Monday, July 16, 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: കെ എം മാണി


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തണമെന്ന് ധനമന്ത്രി കെ എം മാണി. സംസ്ഥാനത്ത് സര്‍വീസിലുള്ളവരെക്കാള്‍ പെന്‍ഷന്‍കാരുണ്ടെന്നും സംസ്ഥാനം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവജന, സര്‍വീസ് സംഘടനകളുമായി ആലോചിച്ച ശേഷമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പുതുതായി സര്‍വീസില്‍ ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താമെന്നും പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60വയസാണെന്നും മാണി പറഞ്ഞു.

നേരത്തേ ധനവിനിയോഗബില്ല് ചര്‍ച്ചയ്ക്കിടെ സഭയില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.  ചര്‍ച്ച അനിശ്ചിതമായി നീട്ടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ബില്ലിന്റെ ചര്‍ച്ചയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ട് അംഗീകരിക്കാതിരുന്നതിനാലായിരുന്നു വോക്കൗട്ട്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട സമയത്ത് സഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതിനാലാണ് ചര്‍ച്ച നീട്ടുന്നതെന്ന് വ്യക്തമായതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചസംഭവം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയതിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാവിലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെ വി വിജയദാസാണ് നോട്ടീസ് നല്‍കിയത്. ഒരുമിച്ച് അവധിയെടുത്ത നാല് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുമായിരുന്നെന്നും സര്‍ക്കാറിന്റെ നിരുത്തരവാദിത്വ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതൂര്‍ പഞ്ചായത്തിലെ താഴെ ഉമ്മത്താംപടി ഊരില്‍ മരുതന്റെ ഭാര്യ രങ്കി(50)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് രങ്കിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ പുതൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള കോട്ടത്തറ ട്രൈബല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെയും ഡോക്ടര്‍ ഉണ്ടായിരുന്നില്ല. പിന്നീട് അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

deshabhimani news

1 comment:

  1. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തണമെന്ന് ധനമന്ത്രി കെ എം മാണി. സംസ്ഥാനത്ത് സര്‍വീസിലുള്ളവരെക്കാള്‍ പെന്‍ഷന്‍കാരുണ്ടെന്നും സംസ്ഥാനം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete