Thursday, July 12, 2012
എന്തിന് ഇങ്ങനെ ഒരു സര്‍ക്കാര്‍?
ഞാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ഉമ്മന്‍ചാണ്ടി രണ്ടാംവട്ടവും സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചിരിക്കുന്നു. ഞാന്‍ മന്ത്രിയാണ് എന്ന് വനംമന്ത്രി പറയുന്നു. ചീഫ് വിപ്പ് സഭയ്ക്കകത്തു മാത്രമാണെന്നും പുറത്ത് വെറും പൗരനാണെന്നും വനംമന്ത്രി ഓര്‍മിപ്പിക്കുമ്പോള്‍ മന്ത്രിയുടെ പിതാവിനെക്കുറിച്ചാണ് ചീഫ് വിപ്പ് പറയുന്നത്. സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് ചീഫ് വിപ്പ് എന്ന് ഭരണകക്ഷി എംഎല്‍എമാര്‍ പരസ്യമായി പരാതി ഉന്നയിക്കുന്നു. സ്വയം വിശ്വാസമില്ലാത്തവരുടെയും പിടിപ്പുകെട്ടവരുടെയും കൂട്ടായ്മയായി യുഡിഎഫ് മന്ത്രിസഭ അധഃപതിച്ചു എന്ന് നിമിഷംപ്രതി തെളിയുകയാണ്. അധികാരം കൈയാളുക എന്ന മിനിമം പരിപാടിയില്‍ ഒന്നിച്ചിരിക്കുന്നവര്‍ തമ്മിലുള്ള ഭിന്നത, ഖജനാവ് കൈയിട്ടുവാരുന്നതിന്റെ തോതിലും സ്വഭാവത്തിലും മാത്രമാണ്.
വനംമന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മില്‍ നിയമസഭയിലും പുറത്തും നടക്കുന്ന പോര്‍വിളിയും മുഴക്കുന്ന ആരോപണങ്ങളും യുഡിഎഫിന്റെ പൊതുസ്വഭാവത്തില്‍നിന്ന് തെല്ലും വേറിട്ടതല്ല. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനുപകരം എസ്റ്റേറ്റ് ഉടമകള്‍ക്ക് കോടതിയില്‍ പോകാന്‍ വഴിയൊരുക്കുകയും കേസുകള്‍ സര്‍ക്കാര്‍തന്നെ അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുസ്വത്ത് സ്വകാര്യ ഉടമകള്‍ക്ക് തീറെഴുതുന്നതാണ് യുഡിഎഫിന്റെ നയമെന്ന് എസ്റ്റേറ്റുടമകള്‍ക്കുവേണ്ടിയുള്ള പി സി ജോര്‍ജിന്റെ ശുപാര്‍ശയും വാക്കുകളും വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒരു കേസില്‍പോലും വിജയിക്കാന്‍ വനംവകുപ്പിനു കഴിഞ്ഞിട്ടില്ല. വന്‍കിട തോട്ടം ഉടമകളുമായി ഒത്തുകളിച്ച്ഭഭൂമി കൈയേറ്റകേസുകള്‍ തോറ്റുകൊടുത്തും വനഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാതെയും നടന്ന നെല്ലിയാമ്പതി വനഭൂമി വെട്ടിപ്പിന്റെ പേരിലാണ് ഇപ്പോഴത്തെ തമ്മിലടി. പാട്ടക്കരാര്‍ ലംഘിച്ച 27 തോട്ടം സംസ്ഥാനത്തുണ്ട്. ഇതില്‍ ഏറെയും നെല്ലിയാമ്പതിമേഖലയിലാണ്. യുഡിഎഫ് ഘടകകക്ഷികളും കക്ഷികള്‍ക്കകത്തുള്ള നേതാക്കളും വേണ്ടപ്പെട്ടവരായ ഉടമകള്‍ക്കുവേണ്ടി ചേരിതിരിഞ്ഞ് വാദിച്ചതോടെയാണ് യുഡിഎഫ് ഇതുസംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്. വനഭൂമി പൂര്‍ണമായും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നു. യുഡിഎഫ് സമിതിയെ നിയോഗിച്ച കാര്യം തനിക്ക് അറിയില്ലെന്നാണ് വനംമന്ത്രി സഭയില്‍ പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ വനംമന്ത്രി പങ്കെടുത്തിട്ടില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം അറിയാത്തതെന്നുമാണ്. വനംവകുപ്പുമായി ബന്ധപ്പെട്ട പ്രധാന കാര്യത്തിനായി സമിതിയെ നിയോഗിച്ചത് വനംമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞില്ലെന്നും പറയുന്നത് എന്തു ന്യായമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിയും വിശദീകരിക്കേണ്ടതുണ്ട്.
തോട്ടം ഉടമകള്‍ക്കുവേണ്ടി അനധികൃതമായി ഇടപെടുകയും അതിന്റെ പേരില്‍ മന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന പി സി ജോര്‍ജ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട യുഡിഎഫ് ഉപസമിതിയുടെ ചെയര്‍മാന്‍ എന്നത് മറ്റൊരു വൈചിത്ര്യം. ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുകയും മറയില്ലാതെ തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തു. ഈ ഉടമകളില്‍ ചിലരുമായി ജോര്‍ജിനുള്ള ബന്ധവും പുറത്തുവന്നു. ഇതിനിടയിലാണ് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍നടപടി കോടതി സ്റ്റേചെയ്തത്. വനംവകുപ്പിന്റെ നിലപാടിനെ നിയമവകുപ്പും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസും അംഗീകരിച്ചില്ല. അഡ്വക്കറ്റ് ജനറല്‍ നേരത്തെ തോട്ടം ഉടമകളുടെ അഭിഭാഷകനായിരുന്നു. ഇവരൊക്കെ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത്?
യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്താണ് ചീഫ് വിപ്പിനെ നെല്ലിയാമ്പതിയിലേക്ക് അയച്ചത്. പിന്നീട് ചീഫ് വിപ്പ് മുഖ്യമന്ത്രിക്ക് ജീവിച്ചിരിപ്പില്ലാത്ത ആറുപേരുടെ വ്യാജ ഒപ്പിട്ട് പരാതി നല്‍കുകയും മുഖ്യമന്ത്രി ആ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്പിക്കുകയുംചെയ്തു. അണിയറയില്‍ പണം ഒഴുക്കിയും രേഖകളില്‍ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാനും വ്യാജരേഖ ഉണ്ടാക്കി കോടികള്‍ കൊള്ളയടിക്കാനും സര്‍ക്കാര്‍ കൂട്ടുനിന്നു. ഈയൊരൊറ്റ പ്രശ്നം ഇഴകീറി പരിശോധിച്ചാല്‍ത്തന്നെ യുഡിഎഫ് സംവിധാനം നീന്തിത്തുടിക്കുന്ന അഴുക്കുചാലിന്റെ ദുര്‍ഗന്ധമറിയാം. അത് അസഹ്യമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു. ഓരോ മന്ത്രിയും സ്വതന്ത്ര പരമാധികാര സ്ഥാപനങ്ങളായി വകുപ്പുകളെ കൈകാര്യംചെയ്യുന്നു. ഒരു കക്ഷിയില്‍പ്പെട്ടവര്‍തന്നെ അഴിമതിയില്‍ മത്സരിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി വണ്‍മാന്‍ ഷോ നടത്തുന്നു. അതിന് ധനമന്ത്രി ഇടങ്കോലിടുന്നു. ഭരണം ഒരു കക്ഷി കൈയടക്കുകയാണെന്ന് മുഖ്യഭരണ കക്ഷി വിലപിക്കുന്നു. പ്രാദേശിക- സങ്കുചിത താല്‍പ്പര്യങ്ങളാണ് ഭരണത്തെ നയിക്കുന്നതെന്ന ആക്ഷേപമുയര്‍ന്നതും യുഡിഎഫ് ക്യാമ്പില്‍നിന്നുതന്നെ. ഏതാനും മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തി ഇത്തരം കുഴപ്പങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ കഴിയുന്നു എന്ന ആനുകൂല്യത്തിലാണ് യുഡിഎഫ് ഭരണം മുന്നോട്ടുനീങ്ങുന്നത്.
നിയമസഭയില്‍ മന്ത്രിയും ചീഫ് വിപ്പും നാണംകെട്ട് പോരടിച്ചതിന്റെ വിവരം ഒന്നാംപുറത്ത് വാര്‍ത്തയാക്കാന്‍പോലും നിഷ്പക്ഷ നാട്യത്തില്‍ അഭിരമിക്കുന്ന പ്രമുഖ പത്രം തയ്യാറായില്ല. അകത്തു നല്‍കിയ വാര്‍ത്തയാകട്ടെ, പ്രതിപക്ഷം വെട്ടിലായി എന്നും. ലജ്ജാശൂന്യമായ ഈ മാധ്യമ സേവകൊണ്ട് എല്ലാക്കാലത്തേക്കും ജനങ്ങളെ കബളിപ്പിച്ച് ഭരണംതുടരാമെന്ന ദിവാസ്വപ്നത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഒരുനിമിഷം തുടരാന്‍ അര്‍ഹതയില്ലാത്ത ഈ നാറിയ സര്‍ക്കാരിനെ പിടിച്ച് പുറത്താക്കാനുള്ള ജനശക്തി ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
deshabhimani editorial 120712
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment