നടപടി കോടതിയലക്ഷ്യമാണ്. വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് അവരെ തടയുകയും കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുകയും വേണം. മാധ്യമവിചാരണയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും കേസുകളെ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരംപോലും വെളിപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുംവരെ കുറ്റാരോപിതനായ ആള്‍ നിരപരാധിയാണ്. പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ മനഃപൂര്‍വമാണ് മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. അങ്ങനെയല്ലെങ്കില്‍ മാധ്യമവാര്‍ത്തകള്‍ നിഷേധിക്കാന്‍ പൊലീസ് തയ്യാറാകണം. വാര്‍ത്തകള്‍ക്കായി മത്സരിക്കുന്ന മാധ്യമങ്ങള്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുന്നു. ഇത് കുറ്റാരോപിതനായ ആളെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കും. ഇത്തരം വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ സ്വാധീനിക്കാനും ഇടയാവുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരിക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരായി.

ഹൈക്കോടതി വിശദീകരണത്തില്‍ പരിക്കേല്‍ക്കുന്നത് പൊലീസ്-മാധ്യമ ഗൂഢാലോചനയ്ക്ക്

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ ഹൈക്കോടതി വിശദീകരണം തേടിയപ്പോള്‍ അടിയേല്‍ക്കുന്നത് പൊലീസ്-മാധ്യമ ഗൂഢാലോചനയ്ക്ക്. ക്രിക്കറ്റും ഫുട്ബോളും പോലുള്ള കായികവിനോദങ്ങള്‍ തത്സമയം റിപ്പോര്‍ട്ട്ചെയ്യുന്നതു പോലെയാണ് കള്ളവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കോടതി കണ്ടെത്തുംവരെ പ്രതികള്‍ കുറ്റക്കാരല്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്തിമവിധി ഇതുവരെ വന്നിട്ടില്ല. എന്നാല്‍, പ്രതികളെ കുറ്റവാളികളാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. ചില പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ട്ചെയ്തിരുന്നു. പ്രതികള്‍ ചന്ദ്രശേഖരനെ വധിക്കുന്നതില്‍ നേരിട്ടുപങ്കെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

അവസാന വിധിവരുന്നതുവരെ കേസ് സംബന്ധിച്ച ഒരു വിവരവും പത്ര-ദൃശ്യമാധ്യമങ്ങളില്‍ നല്‍കാന്‍ പൊലീസിന് അധികാരമില്ലെന്നു 1957ലെ സുപ്രീംകോടതി വിധിമുതല്‍ 2012ലെ കേരള ഹൈക്കോടതിയുടെയും വിധികള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അത് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ പ്രതി കുറ്റക്കാരനാണെന്നു വരുത്തിത്തീര്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സിവില്‍-ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാണ്. കോടതിയലക്ഷ്യ നിയമപ്രകാരം ഇവരെ ശിക്ഷിക്കാം. ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ പ്രതികളുടെ മൗലികാവകാശം ഹനിക്കപ്പെടുന്നതായും വധത്തിനു പിന്നില്‍ സിപിഐ എം ആണെന്നു വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ വിശദാംശങ്ങള്‍ എന്ന പേരില്‍ വാര്‍ത്ത നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കെ കെ കൃഷ്ണന്റെ ഭാര്യ എം കെ യശോദയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ മാധ്യമങ്ങളുടെ വിശദീകരണം തേടിയത്.

മാധ്യമ വാര്‍ത്തകള്‍ വസ്തുതാരഹിതം

വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചാനലുകളും പത്രങ്ങളും നല്‍കുന്നത് വസ്തുതാരഹിതമായ കാര്യങ്ങളാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ പറഞ്ഞു. ചൊവ്വാഴ്ച ഭാര്യ കെ കെ ലതിക എംഎല്‍എ സന്ദര്‍ശിച്ചപ്പോഴാണ് മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ചോദ്യം ചെയ്തപ്പോള്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നും കുറ്റം സമ്മതിച്ചെന്നുമുള്ള വാര്‍ത്തകള്‍ കള്ളമാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ആരാണ് നല്‍കുന്നതെന്നറിയില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇതല്ലാതെ കൂടുതല്‍ കാര്യങ്ങളൊന്നും അന്വേഷണ സംഘത്തോട് പറയാനില്ലെന്നും മോഹനന്‍ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം ചൊവ്വാഴ്ച പകല്‍ രണ്ടോടെയാണ് പുതുപ്പണത്തെ ക്യാമ്പ് ഹൗസില്‍ ലതികയും അഭിഭാഷകന്‍ കെ എം രാംദാസും മോഹനനെ സന്ദര്‍ശിച്ചത്. കസ്റ്റഡിയിലുള്ളവരുടെ മൊഴി എന്ന പേരില്‍ വരുന്ന വാര്‍ത്തകളുടെ ഉറവിടം വ്യക്തമാക്കണമെന്നും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് ലതിക പറഞ്ഞു.

deshabhimani 040712

No comments:

Post a Comment