Wednesday, July 4, 2012

പൊതുവിദ്യാലയങ്ങളെ തകര്‍ത്ത് അഴിമതിക്ക് നീക്കം: സിപിഐ എം


പൊതുവിദ്യാലയങ്ങളെ തകര്‍ത്ത് അഴിമതിക്ക് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഏരിയാ ഇന്റന്‍സീവ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് വഴിയൊരുക്കുന്നതാണ്. സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് 1994-ല്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച് 1995-ലാണ് 41 സ്കൂളുകള്‍ മലബാര്‍ പ്രദേശത്ത് ആരംഭിച്ചത്. ഇപ്പോള്‍ 5 ഹയര്‍സെക്കന്ററി ഉള്‍പ്പെടെ 35 സ്കൂളുകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സഹായം നിലച്ചപ്പോള്‍ അധ്യാപകരുടെ ശമ്പളം, കുട്ടികള്‍ക്കുള്ള ആനുകൂല്യം എന്നിവ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ശമ്പളപരിഷ്കരണങ്ങള്‍ വരുമ്പോള്‍ തുടക്കക്കാരുടെ ശമ്പളമല്ലാതെ മറ്റൊരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല.

17 വര്‍ഷം വരെ സര്‍വ്വീസുള്ള 238 അധ്യാപകര്‍ക്ക് മറ്റുള്ളവരെപ്പോലെ സേവന-വേതന വ്യവസ്ഥകള്‍ക്ക് അര്‍ഹതയുണ്ട്. അധ്യാപകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നതിനു പകരം സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം ഭരണനേട്ടമായി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. കേന്ദ്രഗവണ്‍മെന്റ് നല്‍കിയ ധനസഹായത്താല്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും നാട്ടുകാര്‍ നല്‍കിയ സ്ഥലവും സ്വന്തമാക്കി കോടികളുടെ ആസ്തി ലീഗ് നേതാക്കള്‍ക്ക് നേടിയെടുക്കാനായിരുന്നു ഈ തീരുമാനം. നിലവിലുള്ള അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ ലക്ഷങ്ങള്‍ കോഴയായി മാനേജര്‍ പദവിയിലെത്തുന്ന ലീഗ് നേതാക്കള്‍ക്ക് നേടാനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ട്. ഏറ്റവും വലിയ അഴിമതിക്കാണ് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ വഴിയൊരുക്കിയത്.

പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം യാന്ത്രികമായി നടപ്പിലാക്കി പൊതു വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുന്ന നയങ്ങളാണ് തുടരുന്നത്. 5-ാം തരംവരെ ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും 8-ാം ക്ലാസ് വരെ 3 കി.മീ ദൂരപരിധിക്കുള്ളിലും ആവശ്യമുള്ളിടത്ത് സ്കൂളുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു പകരം വിദ്യാലയങ്ങളുടെ ഘടന തന്നെ മാറ്റാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ്സുകള്‍ കാലികമായി പരിഷ്കരിക്കുന്നതിനു പകരം അവ നിര്‍ത്തലാക്കാനാണ് നീക്കം. സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അംഗീകാരം കൊടുക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് രണ്ടരലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ കുറഞ്ഞത്. അണ്‍-എക്കണോമിക് സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 3400 ആയിരുന്നത് കുട്ടികള്‍ കുറഞ്ഞതിന്റെ ഫലമായി 4400 ആയി വര്‍ദ്ധിച്ചു. ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പ്രവേശനത്തിനുവേണ്ടി ഒരു മാസക്കാലം നീട്ടിക്കൊണ്ടുപോയി. സ്കൂള്‍തല പരീക്ഷ കഴിഞ്ഞുവന്ന സി.ബി.എസ്.ഇ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞവരോടൊപ്പം പ്രവേശനം നല്‍കി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്കുപോലും അവര്‍ ഒന്നാം ചോയ്സായി ചോദിച്ച സ്കൂളുകളില്‍ പ്രവേശനം കിട്ടാത്ത സ്ഥിതി വന്നു. 30,603 സീറ്റുകള്‍ ഒഴിച്ചുകൊണ്ട് ഒന്നാംഘട്ട പ്രവേശന നടപടി നിര്‍ത്തിവച്ചു. 2,22,000 അപേക്ഷകരെ പുറത്തുനിര്‍ത്തിക്കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഫലത്തില്‍ ഏകജാലക പ്രവേശനത്തിന്റെ കൃത്യത ഇല്ലാതാക്കി. 11,063 സി.ബി.എസ്.ഇ സിലബസുള്ള കുട്ടികള്‍ക്ക് പ്രവേശനം കിട്ടുകയും ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടാംഘട്ട അലോട്ട്മെന്റിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഫലമായുള്ള സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം എയ്ഡഡ് സ്കൂളുകളില്‍ വേണ്ടെന്നുവച്ചു. ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനം കൂടിയാണ്. മാനേജര്‍മാര്‍ക്ക് അഴിമതി നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കലുമാണ്. പാഠപുസ്തക വിതരണത്തില്‍ വലിയ പാകപ്പിഴകള്‍ ഉണ്ടാക്കി. വിവാദ പാഠഭാഗമുള്ള ഏഴാംക്ലാസിലെ പഴയ പാഠപുസ്തകം വിതരണം ചെയ്തു. കുറ്റക്കാരെ ശിക്ഷിക്കാതെ നിരപരാധികളായ അധ്യാപകരെ സസ്പെന്റ് ചെയ്തു. വിദ്യാഭ്യാസ പ്രോജക്ടുകളായ എസ്.എസ്.എ, ആര്‍.എം.എസ്.എ എന്നിവ കേന്ദ്ര ഫണ്ട് ലാപ്സാക്കുന്ന പദ്ധതികളായി മാറി. അക്കാദമികരംഗത്തെ എസ്.സി.ഇ.ആര്‍.ടി, സീമാറ്റ്, ഐ.ടി@സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ ലീഗ് നേതാക്കളുടെ താവളമായി. പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപകരുടെ വെക്കേഷന്‍ പരിശീലനവും നിര്‍ത്തിവച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അധ്യാപകരുടെ സ്ഥലംമാറ്റത്തിന് പൊതു മാനദണ്ഡങ്ങള്‍ കൊണ്ടുവരികയും ഓണ്‍ലൈന്‍ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ ഗവണ്‍മെന്റ് അത് അട്ടിമറിച്ചിരിക്കുകയാണ്.സ്പെഷ്യല്‍ ഓര്‍ഡര്‍ സമ്പ്രദായത്തിലൂടെ അഴിമതിക്ക് വഴിയൊരുക്കി.

ഏറ്റവുമൊടുവില്‍ മൈക്രോസോഫ്റ്റ് എന്ന ഐ.ടി രംഗത്തെ ബഹുരാഷ്ട്ര കുത്തകയെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് ആനയിക്കാനുള്ള ആലോചനകളും മുന്നോട്ടുപോകുന്നതായാണ് അറിയുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഏറ്റവും വിപുലമായ പഠനപദ്ധതി വിജയകരമായി നടപ്പാക്കിയതിന്റെ ഖ്യാതിയുണ്ടായിരുന്ന കേരളത്തിലാണ് ഇത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം-സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani news

No comments:

Post a Comment