Friday, July 13, 2012

ഈ കോണ്‍ഗ്രസുകാരെന്താ ഇങ്ങനെ പെരുമാറണേ?


നേതാവിനുവേണ്ടി ഫയല്‍നോക്കിയ "ഡ്യൂപ്പ്" പിടിയില്‍

തൃക്കാക്കര: കലക്ടറേറ്റില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാവിനുപകരം അദ്ദേഹത്തിന്റെ സെക്ഷനില്‍ ഫയല്‍ നോക്കിയ കൊച്ചി താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ നടപടി സ്വീകരിക്കും. കലക്ടറേറ്റിലെ സ്ഥാപകവിഭാഗത്തില്‍ ജോലിചെയ്യുന്ന എന്‍ജിഒ അസോസിയേഷന്‍ നേതാവ് ഷിനോയ്ക്ക് പകരക്കാരനായി അധികാരികള്‍ ആരും അറിയാതെ, ഓഫീസ് ഉത്തരവുമില്ലാതെ കൊച്ചി താലൂക്കിലെ എല്‍ഡി ക്ലര്‍ക്ക് ബിനുരാജാണ് കലക്ടറേറ്റില്‍ ഫയലുകള്‍ നോക്കിയത്.

റവന്യു ജീവനക്കാരെ സ്ഥലംമാറ്റുകയും നിയമിക്കുകയുംചെയ്യുന്ന കലക്ടറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപകവിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണ് ഷിനോയ്. ഇയാള്‍ എപ്പോഴും ജോലിക്കുകയറാതെ സംഘടനാപ്രവര്‍ത്തനമെന്നും പറഞ്ഞ് കറങ്ങി നടക്കുകയാണു ചെയ്യുന്നത്. തനിക്കു പകരമായി ഷിനോയ് തന്നെയാണ് ബിനുരാജിനെ വിളിച്ച് ചുമതല ഏല്‍പ്പിച്ചത്. കലക്ടറോ ചുമതലപ്പെട്ട മറ്റു ജീവനക്കാരോ കൊച്ചി തഹസില്‍ദാരോ അറിയാതെയാണ് അവിടെനിന്ന് ജീവനക്കാരന്‍ കലക്ടറേറ്റില്‍വന്ന് ഫയലുകള്‍ നോക്കിയത്. നിരന്തരമായ പരാതിയെത്തുടര്‍ന്ന് കലക്ടര്‍ പി ഐ ഷേഖ് പരീത് ബുധനാഴ്ച വൈകിട്ട് സെക്ഷനില്‍നിന്ന് ബിനുരാജിനെ കയ്യോടെ പിടികൂടുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളായ ഇടുക്കി എസ്എന്‍ഡിപി യൂണിയനില്‍ 15 ലക്ഷത്തിന്റെ ക്രമക്കേട്

ചെറുതോണി: കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളായ ഇടുക്കി എസ്എന്‍ഡിപി യൂണിയനില്‍ 15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണം. നേതാക്കളുടെ വന്‍ അഴിമതിയില്‍ പ്രതിഷേധിച്ച് യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് ഡോ. പി കെ സുകുമാരന്‍ രാജിവച്ചു. രാജിക്കത്ത് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഫാക്സ് ചെയ്തു. ഇടുക്കി യൂണിയന്‍ രൂപീകരിച്ച ആദ്യത്തെ നാല് വര്‍ഷം വൈസ് പ്രസിഡന്റായും തുടര്‍ന്നുള്ള ഏഴ് വര്‍ഷം പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മകളുടെ ചികിത്സാര്‍ഥം സജീവമല്ലാതിരുന്ന ഘട്ടത്തിലാണ് ഭാരവാഹികള്‍ ചേര്‍ന്ന് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയത്. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് ഡിസിസി മെമ്പറുമായ പി രാജന്‍, കോണ്‍ഗ്രസ് നേതാവും യൂണിയന്‍ സെക്രട്ടറിയുമായ സുരേഷ് കോട്ടക്കടത്ത് എന്നിവര്‍ക്കെതിരെയാണ് സാമ്പത്തിക ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചെറുതോണിയില്‍ വിമന്‍സ് ഹോസ്റ്റല്‍ ആരംഭിക്കാന്‍ ഒരംഗം 1,000 രൂപ വീതം നല്‍കണമെന്ന് യൂണിയന്‍ തീരുമാനിച്ചതനുസരിച്ച് അഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ തുക തികയാതെ വന്നപ്പോള്‍ യൂണിയന്റെ ബാലന്‍സ് ഫണ്ട് എടുത്ത് ഉപയോഗിക്കാമെന്ന് പ്രസിഡന്റായിരുന്നു പി കെ സുകുമാരന്‍ നിര്‍ദേശിച്ചു. ബാലന്‍സ് ഫണ്ട് ഇല്ലെന്ന് സെക്രട്ടറി അറിയിച്ചു. ലക്ഷക്കണക്കിന് രൂപ എവിടെപ്പോയി എന്ന് കണ്ടെത്തണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതായി പ്രസിഡന്റ് ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. മൈക്രോ ഫൈനാന്‍സ് വഴി കോടിക്കണക്കിന് രൂപ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതിനാലാണ് ക്രമക്കേട് നടന്നതായി പറയുന്നത്. ധനലക്ഷ്മി ബാങ്ക് വഴിയാണ് ആദ്യം സഹായം നല്‍കിയത്. പിന്നീട് എല്ലാ ബാങ്കുകളില്‍നിന്നും വായ്പകള്‍ നല്‍കി ഒരംഗത്തിന് 50,000 രൂപ വരെ വിതരണം ചെയ്തിട്ടുണ്ട്.

ഇടുക്കി യൂണിയന്റെ 19 ശാഖകളിലായി 200 യൂണിറ്റുകളാണുള്ളത്. 200 യൂണിറ്റുകളിലായി രണ്ടായിരത്തിലധികം അംഗങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ യൂണിയന്‍ ബാങ്ക് വഴി നല്‍കുന്ന തുക അംഗങ്ങള്‍ നേരിട്ടാണ് തിരിച്ചടക്കുന്നത്. എന്നാല്‍ ധനലക്ഷ്മി ബാങ്ക് വഴി നല്‍കിയിരുന്ന തുക യൂണിയന്‍ അംഗങ്ങളില്‍നിന്നും പിരിച്ചെടുത്ത് അടക്കുകയായിരുന്നു. ഇത് ക്രമക്കേടിന് കാരണമായതായാണ് സൂചന. 750 അംഗങ്ങള്‍ക്ക് 15,000 രൂപ വീതം പശുവായ്പ നല്‍കിയിരുന്നു. വായ്പകൊടുത്ത ഒരംഗത്തില്‍നിന്നും 1,500 രൂപ ഇന്‍ഷുറന്‍സ് ചാര്‍ജായും 250 രൂപ സര്‍വീസ് ചാര്‍ജായും നേതാക്കള്‍ വാങ്ങി. തുക വാങ്ങിയതല്ലാതെ ഇന്‍ഷുറന്‍സ് ചെയ്ത് നല്‍കിയില്ലെന്നുള്ളതാണ് മറ്റൊരു ആക്ഷേപം.

ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ തെരുവില്‍ തല്ലി

കറുകച്ചാല്‍: ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഐ, എ വിഭാഗങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടി. ചങ്ങനാശേരി താലൂക്ക് കാര്‍ഷിക വികസനബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പുകാര്‍ വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍കാര്‍ഡ് വിതരണത്തിലും കൃത്രിമംകാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. 15നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഡിസിസി വൈസ് പ്രസിഡന്റ് പി കെ ജ്ഞാനേശ്വരന്‍പിള്ള നേതൃത്വംകൊടുക്കുന്ന എ ഗ്രൂപ്പും ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി ടി തോമസ് നേതൃത്വം കൊടുക്കുന്ന ഐ ഗ്രൂപ്പും തമ്മിലാണ് മത്സരം. ബാങ്ക് തെരഞ്ഞെടുപ്പില്‍ ഐ വിഭാഗത്തെ എ ഗ്രൂപ്പുകാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് അവര്‍ പ്രത്യേകം പാനലുണ്ടാക്കി മത്സരിച്ചത്. ഐഎന്‍ടിയുസി വൈസ് പ്രസിഡന്റിനെ മത്സരിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും എ ഗ്രൂപ്പുകാര്‍ തയ്യാറായില്ലെന്നും അതിനാലാണ് പ്രത്യേക പാനലുണ്ടാക്കിയതെന്നും ഐ വിഭാഗം പറയുന്നു.

മത്സരം ഏകപക്ഷീയമാക്കാന്‍ കറുകച്ചാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ആര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ളവര്‍ ബാങ്കിലെ വോട്ടര്‍മാരുടെ 600ല്‍പ്പരം തിരിച്ചറിയല്‍കാര്‍ഡുകള്‍ കൈപ്പറ്റിയെന്നും വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടുകള്‍ നടത്തിയെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പുനേതാവുമായ ബാബു കുട്ടച്ചിറയും സംഘവും ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ബാങ്കിന്റെ ഓഫീസിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിയുകയും തുടര്‍ന്ന് അസഭ്യവര്‍ഷത്തിലും കൈയേറ്റത്തിലും കലാശിക്കുകയുമായിരുന്നു. ബാങ്കിനകത്തുവച്ചും ബാങ്കിനുപുറത്തുവച്ചും ഒന്നിലധികംപ്രാവശ്യം കയ്യാങ്കളിയുണ്ടായി. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കറുകച്ചാല്‍ എസ്ഐയും സംഘവും സ്ഥലത്തെത്തിയിരുന്നു. രാത്രി എട്ടോടെ പൊലീസ് ഇടപെട്ട് ബാങ്കിന്റെ ഓഫീസിനകത്തുണ്ടായിരുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കിയാണ് ബാങ്ക് അടപ്പിച്ചത്. തുടര്‍ന്ന് പുറത്തുവന്നവര്‍ ഗ്രൂപ്പുതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി റോഡില്‍ തമ്പടിച്ചിരുന്നു.

കോട്ടയം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുരേഷ്കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാരും ഐഎന്‍ടിയുസി വൈസ് പ്രസിഡന്റ് പി ടി തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റി വൈസ്പ്രസിഡന്റ് ബാബു കുട്ടച്ചിറയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകാരുമാണ് ഏറ്റുമുട്ടിയത്.

പാലക്കാട് നഗരസഭയില്‍ ഐഎന്‍ടിയുസി യൂണിയനുകള്‍ ഏറ്റുമുട്ടി

പാലക്കാട്: തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാലക്കാട് നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐഎന്‍ടിയുസി യൂണിയന്‍കാര്‍ ഏറ്റുമുട്ടി. നഗരസഭയിലെ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) അംഗങ്ങളും പുതിയതായി രൂപീകരിച്ച നാഷണല്‍ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) അംഗങ്ങളുമാണ് തമ്മിലടിച്ചത്. പുതിയ യൂണിയന്‍കാരെ യോഗത്തില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. ചെയര്‍മാന്റെ അനുഗ്രഹാശിസോടെ ആരംഭിച്ച പുതിയ യൂണിയന്റെ അംഗങ്ങള്‍ ഇറങ്ങിപ്പോകാന്‍ തയ്യാറായില്ല. വാക്കുതര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ യോഗം പിരിച്ചുവിട്ട് ചെയര്‍മാന്‍ സ്ഥലംവിട്ടു.

ആര്‍ടി ഓഫീസില്‍ കോണ്‍.നേതാവിന്റെയും സംഘത്തിന്റെയും ഗുണ്ടാവിളയാട്ടം

പത്തനംതിട്ട: വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും ആര്‍ടി ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗം എം സബീറും സംഘവുമാണ് ഓഫീസിലെത്തി സംഘര്‍ഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പൊലീസ് സ്റ്റേഷന്‍ റോഡിലൂടെ മകനോടൊപ്പം സ്കൂട്ടറില്‍വന്ന സബീറിനോട് ഇതുവഴി ഔദ്യോഗിക വാഹനത്തില്‍വന്ന എഎംവിഐ ബിനു ജോര്‍ജ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് സ്കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് ബിനു ജോര്‍ജ് പറഞ്ഞു. എന്നാല്‍, ഈസമയം സ്കൂട്ടര്‍ നിര്‍ത്താതെപോയ സബീര്‍ പിന്നീട് മറ്റുപ്രവര്‍ത്തകരുമായി ആര്‍ടി ഓഫീസിലെത്തി ബിനു ജോര്‍ജിനെയും മറ്റൊരുദ്യോഗസ്ഥനെയും ചോദ്യംചെയ്തു. ഇത് അതിരുകടന്നപ്പോള്‍ മറ്റ് ഉദ്യോസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് രംഗം വഷളായത്. പിന്നീട് അസഭ്യവര്‍ഷവും ഭീഷണിയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സബീറിനൊപ്പമുണ്ടായിരുന്നവര്‍ ഓഫീസിലെത്തിയവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. എന്നാല്‍, ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും ആര്‍ടിഒ പൊലീസിനെ വിവരം അറിയിക്കാന്‍ തയ്യാറായില്ല. സംഭവം സംബന്ധിച്ച് സബീര്‍ നല്‍കിയ പരാതി സ്വീകരിക്കുക മാത്രമാണ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്ഐയും തമ്മില്‍ കൈയാങ്കളി

കടയ്ക്കല്‍: പൊലീസ്സ്റ്റേഷനില്‍ എസ്ഐയും യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. കടയ്ക്കല്‍ പൊലീസ്സ്റ്റേഷനില്‍ എസ്ഐയെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ചിതറ നിയാസിനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ നിയാസ് എസ്ഐയോട് തട്ടിക്കയറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പോബ്സണ്‍ കമ്പനിയുടെ ചക്കമലയിലെ അനധികൃത എം സാന്‍ഡ് പ്ലാന്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാനെത്തിയ തന്നോട് അപമര്യാദയായി പെരുമാറുകയും കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നെന്ന് നിയാസ് പറഞ്ഞു. സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയാസ് പരാതി നല്‍കി.

deshabhimani 12-130712

1 comment:

  1. ഈ കോണ്‍ഗ്രസുകാരെന്താ ഇങ്ങനെ പെരുമാറണേ?

    ReplyDelete