ദുസ്സഹമായ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ നടന്ന പിക്കറ്റിങ് സംസ്ഥാനത്ത് വന്‍ ജനമുന്നേറ്റമായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് ഏരിയ കേന്ദ്രങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ ലക്ഷങ്ങള്‍ അറസ്റ്റുവരിച്ചു. ജീവിത ദുരിതത്തിന് പരിഹാരം തേടിയുള്ള പോരാട്ടത്തില്‍ വീട്ടമ്മമാരും കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും അണിചേര്‍ന്നു. ഭക്ഷ്യസുരക്ഷയ്ക്കും സാര്‍വത്രിക പൊതുവിതരണവ്യവസ്ഥയ്ക്കും വേണ്ടിയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു സമരം.
അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും മത്സ്യ-മാംസാദികള്‍ക്കും അനുദിനം വിലവര്‍ധിക്കുന്ന കേരളത്തില്‍ പൊള്ളുന്ന അനുഭവങ്ങളുമായാണ് ജനങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിയത്. പൊതുവിതരണശൃംഖല തകര്‍ത്ത് വിലക്കയറ്റം രൂക്ഷമാക്കിയ യുഡിഎഫ് ഭരണത്തിനെതിരെയുള്ള ജനവികാരം സമരകേന്ദ്രങ്ങളില്‍ പ്രതിഫലിച്ചു. ബിപിഎല്‍, എപിഎല്‍ വേര്‍തിരിവില്ലാതെ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കുക, കിലോക്ക്് രണ്ടുരൂപയില്‍ കവിയാത്ത നിരക്കില്‍ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം എല്ലാ കുടുംബത്തിനും നല്‍കുക, ക്ഷേമപദ്ധതികള്‍ക്കുള്ള അടിസ്ഥാനമെന്നനിലയില്‍ ആസൂത്രണ കമീഷന്‍ അവതരിപ്പിച്ച തട്ടിപ്പുകണക്ക് തള്ളുക, കര്‍ഷകര്‍ക്ക് ന്യായവിലയും ലാഭവും ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പിക്കറ്റിങ്ങില്‍ ഉയര്‍ത്തിയത്.
സെക്രട്ടറിയറ്റിനു മുന്നില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി സമരം ഉദ്ഘാടനംചെയ്തു. ആലപ്പുഴ ആര്‍ഡിഒ ഓഫീസ് പിക്കറ്റിംഗ് സി ബി ചന്ദ്രബാബുവും ഭരണിക്കാവ് സബ് രജിസ്ട്രാര്‍ ഓഫീസ് പിക്കറ്റിംഗ് സി എസ് സുജാതയും എറണാകുളം കലക്ടറേറ്റ് പിക്കറ്റിങ് എം സി ജോസഫൈനും കണയന്നൂര്‍ താലൂക്ക് ഓഫീസ് പിക്കറ്റിങ് എം വി ഗോവിന്ദനും ഉദ്ഘാടനംചെയ്തു. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ നടന്ന സര്‍ക്കാര്‍ ഓഫീസ് പിക്കറ്റിങ്ങിലും പ്രകടനത്തിലും ആയിരങ്ങള്‍ അണിചേര്‍ന്നു. സിപിഐ എം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പിക്കറ്റിങ്. പിക്കറ്റിങ്ങില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.
deshabhimani 130712

No comments:
Post a Comment