നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി കരഭൂമിയാക്കുന്നതിന് നിയമസാധുത നല്‍കുന്ന യുഡിഎഫ് മന്ത്രിസഭാ തീരുമാനം സംസ്ഥാന താല്‍പര്യത്തിന് ഹാനികരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
2005 വരെ അനധികൃതമായി നികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഒറ്റത്തവണ കരഭൂമിയായി ക്രമപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഭക്ഷ്യ-ജലദൗര്‍ലഭ്യത്തിനും പാരിസ്ഥിതിക പ്രത്യാഘാതത്തിനും വഴിവെക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസാക്കിയ 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇതുവഴി അസാധുവാകും. ദൂരവ്യാപകമായ ദോഷഫലം ഉളവാകുന്ന ഈ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത് റിയല്‍ എസ്റ്റേറ്റ് ലോബിയുമായുള്ള അവിശുദ്ധബന്ധമാണ്. ഇതില്‍ കോടികളുടെ അഴിമതിയും തള്ളിക്കളയാനാവില്ല. സംസ്ഥാനത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ലോബികളിലൊന്നിന്റെ കുടുംബാംഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ഉപദേഷ്ടാവായിരിക്കുമ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. റിയല്‍ എസ്റ്റേറ്റ് ലോബിക്കുവേണ്ടി സംസ്ഥാന താല്‍പര്യം ബലികഴിക്കുന്ന തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി റദ്ദുചെയ്യണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരുലക്ഷം ഏക്കറിലധികം നെല്‍വയലും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢപരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. 2005 വരെയുള്ള അനധികൃത നികത്തലിന് നിയമപ്രാബല്യം നല്‍കുന്ന വ്യവസ്ഥ പ്രകാരം ഇപ്പോള്‍ നികത്തുന്ന സ്ഥലങ്ങള്‍ക്കടക്കം ഈ ഉത്തരവിന്റെ മറവില്‍ നിയമസാധുത ലഭിക്കും. രഹസ്യസ്വഭാവത്തില്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടതിലൂടെ ഇതിനുപിന്നിലെ ദുരുദ്ദേശം പകല്‍പോലെ വ്യക്തമാണെന്നും പിണറായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി കരഭൂമിയാക്കുന്നതിന് പച്ചക്കൊടി കാണിച്ചിരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ ഭൂമാഫിയയുടെ പിടിയിലെന്ന് സുധീരന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഭൂമാഫിയയുടെ പിടിയിലാണെന്ന് വി എം സുധീരന്‍. 2005 ജനുവരി ഒന്നുവരെയുള്ള നികത്തിയ മുഴുവനും തണ്ണീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാനുള്ള നീക്കം ആശങ്കാജനമാണ്. ഭൂമാഫിയക്കു മാത്രമാണ് ഈ തീരുമാനം ഗുണകരം. സര്‍ക്കാരിലും കോണ്‍ഗ്രസിലും ഭൂമാഫിയ ശക്തമായി പിടിമുറക്കിയിരിക്കുകയാണ്. എറണാകുളത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സ്ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ പല തീരുമാനങ്ങളിലും മാഫിയസംഘങ്ങള്‍ക്കും സ്ഥാപിത താല്‍പര്യകാരും പിടിമുറിക്കിയിട്ടുണ്ട്. 50,000 ഏക്കര്‍ നിലംനികത്തിയത് നിയമവിധേയമാക്കിയത് ജനസമ്പര്‍ക്ക പരിപാടിയില്‍ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണെന്നാണ് റവന്യൂമന്ത്രി പറഞ്ഞത്. ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ ഭൂമാഫിയ സംഘങ്ങള്‍ കാര്യങ്ങള്‍ സാധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. യുഡിഎഫില്‍ പലകാര്യങ്ങളും ചര്‍ച്ചചെയ്യുന്നില്ല. കെപിസിസി പോലും വല്ലപ്പോഴും ചടങ്ങിനുവേണ്ടി കൂടുന്ന ഒന്നായി മാറിയിരിക്കുകയാണ്. കൂട്ടായ ചര്‍ച്ചകളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയുകയൂള്ളൂ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. മുഖ്യമന്ത്രി ഓടി നടക്കുന്നുണ്ടെങ്കിലും മന്ത്രിസഭ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
deshabhimani news
നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി കരഭൂമിയാക്കുന്നതിന് നിയമസാധുത നല്‍കുന്ന യുഡിഎഫ് മന്ത്രിസഭാ തീരുമാനം സംസ്ഥാന താല്‍പര്യത്തിന് ഹാനികരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ReplyDelete