Friday, July 13, 2012

പ്രകൃതിവിരുദ്ധ തീരുമാനം


പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം ആഗോളവല്‍ക്കരണനയങ്ങളുടെ അഭേദ്യഭാഗം തന്നെയാണ്. യുപിഎ സര്‍ക്കാര്‍ ആവേശപൂര്‍വം അവതരിപ്പിച്ച ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പുനഃസ്ഥാപനവും സംബന്ധിച്ച ബില്‍ കൃഷിക്കാരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടേയുമല്ല, കോര്‍പറേറ്റ് മേഖലയുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വന്‍കിടക്കാരുടെയും താല്‍പ്പര്യമാണ് പ്രതിനിധാനം ചെയ്യുന്നത്. അത്തരം വന്‍കിടക്കാരില്‍നിന്ന് ഊഹാതീതമായ ഔദാര്യംപറ്റിയാണ് ആ നിയമനിര്‍മാണമെന്ന് വ്യാപകമായി വിമര്‍ശമുയര്‍ന്നു. അന്യായമായ ഭൂമി ഏറ്റെടുക്കലിനും കോര്‍പറേറ്റുകള്‍ കൃഷിഭൂമി തട്ടിപ്പറിക്കുന്നതിനുമെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. യുപിഎ സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു നീക്കം നടത്തിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തെ കശാപ്പുചെയ്യാനുള്ള മന്ത്രിസഭാ തീരുമാനമാണ് അത്. പ്രകൃതിയെ തുരന്നും തകര്‍ത്തും ലാഭമുണ്ടാക്കാനുള്ള, പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള, അതിന്റെ പ്രത്യാഘാതങ്ങള്‍ ജനതയുടെ തലയിലിടാനുള്ള പ്രകൃതിവിരുദ്ധ ചിന്തയുടെ ഉല്‍പ്പന്നമാണ് ഈ തീരുമാനം.

നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാര്‍ഷിക സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള മികവുറ്റനീക്കങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. വര്‍ഷങ്ങള്‍ക്കുശേഷം വയലേലകള്‍ വീണ്ടും പച്ച പിടിച്ചു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചു. വയലുകളും തണ്ണീര്‍ത്തടങ്ങളും മറ്റാവശ്യങ്ങള്‍ക്കായി നികത്തുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയുമടക്കം അഭിപ്രായങ്ങള്‍ക്കുശേഷമാണ് ഈ നിയമം പാസാക്കിയത്. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നാഴികക്കല്ലായ ഈ നിയമത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ കുഴിച്ചുമൂടുന്നത്. 2005നുമുമ്പ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും ഒറ്റത്തവണ ക്രമപ്പെടുത്തലിലൂടെ കരഭൂമിയായി അംഗീകരിക്കാമെന്നാണ് മന്ത്രിസഭാ തീരുമാനം. ഇങ്ങനെ തീരുമാനമെടുക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് നേരത്തെ വിവരമുണ്ടായിരുന്നു. നീര്‍ത്തടങ്ങള്‍ നികത്താനോ അതിനുള്ള അനുമതി നല്‍കാനോ സംസ്ഥാനസര്‍ക്കാരിന് നിയമപരമായി അധികാരമില്ല. ആ നിലയ്ക്ക് സര്‍ക്കാര്‍ നടപടി തികച്ചും നിയമവിരുദ്ധമാണ്. വര്‍ഷങ്ങള്‍മുമ്പ് രൂപാന്തരം സംഭവിച്ച നിലങ്ങള്‍ റെവന്യൂ രേഖകളില്‍ ഇപ്പോഴും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അട്ടിമറി. ഇത്തരം രൂപാന്തരങ്ങള്‍ ഒറ്റത്തവണ മാത്രം ക്രമപ്പെടുത്തുന്നതിന് ഫീസ് ഈടാക്കി അനുമതി നല്‍കാനാണ് തീരുമാനം. എന്നാല്‍, ഇതോടെ തരിശ്ശിട്ടതും ഭാഗികമായി മാത്രം നികത്തിയതുമായ ആയിരക്കണക്കിന് ഏക്കര്‍ കരഭൂമിയാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍കിട തട്ടിപ്പുകാര്‍ക്കാണ് ഇതിന്റെ യഥാര്‍ഥ പ്രയോജനം. കുറഞ്ഞവിലയ്ക്ക് വയല്‍വാങ്ങി നികത്തി കെട്ടിടം വച്ചും കരഭൂമിയാക്കിയും നൂറും ഇരുനൂറും ഇരട്ടി വിലയ്ക്ക് വില്‍ക്കാനുള്ള അവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ചിലരുടെ വയല്‍നികത്തലിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നിലവില്‍ എവിടെയെല്ലാം വയലും തണ്ണീര്‍ത്തടവുമുണ്ട് എന്നറിയാനുള്ളത് അതുസംബന്ധിച്ച ഡാറ്റാ ബാങ്കിന്റെ പരിശോധനയിലൂടെയാണ്. ഡാറ്റാ ബാങ്ക് കൃത്യമായി പുതുക്കിയതോ തല്‍സ്ഥിതി കൃത്യമായി പ്രതിഫലിപ്പിക്കുന്നതോ അല്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആവേശത്തോടെ നിലംനികത്തല്‍ തുടങ്ങിയിട്ടുണ്ട്. അത്തരം നികത്തലുകള്‍ക്കാകെ നിയമപ്രാബല്യം നല്‍കാനുള്ളതാണ് പുതിയ തീരുമാനം. 2005നുമുമ്പ് നികത്തിയ ഭൂമിക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാനുള്ള നടപടി ആരംഭിക്കുന്നതോടെ കൂടുതല്‍ ഭൂമി നികത്തപ്പെടുകയും നിലവിലുള്ള നെല്‍വയല്‍ സംരക്ഷണനിയമം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയും ചെയ്യും. 2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് നിലംനികത്താന്‍ ഭൂമാഫിയകള്‍ക്ക് ഇത് അവസരമൊരുക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍ പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ തിരിമറി നടത്തുന്നതും വ്യാപകമാകും.

വീടുവയ്ക്കാനും പൊതുആവശ്യത്തിനും നെല്‍വയലുകള്‍ നികത്താന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കിടപ്പാടമുണ്ടാക്കാന്‍ വയല്‍ നികത്തിയേ തീരൂ എന്നുവരുമ്പോള്‍ അത് നിയമപരമായി തന്നെ നടത്താം- അതിന് ആരും എതിരുമല്ല. അതിന്റെ പേരില്‍ തണ്ണീര്‍ത്തടം നികത്തി കച്ചവടം നടത്തി ലാഭം കുന്നുകൂട്ടാനുള്ള കച്ചവടക്കാരുടെ കഴുത്തറുപ്പന്‍ തന്ത്രത്തിന് നിയമസാധുത നല്‍കുകയാണ് ഇവിടെ യുഡിഎഫ് സര്‍ക്കാര്‍. വീട് വയ്ക്കാന്‍ അഞ്ചു സെന്റുവരെ നികത്താന്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിന് അനുമതി നല്‍കാവുന്നതേയുള്ളൂ. സ്വന്തമായി വീടില്ലാത്തവര്‍ക്കും വീടുവയ്ക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും ഈ ഇളവ് ലഭിക്കുന്നുണ്ട്. അതുപറഞ്ഞ്, പതിനായിരക്കണക്കിന് ഏക്കര്‍ റിയല്‍ എസ്റ്റേറ്റ് ലോബി നികത്തിയതിന് നിയമപരിരക്ഷ നല്‍കാനുള്ള നീക്കം പക്ഷേ, നിഷ്കളങ്കമായ ഒന്നായി കാണാനാകില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം വരുന്നതിനു മുമ്പും നീര്‍ത്തടം നികത്തുന്നത് നിയമവിരുദ്ധമായിരുന്നു. കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഉത്തരവ് അനുസരിച്ച് നിലം നികത്തല്‍ കുറ്റമാണ്. പുതിയ തീരുമാനത്തോടെ അതും നിയമവിധേയമാകും. ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ വേണ്ട പരിശോധനയോ ചര്‍ച്ചയോ സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

നാടിന്റെയോ ജനങ്ങളുടെയോ താല്‍പ്പര്യമല്ല സര്‍ക്കാരിനെ നയിച്ചത്. ആ താല്‍പ്പര്യം ഏതാണെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ട്. അനധികൃത നിലംനികത്തല്‍ അനുവദിക്കില്ലെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും കര്‍ഷകത്തൊഴിലാളി യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളുടെ മാത്രമല്ല, ഈ നാടും അതിന്റെ പച്ചപ്പും ജലസമൃദ്ധിയും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് ഇത്. അതുകൊണ്ടുതന്നെ തെറ്റായ നീക്കത്തിനെതിരെ ജനങ്ങള്‍ യോജിച്ച് പ്രക്ഷോഭരംഗത്തിറങ്ങണം.

deshabhimani editorial 130712

1 comment:

  1. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം ആഗോളവല്‍ക്കരണനയങ്ങളുടെ അഭേദ്യഭാഗം തന്നെയാണ്. യുപിഎ സര്‍ക്കാര്‍ ആവേശപൂര്‍വം അവതരിപ്പിച്ച ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പുനഃസ്ഥാപനവും സംബന്ധിച്ച ബില്‍ കൃഷിക്കാരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടേയുമല്ല, കോര്‍പറേറ്റ് മേഖലയുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വന്‍കിടക്കാരുടെയും താല്‍പ്പര്യമാണ് പ്രതിനിധാനം ചെയ്യുന്നത്. അത്തരം വന്‍കിടക്കാരില്‍നിന്ന് ഊഹാതീതമായ ഔദാര്യംപറ്റിയാണ് ആ നിയമനിര്‍മാണമെന്ന് വ്യാപകമായി വിമര്‍ശമുയര്‍ന്നു. അന്യായമായ ഭൂമി ഏറ്റെടുക്കലിനും കോര്‍പറേറ്റുകള്‍ കൃഷിഭൂമി തട്ടിപ്പറിക്കുന്നതിനുമെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. യുപിഎ സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു നീക്കം നടത്തിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തെ കശാപ്പുചെയ്യാനുള്ള മന്ത്രിസഭാ തീരുമാനമാണ് അത്. പ്രകൃതിയെ തുരന്നും തകര്‍ത്തും ലാഭമുണ്ടാക്കാനുള്ള, പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള, അതിന്റെ പ്രത്യാഘാതങ്ങള്‍ ജനതയുടെ തലയിലിടാനുള്ള പ്രകൃതിവിരുദ്ധ ചിന്തയുടെ ഉല്‍പ്പന്നമാണ് ഈ തീരുമാനം.

    ReplyDelete