Wednesday, July 11, 2012

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുതിയ സംഘം പരിശോധിക്കും


മാധവ് ഗാഡ്ഗില്ലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി സമര്‍പ്പിച്ച വിവാദറിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും നിര്‍ദേശിക്കുന്ന വിദഗ്ധരടങ്ങിയ സമിതിയെ ഇതിനായി നിയമിക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. കേരളം ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. രണ്ടുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രധാനമന്ത്രി കാര്യാലയവുമായി കൂടിയാലോചിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

പശ്ചിമഘട്ടമേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസനപദ്ധതികള്‍ക്കും കടുത്ത നിയന്ത്രണം നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ട്. നിര്‍ദേശം പൂര്‍ണമായി അംഗീകരിച്ചാല്‍ വികസന, പശ്ചാത്തലസൗകര്യപ്രവര്‍ത്തനം വലിയ തടസ്സമാകുമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് പൊതുജനാഭിപ്രായം അറിയുന്നതിന് പരിസ്ഥിതി മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനപ്രതികരണം കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് വിലയിരുത്താന്‍ പുതിയൊരു സമിതിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായിരിക്കും പുതിയ സമിതിയുടെ തലവനെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയും വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെയും എതിര്‍പ്പുകൂടി പരിഗണിച്ച് റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കുകയെന്ന നിര്‍ദേശമാകും പുതിയ സമിതിക്ക് നല്‍കുകയെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

പശ്ചിമഘട്ടമേഖലയെ പാരിസ്ഥിതികപ്രാധാന്യമനുസരിച്ച് മൂന്നായി തരംതിരിക്കുന്നതാണ് ഗാഡ്ഗില്‍ ശുപാര്‍ശ. ഓരോ മേഖലയുടെയും പ്രാധാന്യം കണക്കിലെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളിലും നിയന്ത്രണം നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് പാടില്ല, മുപ്പത് മുതല്‍ അമ്പതുവര്‍ഷം വരെ പഴക്കമുള്ളവ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വിവാദമായിരുന്നു. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുമായി മുന്നോട്ടുപോകരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ സംസ്ഥാനം കേന്ദ്രത്തെ വിയോജിപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുനഃപരിശോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് പ്രാദേശികഭാഷകളിലേക്ക് മൊഴിമാറ്റി വിതരണം ചെയ്യണമെന്നും ഇതുവഴി സാധാരണജനങ്ങളുടെ അഭിപ്രായം അറിയാന്‍ സാധിക്കുമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

deshabhimani 110712

No comments:

Post a Comment