Monday, July 2, 2012

ഇ ടി മുഹമ്മദ് ബഷീറിനെ പുകച്ചു ചാടിച്ചു


കെപിഎ മജീദിനെ മുന്‍നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന "റിമോട്ട് കണ്‍ട്രോള്‍" ഭരണം സഹിക്കാന്‍ വയ്യാതെ ഇ ടി മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കെ പിഎ മജീദിനെ മുസ്ലിംലീഗിന്റെ ഏക സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സംസ്ഥാനകൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.

നിലവിലെ സംവിധാനത്തില്‍ മുന്നോട്ടുപോകാന്‍ പ്രയാസമാണെന്ന് ബഷീര്‍ യോഗത്തില്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടി എടുക്കുന്ന ഭരണപരവും സംഘടനാപരവുമായ വിഷയങ്ങളില്‍ പലതിലും ബഷീറിന് വ്യത്യസ്ത നിലപാടുകളായിരുന്നു. അതുകൊണ്ടുതന്നെ ലീഗിലെ പലതീരുമാനങ്ങളും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ഇതിലുള്ള പ്രതിഷേധവും ബഷീര്‍ യോഗത്തില്‍ അറിയിച്ചു. ഞായറാഴ്ച സംസ്ഥാനകൗണ്‍സില്‍ തീരുമാനിച്ചതനുസരിച്ചുള്ള അധികാര-സംഘടനാ ചുമതലപ്രകാരം ശരിക്കും പാവ ജനറല്‍സെക്രട്ടറിയാണ് മജീദ്. സംഘടനയുടെ മേല്‍നോട്ടം കുഞ്ഞാലിക്കുട്ടിക്കാണ്. അതായത് മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാകമ്മിറ്റികള്‍ എല്ലാത്തിന്റെയും ചുമതലയും ഉത്തരവാദിത്തവും പ്രവര്‍ത്തനവും നിയന്ത്രിക്കുക അദ്ദേഹമാണ്. യുഡിഎഫുമായുള്ള ഏകോപനവും കുഞ്ഞാലിക്കുട്ടിക്ക് തന്നെ. മാധ്യമങ്ങളില്‍ പാര്‍ടി നയം വിശദീകരിക്കാനുള്ള ചുമതല ബഷീറിനാണ്.

പാര്‍ലമെന്ററിബോര്‍ഡിനെ ഒഴിവാക്കി അഞ്ചംഗങ്ങളടങ്ങിയ ഉന്നതാധികാരസമിതിയെന്ന പേരില്‍ പുതിയ അധികാരകേന്ദ്രത്തിനും രൂപം നല്‍കി. ഇ അഹമ്മദ്, ഹൈദരലി ശിഹാബ്തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ഇ ടി മുഹമ്മദ്ബഷീര്‍ എംപി എന്നിവരാണ് ഉന്നതാധികാരസമിതിയില്‍. സാദിഖലി ശിഹാബ്തങ്ങള്‍ ക്ഷണിതാവും. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്ന് മജീദും മുഹമ്മദ്ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദരലി ശിഹാബ്തങ്ങള്‍ (പ്രസിഡന്റ്), പി കെ കെ ബാവ (ട്രഷറര്‍), സി ടി അഹമ്മദലി, കെ കുട്ടി അഹമ്മദ്കുട്ടി, എം ഐ തങ്ങള്‍, വി കെ അബ്ദുള്‍ഖാദര്‍ മൗലവി, പി എച്ച് അബ്ദുള്‍സലാംഹാജി (വൈസ്പ്രസിഡന്റുമാര്‍), എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍, പി വി അബ്ദുള്‍ വഹാബ്, പി എം എ സലാം, ടി എം സലീം (സെക്രട്ടറിമാര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍. കൊല്ലത്തും മറ്റും പ്രശ്നങ്ങളുള്ളതിനാല്‍ ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തകസമിതിയെയും സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തിട്ടില്ല. ഇതിനുള്ള അധികാരം പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് കൈമാറി.

deshabhimani 020712

No comments:

Post a Comment