Wednesday, July 11, 2012

മന്ത്രിയും ചീഫ് വിപ്പും തമ്മിലടിച്ചു


വന്‍കിട തോട്ടം ഉടമകളുമായി ഒത്തുകളിച്ച് ഭൂമി കൈയേറ്റ കേസുകള്‍ തോറ്റുകൊടുത്തും വനഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാതെയും നടന്ന നെല്ലിയാമ്പതി വനഭൂമി വെട്ടിപ്പിന്റെ പേരില്‍ യുഡിഎഫില്‍ തമ്മിലടി. ഈ വിഷയത്തെച്ചൊല്ലി വനം മന്ത്രി കെ ബി ഗണേശ്കുമാറും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും നിയസഭയ്ക്കകത്തും പുറത്തും പരസ്യ പോര്‍വിളികളുമായി ഏറ്റുമുട്ടി.

വനഭൂമി വിഷയത്തില്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് അനുകൂലമായ ചരടുവലികള്‍ തടസ്സപ്പെടുന്നതിലെ അസ്വസ്ഥതയാണ് മുന്നണിയെ അടിമുടി ഉലയ്ക്കുന്ന ചേരിപ്പോരിലേക്ക് നയിച്ചത്. തര്‍ക്കത്തില്‍ യുഡിഎഫിലെ വിവിധ ഘടകകക്ഷികളും നേതാക്കളും ഇരുചേരിയിലായി നിന്ന് ആരോപണപ്രത്യാരോപണങ്ങള്‍ ആവര്‍ത്തിച്ചതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി.

സഭയില്‍ മന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ്, മന്ത്രിയുടെ "അച്ഛനോട് ചോദിക്ക്" എന്നുവരെയുള്ള ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ഇതിന് മറുപടിയായി ഗണേശ് സഭയില്‍ വീണ്ടും ജോര്‍ജിനെതിരെ ആഞ്ഞടിച്ചു. പിന്നീട് ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും കെ എം മാണിക്കും പരാതി നല്‍കി. ജോര്‍ജ് തിരിച്ചും പരാതി നല്‍കി. ഭൂമി കൈയേറ്റ കേസുകള്‍ തുടര്‍ച്ചയായി തോറ്റുകൊടുത്ത് വന്‍കിട തോട്ടം ഉടമകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെയാണ് മന്ത്രിയും ചീഫ് വിപ്പും തമ്മിലുള്ള പോര് മറനീക്കിയത്.

വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പറയുന്നതാണോ ചീഫ് വിപ്പ് പറയുന്നതാണോ ശരിയെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ വി ചെന്താമരാക്ഷന്‍ ചോദിച്ചതോടെ മന്ത്രി ചീഫ് വിപ്പിനെതിരായ നിലപാട് വ്യക്തമാക്കി. ചീഫ് വിപ്പ് പറയുന്നതല്ല സര്‍ക്കാര്‍ നയമെന്ന് തുറന്നടിച്ച മന്ത്രി, സഭയ്ക്കകത്ത് എംഎല്‍എ എന്ന നിലയില്‍ ചീഫ് വിപ്പിനെ അംഗീകരിക്കുന്നുവെങ്കിലും പുറത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന പരിഗണന മാത്രമേ നല്‍കാനാകൂ എന്ന് വ്യക്തമാക്കി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നിവേദനം നല്‍കാമെന്നും ഗണേശ് പറഞ്ഞു. തന്റെ വീടിനടുത്തുള്ള മുരിക്കോലി കൊച്ചുതമ്പിക്കും ഭാര്യക്കും വേണ്ടിയാണ് പ്രശ്നത്തില്‍ ഇടപെട്ടതെന്ന് ജോര്‍ജ് പറഞ്ഞു. തൊഴിലാളികള്‍ക്കൊപ്പം നിവേദനവുമായി ചെന്ന വി ചെന്താമരാക്ഷനെ മന്ത്രി അപമാനിച്ചെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. എന്നാല്‍, തൊഴിലാളിപ്രശ്നം ചര്‍ച്ചചെയ്യാനാണ് മന്ത്രിയെ കണ്ടതെന്നും അപമാനിച്ചിട്ടില്ലെന്നും ചെന്താമരാക്ഷന്‍ പറഞ്ഞതോടെ സഭയെ തെറ്റിദ്ധരിപ്പിച്ച ചീഫ് വിപ്പിന്റെ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജോര്‍ജ് സഭയ്ക്ക് പുറത്തുവന്ന് മന്ത്രിക്കെതിരെ ആക്രോശിച്ചത്. അടിയന്തരപ്രമേയം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്ന് ജോര്‍ജ് പറഞ്ഞു. നെല്ലിയാമ്പതി പ്രശ്നം പഠിക്കാന്‍ സമിതിയുണ്ടാക്കിയില്ലെന്ന് സഭയില്‍ മന്ത്രി കളളം പറഞ്ഞു. ഒരു സിനിമാക്കാരന്‍ മന്ത്രിയായി നമ്മളെ ഭരിക്കാന്‍ വരുന്നോ? യുഡിഎഫ് സംവിധാനത്തിന് വിലയുണ്ടോ എന്ന് മന്ത്രി താമസിയാതെ അറിയും. ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തും. താന്‍ എന്തുകൊണ്ട് വികാരാധീനാകുന്നുവെന്ന് മന്ത്രി അദ്ദേഹത്തിന്റെ അച്ഛനോട് ചോദിക്ക് എന്നും ജോര്‍ജ് പറഞ്ഞു. അടിയന്തരപ്രമേയം മന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കേരളത്തിലെ ജനങ്ങളെന്ന് ഗണേശ് സഭയില്‍ മറുപടി നല്‍കി.

ചില ആളുകള്‍ക്ക് എന്തും വിളിച്ചുപറയാം. അത് ആരും മുഖവിലയ്ക്കെടുക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ് എല്‍ഡിഎഫിലും മറ്റും കറങ്ങിനടക്കുമ്പോഴും താന്‍ യുഡിഎഫിലുണ്ടെന്ന് മന്ത്രി പിന്നീട് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ജോര്‍ജിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ജോര്‍ജിന്റെ നടപടികള്‍ ശരിയായില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജോര്‍ജിനെതിരെ ടി എന്‍ പ്രതാപന്‍ എംഎല്‍എയും യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി.


സിനിമക്കാരന്‍ എന്നെ ഭരിക്കേണ്ട: ജോര്‍ജ്

സിനിമക്കാരന്‍ മന്ത്രിയായി വന്ന് തന്നെ ഭരിക്കാന്‍ ശ്രമിച്ചാല്‍ സമ്മതിച്ചുകൊടുക്കില്ലെന്നും യുഡിഎഫിന് വിലയുണ്ടോ എന്ന് മന്ത്രി വൈകാതെ അറിയുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി. അതറിയിക്കാനായില്ലെങ്കില്‍ ഈ പണി നിര്‍ത്തും. മന്ത്രി സ്പോണ്‍സര്‍ചെയ്ത അടിയന്തര പ്രമേയമാണ് പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. യുഡിഎഫിനെയും അപമാനിച്ചു. മന്ത്രിക്കെതിരെ നടപടിയെടുക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരോട് പരാതിപ്പെട്ടിട്ടുണ്ട്. യുഡിഎഫ് കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നാണ് നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ കാര്യം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്. ഇതില്‍ തന്നെയും ഉള്‍പ്പെടുത്തി. സമിതിയെ വച്ച കാര്യം പത്രത്തില്‍ കണ്ട അറിവേ ഉള്ളൂ എന്നാണ് മന്ത്രിസഭയില്‍ പറഞ്ഞത്. യുഡിഎഫിന്റെ പേരില്‍ മന്ത്രിയായ ഇയാള്‍ സഭയില്‍ കളവുപറഞ്ഞു. മന്ത്രിയായാല്‍ യുഡിഎഫിനേക്കാള്‍ മുകളിലാണെന്നാണ് ചിലരുടെ ധാരണ. ചെറുനെല്ലി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി താന്‍ മന്ത്രി ഗണേശ് കുമാറിന് അയച്ചുകൊടുത്തത് ചാനലുകളില്‍ എത്തിയത് അയാള്‍ അറിയാതെയാണോ? എസ്റ്റേറ്റ് പിടിക്കാന്‍ പിസി ജോര്‍ജ് നടക്കുന്നുവെന്ന് ഏതെങ്കിലും ഒരു തൊപ്പിയാന്‍ മന്ത്രി പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?

പത്തനാപുരത്തുപോയി ഗണേശിനുവേണ്ടി വി എസിനെ വിമര്‍ശിച്ച് പ്രസംഗിച്ചതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് പ്രവര്‍ത്തകനായതിനാല്‍ ഏതു തൊപ്പിയാന്‍ മന്ത്രിക്കുവേണ്ടിയും പ്രസംഗിക്കും എന്നായിരുന്നു മറുപടി. ബാലകൃഷ്ണപിള്ളയും ഗണേശും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ പലവട്ടം ഗണേശനോടു നല്ലവാക്ക് പറഞ്ഞിട്ടുണ്ട്. അവരുടെ തര്‍ക്കമൊന്നും പുറത്തുപറയാന്‍ പറ്റുന്നതല്ല. മന്ത്രി നല്ലപോലെ കാര്യങ്ങള്‍ കാണുകയും പഠിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇത്രകൊണ്ട് നിര്‍ത്തുകയാണെന്നും വീണ്ടും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമെന്നും ജോര്‍ജ് മുന്നറിയിപ്പു നല്‍കി.

തനിക്കെതിരായ മാഫിയ വ്യക്തമായെന്ന് ഗണേശ്

തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയ ആരെന്ന് വ്യക്തമായതായി മന്ത്രി ഗണേശ്കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് എന്തെന്ന് പി സി ജോര്‍ജ് പഠിപ്പിക്കേണ്ട. സിനിമാ നടനെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും മന്ത്രി പറഞ്ഞു. നടനായിരിക്കുമ്പോഴും താന്‍ യുഡിഎഫില്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ് എല്‍ഡിഎഫിലല്‍ കറങ്ങി നടക്കുമ്പോഴും താന്‍ യുഡിഎഫിലുണ്ടെന്നും ഗണേശ് പറഞ്ഞു. ജോര്‍ജിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലായി. ജോര്‍ജ് കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ജോര്‍ജിനെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയിലും ഗണേശ്കുമാര്‍ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്.


വനംകൊള്ളക്കാര്‍ക്കുവേണ്ടിയുള്ള പോര്

വനംമന്ത്രിയും ചീഫ് വിപ്പും തമ്മിലുള്ള പോരിലൂടെ മറനീക്കിയത് വനംഭൂമി കൊള്ളയടിക്കുന്ന വന്‍കിട തോട്ടം ഉടമകള്‍ക്കുവേണ്ടി യുഡിഎഫിനകത്ത് നടക്കുന്ന തമ്മിലടി. യുഡിഎഫ് ഘടകകക്ഷികളും കക്ഷികള്‍ക്കകത്തുള്ള നേതാക്കളും അവരവരുടെ വേണ്ടപ്പെട്ടവരായ ഉടമകള്‍ക്കുവേണ്ടി ചേരിതിരിഞ്ഞ് വാദിച്ചതോടെയാണ് യുഡിഎഫ് ഇതുസംബന്ധിച്ച് "പഠിക്കാന്‍" ഉപസമിതിയെ നിയോഗിച്ചത്. ഇതിനിടെ, വനഭൂമി പൂര്‍ണമായും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായി.

വനംവകുപ്പ് വനഭൂമി ഏറ്റെടുക്കുന്ന നടപടിക്കെതിരെ തോട്ടം ഉടമകള്‍ക്കുവേണ്ടി നേരത്തെ രംഗത്തുവന്നവരില്‍ പ്രമുഖനാണ് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട യുഡിഎഫ് ഉപസമിതിയുടെ ചെയര്‍മാന്‍കൂടിയായിരുന്നു ജോര്‍ജ്. ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുകയും വാര്‍ത്താസമ്മേളനം നടത്തി തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. ഇതിനിടയിലാണ് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍നടപടി കോടതി സ്റ്റേചെയ്യുകയും ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ഇടപെട്ട് സസ്പെന്‍ഡ് ചെയ്തു. ഗവ. പ്ലീഡര്‍ രാജിവച്ചു. സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം നല്‍കാത്തതിനാലാണ് കേസ് വാദിക്കാന്‍ കഴിയാതിരുന്നതെന്ന് പ്ലീഡര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പിന്റെ നിലപാടിനെ നിയമവകുപ്പും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസും അംഗീകരിക്കാത്തതാണ് പ്രശ്നമെന്ന വിമര്‍ശവും ഉയര്‍ന്നു. എജിതന്നെ നേരത്തെ തോട്ടം ഉടമകളുടെ അഭിഭാഷകനുമായിരുന്നു.



deshabhimani 110712

1 comment:

  1. വന്‍കിട തോട്ടം ഉടമകളുമായി ഒത്തുകളിച്ച് ഭൂമി കൈയേറ്റ കേസുകള്‍ തോറ്റുകൊടുത്തും വനഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാതെയും നടന്ന നെല്ലിയാമ്പതി വനഭൂമി വെട്ടിപ്പിന്റെ പേരില്‍ യുഡിഎഫില്‍ തമ്മിലടി. ഈ വിഷയത്തെച്ചൊല്ലി വനം മന്ത്രി കെ ബി ഗണേശ്കുമാറും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും നിയസഭയ്ക്കകത്തും പുറത്തും പരസ്യ പോര്‍വിളികളുമായി ഏറ്റുമുട്ടി

    ReplyDelete