Friday, July 13, 2012

തോട്ടം ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ല


പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നേടിയ സ്റ്റേക്കെതിരെ സര്‍ക്കാര്‍ ആക്ഷേപ ഹര്‍ജി നല്‍കിയില്ല. ചെറുനെല്ലി, മാങ്കോട്, രാജക്കാട് എസ്റ്റേറ്റ് ഉടമകളാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയത്. സ്റ്റേ കിട്ടിയിട്ട് ഒരു മാസമായിട്ടും ഇതിലൊന്നിലും സര്‍ക്കാര്‍ ഇതുവരെ ആക്ഷേപഹര്‍ജി നല്‍കാത്തത് ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. ഇതിനു പിന്നാലെയാണ് തോട്ടം ഉടമകള്‍ക്കുവേണ്ടി ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തു വന്നതും. ഇതുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് നടത്തിയ വാദങ്ങള്‍ തെറ്റാണെന്ന് വനംവകുപ്പിന്റെയും ഹൈക്കോടതിയുടെയും രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്നും ചെറുകിടകര്‍ഷകര്‍ക്കുവേണ്ടിയാണ് വാദിക്കുന്നതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം. എന്നാല്‍, ഇത് സംരക്ഷിത വനമേഖലയാണെന്ന് രേഖകളിലുണ്ട്. പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് രേഖകളില്‍ എവിടെയുമില്ല. ചെറുകിട കര്‍ഷകനും തന്റെ അയല്‍വാസിയുമായ ഈരാറ്റുപേട്ട മുരിക്കോലില്‍ കൊച്ചുതമ്പിക്കും ഭാര്യക്കുംവേണ്ടിയാണ് താന്‍ ഇടപെട്ടതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. കൊച്ചുതമ്പി ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഇപ്പോഴത്തെ കൈവശക്കാര്‍. മാത്രമല്ല ഈ കുടുംബം ചെറുകിട കര്‍ഷകരുമല്ല. ചെറുനെല്ലി എസ്റ്റേറ്റിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി ഏക്കര്‍കണക്കിന് എസ്റ്റേറ്റുകളും റബറധിഷ്ഠിത വ്യവസായങ്ങളും ഇവര്‍ക്കുണ്ട്.
പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ തോട്ടം ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കാലാവധി കഴിഞ്ഞ തുത്തംപാറ എസ്റ്റേറ്റ് ഏറ്റെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതിനുപുറമെ വെങ്ങുനാട് കോവിലകത്തുനിന്ന് സ്വകാര്യവ്യക്തികള്‍ കൈയേറിയ രണ്ടായിരം ഏക്കറോളം ഭൂമി ഏറ്റെടുത്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. പ്രിയങ്ക, ശക്തി, ഗണേഷ്, പെരിയ ചോല, മിന്നാമ്പാറ, ഗോള്‍ഡന്‍വാലി, മില്ലുമേട്, ജെമിനി എന്നീ തോട്ടങ്ങളാണ് സ്വകാര്യവ്യക്തികളില്‍നിന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ തോട്ടം ഉടമകളുടെ വക്താക്കളായി മാറി. ചീഫ് വിപ്പായി ആഴ്ചകള്‍ക്കകം തന്നെ പി സി ജോര്‍ജിന് നെല്ലിയാമ്പതിയില്‍ തോട്ടംഉടമകള്‍ സ്വീകരണം നല്‍കിയിരുന്നു. അന്നുതന്നെ കര്‍ഷകരുടെയും തൊഴിലാളികളുടെയും പേരുപറഞ്ഞ് തോട്ടം ഉടമകള്‍ക്കുവേണ്ടി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. അതിനുശേഷം നിരവധി തവണ ഒളിഞ്ഞും തെളിഞ്ഞും ജോര്‍ജ് നെല്ലിയാമ്പതിയില്‍ എത്തിയിട്ടുണ്ട്. ഇതിനുപുറമെ ആര്‍ ബാലകൃഷ്ണപിള്ളയും അടുത്തകാലത്ത് നെല്ലിയാമ്പതിയിലെത്തി തോട്ടം ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു.
(ഇ എസ് സുഭാഷ്)

മന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം ശരിയല്ല: വി എസ്

സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട മന്ത്രിയെ ഒറ്റപ്പെടുത്താന്‍ നോക്കുന്നത് ഏത് ഉദ്ദേശത്തോടെയാണെങ്കിലും നല്ലതല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വനംമന്ത്രി മന്ത്രി കെ ബി ഗണേശ്കുമാറിനെതിരെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വി എസ്.

ജോര്‍ജ് ഗണേശിന്റെ പിതാവുമായി ചേര്‍ന്ന് സ്വകാര്യ എസ്റേറ്റ് ഉടമകള്‍ക്കുവേണ്ടി ശ്രമങ്ങള്‍ നടത്തുകയാണെന്ന് വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അസംബ്ലിയിലിലെ ചോദ്യോത്തരത്തിനിടയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ഗണേശ് വ്യക്തമാക്കിയിരുന്നു. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ അവസരമുണ്ടാക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഗണേശ്കുമാര്‍ പറഞ്ഞിട്ടുണ്ട്. ഇത് യുഡിഎഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. വര്‍ഗീയതയും കോണ്‍ഗ്രസുമായി കൂട്ടുചേരുമ്പോഴെല്ലാം ഇത്തരം തമ്മിലടി സ്വാഭാവികമാണ്. ഇതു മുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയുമത് പ്രതീക്ഷിക്കാം-വി എസ് പറഞ്ഞു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച കൂട്ടത്തില്‍ പ്രതിപക്ഷനേതാവിനെയും കണ്ടതാണെന്ന് ആര്‍എംപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനു വി എസ് മറുപടി നല്‍കി.

deshabhimani 130712

1 comment:

  1. പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നേടിയ സ്റ്റേക്കെതിരെ സര്‍ക്കാര്‍ ആക്ഷേപ ഹര്‍ജി നല്‍കിയില്ല. ചെറുനെല്ലി, മാങ്കോട്, രാജക്കാട് എസ്റ്റേറ്റ് ഉടമകളാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയത്. സ്റ്റേ കിട്ടിയിട്ട് ഒരു മാസമായിട്ടും ഇതിലൊന്നിലും സര്‍ക്കാര്‍ ഇതുവരെ ആക്ഷേപഹര്‍ജി നല്‍കാത്തത് ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. ഇതിനു പിന്നാലെയാണ് തോട്ടം ഉടമകള്‍ക്കുവേണ്ടി ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തു വന്നതും. ഇതുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് നടത്തിയ വാദങ്ങള്‍ തെറ്റാണെന്ന് വനംവകുപ്പിന്റെയും ഹൈക്കോടതിയുടെയും രേഖകള്‍ തന്നെ വ്യക്തമാക്കുന്നു

    ReplyDelete