Wednesday, July 4, 2012

ഗുജറാത്ത് സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു


ഗുജറാത്ത് വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട അഞ്ഞൂറിലേറെ ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അക്രമികള്‍ തകര്‍ത്ത പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്റ്റേ ആവശ്യം നിരാകരിക്കുകയായിരുന്നു. വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ എണ്ണം സമര്‍പ്പിക്കാനും അവ പുനര്‍നിര്‍മിക്കാന്‍ എത്ര പണം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പഠനമോ സര്‍വേയോ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും.

നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വാദമാണ് ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ മുന്നോട്ടുവച്ചത്. ഭരണഘടനയുടെ മതേതര തത്വങ്ങള്‍ പ്രകാരം മതസ്ഥാപനങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടി. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് (ഐആര്‍സിജി) എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്്. ഹര്‍ജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ നല്‍കുന്ന നഷ്ടപരിഹാര അപേക്ഷകള്‍ സംസ്ഥാനത്തെ 25 ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിമാര്‍ പരിഗണിക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നുമായിരുന്നു വിധി. കലാപം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടാന്‍ വഴിയൊരുക്കിയതെന്ന നിരീക്ഷണവും കോടതി നടത്തി. തകര്‍ന്ന വീടുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്കും പണം നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ഇതിനോടകം പുതുക്കിപ്പണിത ആരാധനാലയങ്ങള്‍ക്ക് ഇതിനുവേണ്ടി വന്ന തുക സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

deshabhimani 040712

No comments:

Post a Comment