Wednesday, July 11, 2012
"മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കുറ്റംചെയ്യുന്നത് വിഡ്ഢികള്‍"
""മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കുറ്റംചെയ്യുന്നവര്‍ വെറും വിഡ്ഢികളാണ്. ഓരോതവണ ഇവ ഉപയോഗിക്കുമ്പോഴും തെളിവുകളുടെ എണ്ണം കൂടുകയാണ്""- പറയുന്നത് സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തില്‍ പിഎച്ച്ഡി നേടിയ ആദ്യ ഏഷ്യക്കാരനായ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്. ഇന്റര്‍നെറ്റ്വഴിയുള്ള തട്ടിപ്പുകളും മൊബൈല്‍ഫോണ്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും തെളിയിക്കാന്‍, കൂടിയാല്‍ 24 മണിക്കൂര്‍ മതിയെന്നും സൈബര്‍കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സംസ്ഥാന പൊലീസിനെ സഹായിക്കുന്ന വിനോദ് പറയുന്നു. ഇന്റര്‍നെറ്റ് ലോട്ടറിതട്ടിപ്പ്, കംപ്യൂട്ടര്‍ സഹായത്തോടെ സ്ത്രീകളുടെ ചിത്രം ദുരുപയോഗംചെയ്യുക എന്നിവയെല്ലാം എവിടെയിരുന്ന് ആരു ചെയ്താലും വേഗം കണ്ടെത്താം. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ക്യാമറമുതല്‍ ഓട്ടോറിക്ഷ മീറ്റര്‍വരെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ തെളിവാണ്. മൊബൈല്‍ ഫോണ്‍ നമ്പറും ഐഎംഇഐ നമ്പറും ടവറിന്റെ കീഴിലെത്തുമ്പോള്‍ ലഭിക്കുന്ന മൊബൈല്‍ സബ്സ്ക്രൈബര്‍ ഐഡന്റിറ്റി ഒരിക്കലും നിഷേധിക്കാനാവാത്ത തെളിവാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കുറ്റകൃത്യത്തിന്റെ മുദ്ര മായാതെകിടക്കും. മായ്ക്കാന്‍ ശ്രമിച്ചാല്‍ അതിന് ഉത്തരം പറയേണ്ടിയും വരും. പക്ഷേ നമ്മുടെ സംസ്ഥാന പൊലീസ്വകുപ്പില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ കുറവാണ്. അതിനാല്‍ കുറ്റവാളികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നു- അദ്ദേഹം പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് (ഐഇഇഇ) അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്ന ആദ്യ മലയാളിയെന്ന സ്ഥാനവും വിനോദിനെ തേടിയെത്തി. 16ന് തുര്‍ക്കി ഇസ്മീറില്‍ "കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളും അതിന്റെ ഉപയോഗവും" എന്ന വിഷയത്തിലാണ് സമ്മേളനം. അമേരിക്ക ആസ്ഥാനമായ അത്യാധുനിക സാങ്കേതികവിദ്യാ നവീകരണ സ്ഥാപനമായ ഐഇഇഇ വാര്‍ഷിക സമ്മേളനത്തില്‍ "സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്ങില്‍ കംപ്യൂട്ടര്‍ ഫോറന്‍സിക്കിന്റെ പങ്ക്" എന്ന ശില്‍പ്പശാലയില്‍ അധ്യക്ഷനായാണ് വിനോദിനെ തെരഞ്ഞെടുത്തത്. ശില്‍പ്പശാലയിലെ നാല് പ്രഭാഷകരിലൊരാളായ അദ്ദേഹം സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാലത്ത് കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന മലപ്പുറം പുലാമന്തോള്‍ പൊല്‍പ്പായ മനയില്‍ പി എം കെ ഭട്ടതിരിപ്പാടിന്റെയും ലീല മഴവഞ്ചേരിയുടെയും മകനാണ്. കോഴിക്കോട് ബിഎസ്എന്‍എല്‍ സബ് ഡിവിഷണല്‍ എന്‍ജിനിയര്‍ സുധയാണ് ഭാര്യ. മകള്‍ ഇന്ദു ചഞ്ചല്‍ പൊല്‍പ്പായ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയാണ്.
(ശ്രീരാജ് ഓണക്കൂര്‍)
deshabhimani 110712
Labels:
വാര്‍ത്ത,
സാങ്കേതികവിദ്യ
Subscribe to:
Post Comments (Atom)
""മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കുറ്റംചെയ്യുന്നവര്‍ വെറും വിഡ്ഢികളാണ്. ഓരോതവണ ഇവ ഉപയോഗിക്കുമ്പോഴും തെളിവുകളുടെ എണ്ണം കൂടുകയാണ്""- പറയുന്നത് സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തില്‍ പിഎച്ച്ഡി നേടിയ ആദ്യ ഏഷ്യക്കാരനായ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്.
ReplyDelete