Friday, July 13, 2012
ധാരാസിങ് കളമൊഴിഞ്ഞു
മുംബൈ: വിഖ്യാത ഗുസ്തിതാരവും സിനിമാനടനും മുന്‍ രാജ്യസഭാ അംഗവുമായ ധാരാസിങ് (83)അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 7.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയാഘാതവും മൂലം ജൂലൈ 7ന് കോകില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ബുധനാഴ്ച രാത്രി ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പൊതുദര്‍ശനത്തിനു വച്ച ഇതിഹാസതാരത്തിന്റെ മൃതദേഹത്തില്‍ സിനിമ-രാഷ്ട്രീയ-കായികരംഗത്തെ പ്രമുഖരടക്കം ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വന്‍ ആരാധകവൃന്ദത്തിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് ശേഷം പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ സംസ്കരിച്ചു.
സിബി മലയിലിന്റെ മുത്താരംകുന്ന് പിഒയില്‍ (1985) ഗുസ്തിതാരമായെത്തിയ ധാരാസിങ് മലയാളികള്‍ക്കും സുപരിചിതനാണ്. രാമാനന്തസാഗറിന്റെ രാമായണപരമ്പരയില്‍ ഹനുമാന്റെ വേഷം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഗുസ്തിയില്‍ ഇന്ത്യന്‍ പെരുമ ലോകത്തെ അറിയിച്ച ധാരാസിങ് പഞ്ചാബിലെ അമൃത്സറില്‍ 1928 നവംബര്‍ 19നാണ് ജനിച്ചത്. ഗുസ്തിയില്‍ 54ല്‍ ഇന്ത്യന്‍ ചാമ്പ്യനായി. വിദേശത്തും ഇന്ത്യയിലും അഞ്ഞൂറിലേറെ ഗുസ്തിമത്സരത്തില്‍ പ്രമുഖരുമായി ഏറ്റുമുട്ടി വിജയിച്ചു. 1959ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനായി. 1968ല്‍ പോളണ്ടുകാരനായ ജോര്‍ജ് സിബിസ്കോയെ തോല്‍പ്പിച്ച് ലോക ഗുസ്തിചാമ്പ്യനായി. 1983ല്‍ ഗുസ്തി മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭാ അംഗമായി. ഗുസ്തിയില്‍ റുസ്തം ഇ പഞ്ചാബ് (1966), റുസ്തം ഇ ഹിന്ദ് (1978) പദവികള്‍ നേടിയ അദ്ദേഹം അറുപതുകളിലാണ് ബോളിവുഡിന്റെ ഭാഗമായത്. ബോളിവുഡിന്റെ ആദ്യ ആക്ഷന്‍ കിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധാരാസിങ്ങാണ് വെള്ളിത്തിരയില്‍ നായകന്‍ ഷര്‍ട്ട് ഊരി മസില്‍ പ്രദര്‍ശിപ്പിക്കുന്ന തരംഗത്തിന് തുടക്കമിട്ടത്. അറുപതുകളില്‍ ബോളിവുഡിലെ വിജയിയായ ആക്ഷന്‍ താരമായിരുന്നു. എണ്‍പതുകള്‍ മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമായി. പഞ്ചാബിയിലടക്കം നൂറ്റമ്പതിലേറെ സിനിമയിലും 6 സീരിയലിലും അഭിനയിച്ചു. രണ്ട് സിനിമ നിര്‍മിച്ചു. ജബ് വീ മെറ്റ് (2007)ആണ് അവസാനം അഭിനയിച്ച ചിത്രം. രണ്ട് തവണ വിവാഹിതനായ ധാരാസിങ്ങിന് ആറ് മക്കളുണ്ട്. തലമുറകള്‍ക്ക് പ്രചോദനമേകിയ പ്രതിഭാശാലിയെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
deshabhimani 130712
Labels:
ആദരാഞ്ജലി
Subscribe to:
Post Comments (Atom)
No comments:
Post a Comment