Friday, July 13, 2012

ആറന്‍മുള വിമാനത്താവളം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം


ആറന്‍മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ പ്രശ്നം ചൂണ്ടിക്കാട്ടി മുല്ലക്കര രത്നാകരന്‍ ക്രമപ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയില്‍ പറഞ്ഞതുപോലെ ഇടത് സര്‍ക്കാര്‍ 2500 ഏക്കര്‍ വ്യാവസായിക മേഖലയായി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും 500 ഏക്കര്‍ എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലക്കര ചൂണ്ടിക്കാണിച്ചു. ഈ വിഷയം സംബന്ധിച്ച് വ്യക്തമായ ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാപനത്തില്‍ 1964 സര്‍വേ നമ്പറുകള്‍ ഉണ്ടെന്നും ഇത് കണക്കാക്കിയാല്‍ അഞ്ഞൂറ് ഏക്കറിലധികം കാണുമെന്നും അധികമുള്ള ഭൂമിയാണ് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും വ്യവസായ മന്ത്രി പറഞ്ഞു. വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വിശദീകരിച്ചതിനാല്‍ ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

പ്ലസ് വണിന് അഡ്മിഷന്‍ ലഭിക്കാത്തതില്‍ മനം നൊന്ത് പട്ടാമ്പി ശങ്കരമംഗലം സ്വദേശിനി രേഷ്മ ആത്മഹത്യ ചെയ്ത സംഭവം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തിന് രാവിലെ അവതരണാനുമതി നിഷേധിച്ചിരുന്നു. കെ എസ് സലീഖയാണ് നോട്ടീസ് നല്‍കിയത്. പട്ടാമ്പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായ രേഷ്മക്ക് 69 ശതമാനം മാര്‍ക്കുണ്ട്. എന്നാല്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ. ബുധനാഴ്ച പട്ടാമ്പി ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയ രേഷ്മയ്ക്ക് പ്ലസ്വണിന് സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായി. വീട്ടില്‍ മടങ്ങിയെത്തി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത രേഷ്മയുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്കൂളുകളില്‍ പ്ലസ് വണിന് അഡ്മിഷന്‍ സാധ്യമാക്കുമെന്നും ഏകജാലക സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറഞ്ഞ സാഹചര്യത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ സഭയെ അറിയിച്ചു.

deshabhimani news

No comments:

Post a Comment