Monday, July 2, 2012

ബഷീര്‍ ഒഴിഞ്ഞത് മനംമടുത്ത്


ഇ ടി മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മനംമടുത്ത്. കെപിഎ മജീദിനെ മുന്‍നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന "റിമോട്ട് കണ്‍ട്രോള്‍" ഭരണം സഹിക്കവയ്യാതെയാണ് വര്‍ഷത്തിനുശേഷം ബഷീര്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒഴിയുന്നത്. ബഷീര്‍ ഒഴിയുന്നതിനോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കളും ഈ വികാരം പങ്കുവച്ചു. പാര്‍ടി നിരന്തരം വിവാദത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ബഷീറിനെപ്പോലെ പക്വതയും സംഘടനാശേഷിയുമുള്ള ആള്‍ തുടരണമെന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ നിലവിലെ സംവിധാനത്തില്‍ മുന്നോട്ടുപോവുക പ്രയാസമാണെന്ന നിലപാടില്‍ ബഷീര്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ വാദം മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് അംഗീകരിച്ചത്. എംപിയായതിനാലുള്ള തിരക്കാണ് സ്ഥാനമൊഴിയാനുള്ള കാരണമായി പറഞ്ഞത്. പുതിയ പല പദ്ധതികളും ഏറ്റെടുക്കാനുണ്ടെന്നും അറിയിച്ചു. എന്നാല്‍, ലീഗ് ഭരണത്തില്‍ ഇരിക്കെ ജനറല്‍ സെക്രട്ടറി പദവി പങ്കിടുന്നത് തന്റെ പ്രതിഛായയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

കുഞ്ഞാലിക്കുട്ടി എടുക്കുന്ന ഭരണപരവും സംഘടനാപരവുമായ വിഷയങ്ങളില്‍ പലതിനും ബഷീറിന് വ്യത്യസ്ത നിലപാടുകളാണുള്ളത്. അതുകൊണ്ടുതന്നെ പലകാര്യങ്ങളും അദ്ദേഹത്തെ അറിയിച്ചില്ല. ഒടുവില്‍ തീരുമാനം വിവാദത്തിലാകുമ്പോള്‍ മാധ്യമങ്ങളില്‍ പ്രതികരിക്കാനും പ്രശ്നം തീര്‍ക്കാനും ബഷീറിനെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി. കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിലും ഭൂമിദാനത്തിലും ബഷീറിനെ അറിയിക്കാതെയാണ് സംസ്ഥാന നേതൃത്വം കരുക്കള്‍നീക്കിയത്. അഞ്ചാംമന്ത്രി കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് വ്യത്യസ്തമായി ബഷീര്‍ പാര്‍ടി പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമായിരുന്നു. കണ്ണൂരിലെയും കാസര്‍കോട്ടെയും സംഘടനാ പ്രശ്നങ്ങളിലും വ്യത്യസ്ത നിലപാട് സ്വീകരിച്ചത് കുഞ്ഞാലിക്കുട്ടിയെ അസ്വസ്ഥനാക്കി. അങ്ങനെയിരിക്കെയാണ് "രോഗി ഇഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാലെ"ന്ന കണക്കെ ബഷീര്‍ സ്വയം ഒഴിയാന്‍ സന്നദ്ധതയറിയിച്ചത്. വീണ്ടും ഡല്‍ഹിയിലേക്ക് "നാടുകടത്തപ്പെടുമ്പോള്‍" കാത്തിരിക്കുന്നത് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമാണ്. ഇ അഹമ്മദ് പ്രസിഡന്റും കെ എം ഖാദര്‍ മുഹിദീന്‍ ജനറല്‍ സെക്രട്ടറിയുമായ ദേശീയ കമ്മിറ്റിയില്‍ നിലവില്‍ കേരളത്തില്‍നിന്ന് അബ്ദുസമദ് സമദാനിയടക്കം അഞ്ച് സെക്രട്ടറിമാരുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ ചേരുന്ന ദേശീയ കൗണ്‍സിലില്‍ ബഷീറിനെക്കൂടി സെക്രട്ടറിയാക്കും.
(ആര്‍ രഞ്ജിത്)

സൂപ്പര്‍ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗിന്റെ ഭരണവും സമ്പൂര്‍ണ നിയന്ത്രണവും പി കെ കുഞ്ഞാലിക്കുട്ടിക്ക് തന്നെ. കെ പി എ മജീദാണ് ജനറല്‍സെക്രട്ടറിയെങ്കിലും സൂപ്പര്‍ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി ലീഗിനെ നയിക്കും. കുഞ്ഞാലിക്കുട്ടിയുടെ അധീശത്വവും അപ്രമാദിത്വവും ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. പാര്‍ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടി ശൈലിക്കെതിരെ നേരിയ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ എംപിയെ ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതോടെ ഇനി ലീഗെന്നാല്‍ കുഞ്ഞാലിക്കുട്ടി മാത്രം. ഭരണത്തിലും യുഡിഎഫിലുമെല്ലാം കുഞ്ഞാലിക്കുട്ടിയാകും ലീഗിന്റെ അവസാനവാക്ക്. പാര്‍ടിയില്‍ കെപിഎ മജീദിലൂടെ റിമോട്ട്കണ്‍്രടോള്‍ നിയന്ത്രണവും.

ജനറല്‍സെക്രട്ടറി സ്ഥാനത്ത് അധികാരമൊന്നുമില്ലാതെ നിസ്സഹായനായ ഇ ടി മുഹമ്മദ്ബഷീറിനെ സ്വയം ഒഴിയാന്‍ നിര്‍ബന്ധിതനാക്കിയാണ് കുഞ്ഞാലിക്കുട്ടി വീണ്ടും തന്റെ അധികാരക്കൊടി ഉയര്‍ത്തിയത്. സംസ്ഥാനകൗണ്‍സില്‍ തീരുമാനിച്ചതനുസരിച്ചുള്ള അധികാര-സംഘടനാ ചുമതലപ്രകാരം ശരിക്കും പാവ ജനറല്‍സെക്രട്ടറിയാണ് മജീദ്. സംഘടനയുടെ മേല്‍നോട്ടം കുഞ്ഞാലിക്കുട്ടിക്കാണ്. ഇ ടി മുഹമ്മദ്ബഷീറിനാണ് മാധ്യമങ്ങളില്‍ പാര്‍ടി നയം വിശദീകരിക്കാനുള്ള ചുമതല. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ചുമതലയും ഇ ടിയ്ക്കുണ്ട്. സംഘടനാ ചുമതലയില്‍ കുഞ്ഞാലിക്കുട്ടിയും പാര്‍ടിവക്താവായി ഇ ടിയുമുള്ളപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ജോലി യോഗം വിളിക്കല്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പാര്‍ടിയെ ഒറ്റക്ക് നിയന്ത്രിച്ച് നയിച്ച കുഞ്ഞാലിക്കുട്ടി മന്ത്രിപദത്തിലേക്ക് മാറിയപ്പോള്‍ പാര്‍ടിയെ കൈപ്പിടയില്‍ നിര്‍ത്താന്‍ തന്ത്രപൂര്‍വം അധികാരവും സംഘടനാ ചുമതലകളും വിഭജിച്ചിരിക്കയാണ്. ലീഗില്‍ തനിക്കെതിരായി വിവിധ ഘട്ടങ്ങളില്‍ ശബ്ദിച്ച നേതാക്കളെയെല്ലാം മുമ്പ് തന്ത്രപൂര്‍വം ഒതുക്കിയിരുന്നു. എം കെ മുനീറായിരുന്നു ഇടക്കാലത്ത് എതിര്‍പ്പുയര്‍ത്താന്‍ ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മുനീറിന്റെ ചിറകരിഞ്ഞു. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രിപദവും ജനറല്‍സെക്രട്ടറിസ്ഥാനവും ഒഴിഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് ഘട്ടംഘട്ടമായി ലീഗിനെ തന്റെ വരുതിയിലാക്കി.
(പി വി ജീജോ)

deshabhimani 020712

1 comment:

  1. ഇ ടി മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മനംമടുത്ത്. കെപിഎ മജീദിനെ മുന്‍നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന "റിമോട്ട് കണ്‍ട്രോള്‍" ഭരണം സഹിക്കവയ്യാതെയാണ് വര്‍ഷത്തിനുശേഷം ബഷീര്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒഴിയുന്നത്. ബഷീര്‍ ഒഴിയുന്നതിനോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കളും ഈ വികാരം പങ്കുവച്ചു. പാര്‍ടി നിരന്തരം വിവാദത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ബഷീറിനെപ്പോലെ പക്വതയും സംഘടനാശേഷിയുമുള്ള ആള്‍ തുടരണമെന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ നിലവിലെ സംവിധാനത്തില്‍ മുന്നോട്ടുപോവുക പ്രയാസമാണെന്ന നിലപാടില്‍ ബഷീര്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ വാദം മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് അംഗീകരിച്ചത്.

    ReplyDelete