Wednesday, August 22, 2012

എന്‍ഡോസള്‍ഫാന്‍: സഹായ ലിസ്റ്റില്‍ 103 പേര്‍ മാത്രം


സര്‍ക്കാര്‍ സഹായമെത്തിക്കേണ്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നിലവില്‍ 4182 പേരുള്ള ലിസ്റ്റില്‍ നിന്നും ബഹുഭൂരിപക്ഷം രോഗികളെയും ഒഴിവാക്കി 103 പേര്‍ക്ക് മാത്രം സഹായം നല്‍കാനാണ് നീക്കം. കരട് ലിസ്റ്റ് എന്‍ഡോസള്‍ഫാന്‍ മോണിറ്ററിങ് സെല്ലില്‍പോലും അവതരിപ്പിക്കാതെ പഞ്ചായത്തുകളിേല്‍ക്ക് അയച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ വഞ്ചിച്ച് ഭൂരിപക്ഷത്തിനും ധനസഹായം നിഷേധിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢനീക്കം ഈ മേഖലയെ സ്ഫോടനാത്മക സ്ഥിതിയിലേക്ക് നയിക്കുകയാണ്. ധനസഹായത്തിനുള്ള കരട് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതില്‍ മനംനൊന്ത് ബെള്ളൂര്‍ പഞ്ചായത്തിലെ ജാനു നായ്ക്ക് ജീവനൊടുക്കിയത് മറ്റൊരു ദുരന്തത്തിന്റെ തുടക്കമാകുമോയെന്ന ആശങ്കയാണ് കാസര്‍കോട് ജില്ലയില്‍.

ഓണത്തിനുമുമ്പ് എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിന്റെ മറവിലാണ് ഭൂരിപക്ഷം ദുരിതബാധിതരെയും പട്ടികയില്‍നിന്ന് പുറത്താക്കാനുള്ള നാടകം അരങ്ങേറിയത്. ആദ്യഗഡു സഹായം വിതരണംചെയ്താല്‍ പിന്നെ കൂടുതലാളുകളെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നതും വ്യക്തം. മരിച്ചവരുടെ കുടുംബത്തിനുള്ള സഹായവിതരണം ഇതിനു തെളിവാണ്. ആദ്യമുണ്ടാക്കിയ പട്ടികപ്രകാരമാണ് സഹായം നല്‍കിയത്. പിന്നീട് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് അംഗീകരിച്ചാല്‍ മാരകരോഗം പിടിപെട്ട് കിടപ്പിലായ മഹാഭൂരിപക്ഷവും പുറത്താകുമെന്നുറപ്പാണ്. നിലവിലെ പട്ടികയിലുള്ളവരെല്ലാം ദുരന്തബാധിതരല്ലെന്നത് സര്‍ക്കാറിന്റെ പുതിയ കണ്ടുപിടിത്തമാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ പത്ത് ഡോക്ടര്‍മാരെ നിയമിച്ചാണ് കരട് ലിസ്റ്റ് തയ്യാറാക്കിയത്. ഇവരുടെ പരിശോധനപ്രകാരം 11 പഞ്ചായത്തുകളിലായി പൂര്‍ണമായും കിടപ്പിലായ 103 രോഗികളേയുള്ളൂ.

കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് 11 പഞ്ചായത്തിലും വിപുലമായ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് നിലവിലുള്ള ലിസ്റ്റ് തയ്യാറാക്കിയത്. മൂന്നു കാറ്റഗറിയിലായി 4182 പേരാണ് ഇതിലുള്‍പ്പെടുന്നത്. ഒന്നാം വിഭാഗത്തില്‍ (പൂര്‍ണമായും കിടപ്പിലായവര്‍) 541 പേരും രണ്ടാം വിഭാഗത്തില്‍(പരസഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്തവര്‍) 1847 പേരുമാണ് ഉണ്ടായിരുന്നത്. ഇവരുള്‍പ്പെടെ 4079 പേര്‍ക്ക് 2000, 1000 രൂപ പ്രകാരം സര്‍ക്കാര്‍ പെന്‍ഷനും നല്‍കുന്നുണ്ട്. ഈ ലിസ്റ്റിലുള്ളവരുടെ വിവരങ്ങള്‍ വീണ്ടും പരിശോധിച്ചാണ് ദുരന്തബാധിതരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചത്. പനത്തടി പഞ്ചായത്തിലെ 256 രോഗികളില്‍ 30പേര്‍ കിടപ്പിലെന്നാണ് നിലവിലുള്ള കണക്ക്. ഇത് പുതുക്കിയപ്പോള്‍ 14 പേരായി ചുരുങ്ങി. കള്ളാറില്‍ 25 ഉണ്ടായിരുന്നത് 17 ആയി. കിടപ്പിലായ 27 പേരും പരസഹായത്തോടെ ജീവിക്കുന്ന 190 പേരുമുള്‍പ്പെടെ 381 രോഗികളുള്ള കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ പുതിയ ലിസ്റ്റില്‍ കിടപ്പിലായവര്‍ അഞ്ചുപേര്‍ മാത്രം. ബദിയടുക്ക പഞ്ചായത്തില്‍ ഒന്നാം കാറ്റഗറിയില്‍ 40 പേരും രണ്ടാം കാറ്റഗറിയില്‍ 152 പേരുമുണ്ടായിരുന്നു. അത് 23 ആയി ചുരുങ്ങി. പുല്ലൂര്‍-പെരിയയില്‍ 406 പേരുടെ ലിസ്റ്റാണുള്ളത്. ഇതില്‍ 27 പേര്‍ ഒന്നാം കാറ്റഗറിയിലും 179പേര്‍ രണ്ടാം കാറ്റഗറിയിലുമാണ്. പുതുക്കിയപ്പോള്‍ കിടപ്പിലായവര്‍ ഏഴേയുള്ളൂ. മുളിയാറില്‍ 25ല്‍നിന്ന് 12 ആയും കാറഡുക്കയില്‍ 54ല്‍നിന്ന് 24 ആയും കുമ്പടാജെയില്‍ 29ല്‍നിന്ന് 13ആയും ബെള്ളൂരില്‍ 22ല്‍നിന്ന് ഒമ്പതായും ഒന്നാം കാറ്റഗറിയിലുള്ളവരുടെ എണ്ണം ചുരുങ്ങി. രണ്ടാം കാറ്റഗറിയില്‍ ഇവിടെയെല്ലാം നൂറിലധികം ആള്‍ വീതമുണ്ട്.

അഞ്ചുലക്ഷം രൂപ പ്രകാരമാണ് പലഘട്ടങ്ങളിലായി ഇവര്‍ക്ക് സഹായം നല്‍കുന്നത്. ഇതിനുപുറമെ വികലാംഗര്‍ക്കേ സഹായം ലഭിക്കൂ. ഇവരുടെ കരട് ലിസ്റ്റിന് അന്തിമ രൂപമായിട്ടില്ല. ആയിരത്തിനപ്പുറം പോകില്ലെന്നാണ് നിഗമനം. ബുന്ദിമാന്ദ്യം, ക്യാന്‍സര്‍ ഉള്‍പ്പെടെ മറ്റു രോഗികള്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ദുരന്തബാധിതരുടെ പട്ടികയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെടും. ഇവരെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ മോണിറ്ററിങ് സെല്ലും ജില്ലാപഞ്ചായത്തും ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങുന്നില്ല. കരട് ലിസ്റ്റിനെക്കുറിച്ച് പരാതി നല്‍കാന്‍ അവസരമുണ്ടെന്നാണ് വിശദീകരണം.
(എം ഒ വര്‍ഗീസ്)

deshabhimani 220812

1 comment:

  1. സര്‍ക്കാര്‍ സഹായമെത്തിക്കേണ്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നിലവില്‍ 4182 പേരുള്ള ലിസ്റ്റില്‍ നിന്നും ബഹുഭൂരിപക്ഷം രോഗികളെയും ഒഴിവാക്കി 103 പേര്‍ക്ക് മാത്രം സഹായം നല്‍കാനാണ് നീക്കം.

    ReplyDelete