Friday, July 13, 2012

പൊലീസിനെ തല്ലിയ സുധാകരന്റെ അനുയായിക്കെതിരെ നടപടിയില്ല


പൊലീസുകാരനെ കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലാ ബാങ്കിലെ ഭരണാനുകൂല സംഘടനാനേതാവും കെ സുധാകരന്റെ അനുയായിയുമായ പള്ളിക്കുന്നിലെ പി കെ രാകേഷിനെതിരെ പൊലീസ് നടപടിയെടുത്തില്ല.

കണ്ണൂര്‍ ടൗണ്‍സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സജിത്കുമാറിനെ പി കെ രാകേഷും സുഹൃത്തും ചേര്‍ന്നാണ് ആക്രമിച്ചത്. ജൂണ്‍ 24ന് പടന്നപ്പാലത്താണ് സംഭവം. മൊബൈല്‍ഫോണില്‍ സംസാരിച്ച് കാറോടിച്ച രാകേഷിനോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞതിനാണ് ഇയാള്‍ സുഹൃത്ത് കണ്ണനുമൊത്ത് സജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്തിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാകേഷിനെതിരെ കേസെടുത്തത്. നിസ്സാരകേസുകളില്‍ സിപിഐ എം നേതാക്കളെയും വിദ്യാര്‍ഥിപ്രവര്‍ത്തകരെയും വീട്ടില്‍ കയറി വേട്ടയാടുന്ന പൊലീസിന്റെ കണ്‍മുമ്പിലാണ് രാകേഷും സുഹൃത്തും വിലസുന്നത്.

പൊലീസുകാരനെ പരസ്യമായി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ലാത്തതില്‍ സേനാംഗങ്ങള്‍ അതൃപ്തരാണ്. ജില്ലാ പൊലീസിലെ ഉന്നതന്‍ രാകേഷിന്റെ മര്‍ദനത്തിനിരയായ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദേശിച്ചതും വിവാദമായി. കേസെടുക്കുകയല്ലാതെ മറ്റു നടപടിയുണ്ടാകില്ലെന്ന് പൊലീസ് ഉന്നതന്‍ ഉറപ്പുനല്‍കിയിരുന്നതായി പൊലീസുകാര്‍ പറയുന്നു. ഇത് ശരിവയ്ക്കുംവിധമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ജില്ലാ ബാങ്ക് ഹെഡ് ഓഫീസില്‍ ക്ലര്‍ക്കായ രാകേഷ് ദിവസവും ഇവിടെ ഒപ്പിടാനെത്തുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കെ സുധാകരന്റെ ജില്ലയിലെ അടുത്ത അനുയായികളിലൊരാളുമാണ് രാകേഷ്. സുധാകരന്റെ ബലത്തില്‍ ചാലാട്, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ സ്ഥിരമായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. താവക്കര സ്കൂള്‍ കത്തിച്ച കേസിലും ചാലാട് ഭാനു വായനശാല മൂന്നുതവണ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലും പ്രതിയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

deshabhimani 130712

1 comment:

  1. പൊലീസുകാരനെ കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലാ ബാങ്കിലെ ഭരണാനുകൂല സംഘടനാനേതാവും കെ സുധാകരന്റെ അനുയായിയുമായ പള്ളിക്കുന്നിലെ പി കെ രാകേഷിനെതിരെ പൊലീസ് നടപടിയെടുത്തില്ല.

    ReplyDelete