Monday, July 9, 2012

റേഷന്‍കടയിലെ അരി കടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു


പിടികൂടിയത് നാട്ടുകാര്‍

തൃശൂര്‍: പുഴയ്ക്കലില്‍ റേഷന്‍കടയില്‍നിന്ന് അരി കടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലിസ് കേസെടുത്തു. അയ്യന്തോള്‍ സ്വദേശി സി പി ജോയിക്കെതിരെയാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. റേഷന്‍കട നടത്തിപ്പുകാരന്‍ എന്ന നിലയിലാണ് കേസെടുത്തതെന്ന് പേരാമംഗലം പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പുഴയ്ക്കല്‍ പാലത്തിനു സമീപത്തെ എആര്‍ഡി 150-ാം നമ്പര്‍ റേഷന്‍കടയില്‍നിന്നാണ് അരി കടത്ത് നാട്ടുകാര്‍ പിടിച്ചത്. പലതവണ വിജിലന്‍സ് റെയ്ഡ് നടത്തി പിടിച്ച കടയാണിത്. ഒരാഴ്ച മുമ്പ് വിജിലന്‍സ് റെയ്ഡില്‍ ഇവിടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റേഷന്‍കട സീല്‍ചെയ്തു. സീല്‍ചെയ്ത റേഷന്‍കട തുറന്ന് വീണ്ടും ശനിയാഴ്ച രാത്രി അരി കടത്തുമ്പോഴായിരുന്നു നാട്ടുകാര്‍ പിടികൂടിയത്. അന്യസംസ്ഥാന നിര്‍മാണത്തൊഴിലാളികളായ രണ്ടുപേര്‍ ഓട്ടോയില്‍ അരിയുമായി പോകുന്നതുകണ്ട നാട്ടുകാര്‍ സംശയംതോന്നി ഓട്ടോ തടയുകയായിരുന്നു. നേരത്തെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 150-ാം നമ്പര്‍റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി. തൊട്ടടുത്തുള്ള റേഷന്‍കടയോട് അനുബന്ധമായാണ് ഈ കട പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജോയ് തന്നെയാണ് ഈ കടയുടെയും നടത്തിപ്പുകാരനെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സ് ആരുടെ പേരിലെന്ന് അന്വേഷിച്ചു വരികയാണ്. ബിനാമി പേരുകളില്‍ സി പി ജോയ് റേഷന്‍കട നടത്തുന്നുവെന്നാണ് സൂചന. അയ്യന്തോള്‍ പുതൂര്‍ക്കരയില്‍ ഒരാഴ്ചമുമ്പ് വിജിലന്‍സ് റെയ്ഡ് നടന്ന റേഷന്‍കടയും ബിനാമി പേരില്‍ നടത്തുകയാണെന്ന പരാതിയുണ്ട്. ഇതിനു പുറകിലും ഇയാളെന്നാണ് ആരോപണം. ഈ കടയിലും പലതവണ ക്രമക്കേട് കണ്ടെത്തിയിരുന്നു. അരി കടത്തുന്നതും നാട്ടുകാര്‍ പിടികൂടിയിരുന്നു. ഒരു മന്ത്രിയുടെ സഹായത്തോടെയാണ് കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതെന്ന ആരോപണവുമുണ്ട്.

കാര്‍ഡുടമകള്‍ക്ക് അരിയും മണ്ണെണ്ണയും മറ്റുസാധനങ്ങളും ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട അരി വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കുന്നത്. ഒരുകിലോയ്ക്ക് 15 രൂപവച്ച് അഞ്ചുചാക്ക് അരിക്ക് 3500 രൂപ നല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു. അരിക്ക് പൊതുവിപണിയില്‍ വില കുതിക്കുമ്പോഴാണ് പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട അരി കരിഞ്ചന്തയില്‍ മറച്ചുവില്‍ക്കുന്നത്. പൊതുവിതരണശ്രൃംഖല ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കരിഞ്ചന്തയും അരികടത്തും വ്യാപകമായത്. സപ്ലൈ ഉദ്യേഗസ്ഥരുടെ സഹായത്തോടെയാണ് കരിഞ്ചന്ത കച്ചവടമെന്നാണ് സൂചന. റേഷന്‍ കരഞ്ചന്തയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് ശനിയാഴ്ച അരി കടത്ത് പിടികൂടേണ്ടി വന്നത്.

deshabhimani 090712

No comments:

Post a Comment