Wednesday, August 22, 2012

കോര്‍പറേറ്റ് പ്രീണനത്തിന്റെ എട്ടുവര്‍ഷം

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 65,587 കോടിയുടേതാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നികുതി ഇളവ് 5.3 ലക്ഷം കോടിയിലേക്ക് വളര്‍ന്നു. ഏഴുവര്‍ഷംകൊണ്ട് കോര്‍പറേറ്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ വേണ്ടെന്നുവച്ച നികുതിവരുമാനം ഏതാണ്ട് എട്ടിരട്ടിയായി ഉയര്‍ന്നു. മറുഭാഗത്ത് സാധാരണ ജനങ്ങളെ ഞെരുക്കുന്ന പരോക്ഷ നികുതികള്‍ ഓരോ ബജറ്റിലും കുത്തനെ ഉയര്‍ത്തി. ഭരണത്തിന്റെ സമസ്തമേഖലയും കോര്‍പറേറ്റുകളെ ഏതുവിധത്തില്‍ സഹായിക്കാമെന്ന കാര്യത്തില്‍ ഗവേഷണത്തിലാണ്. ഇതിന് പ്രത്യുപകാരം കോഴയുടെ രൂപത്തിലും മറ്റും ഉന്നത രാഷ്ട്രീയനേതൃത്വത്തിനും ഭരണയന്ത്രം തിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും ബ്യൂറോക്രാറ്റുകള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നു.

സബ്സിഡിച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ രാജ്യത്തെ ബിപിഎല്ലുകാരുടെ എണ്ണം കൃത്രിമമായി കുറയ്ക്കുന്ന ആസൂത്രണകമീഷനും ധനമന്ത്രാലയവും കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ അനുവദിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു. കോര്‍പറേറ്റ് ആദായനികുതി, കസ്റ്റംസ് തീരുവ ഇനങ്ങളിലാണ് വന്‍കിട കുത്തകകള്‍ക്കായി സര്‍ക്കാര്‍ അര്‍ഹമായ വരുമാനം വേണ്ടെന്നു വയ്ക്കുന്നത്. 2005-06 ലെ ബജറ്റ് മുതല്‍ കഴിഞ്ഞ ബജറ്റ് വരെയുള്ള കാലയളവില്‍ കോര്‍പറേറ്റ് ആദായനികുതി ഇനത്തില്‍മാത്രം നാലുലക്ഷം കോടി രൂപയാണ് വേണ്ടെന്നുവച്ചത്. ഇതിനുപുറമെ കസ്റ്റംസ്- എക്സൈസ് തുടങ്ങിയ തീരുവ ഇനങ്ങളിലായി സര്‍ക്കാര്‍ വേണ്ടെന്നുവച്ച വരുമാനം 25.7 ലക്ഷം കോടി രൂപയാണ്. അതായത് 2ജി സ്പെക്ട്രം അഴിമതിത്തുകയുടെ ഏതാണ്ട് 15 ഇരട്ടി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് കേന്ദ്രത്തിന് പ്രതിവര്‍ഷം 1.4 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2005-06 മുതലുള്ള വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളിയ തുകയുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് ഇരുപത് വര്‍ഷത്തോളം എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയുമായിരുന്നു.

ഏതെങ്കിലും വിഷയത്തില്‍ കോര്‍പറേറ്റ് ലോകം എതിര്‍പ്പുയര്‍ത്തിയാല്‍ അപ്പോള്‍തന്നെ കേന്ദ്രത്തിന്റെ പരിഹാരനടപടിയുണ്ടാകും. കഴിഞ്ഞ ബജറ്റില്‍ പ്രണബ് മുഖര്‍ജി കൊണ്ടുവന്ന പൊതു ഒഴിവാക്കല്‍ വിരുദ്ധ ചട്ടം (ഗാര്‍) മരവിപ്പിക്കാന്‍ ധനമന്ത്രി പി ചിദംബരം മുന്‍കൈയെടുത്തത് ഒടുവിലത്തെ ഉദാഹരണം. പല രാജ്യങ്ങളുമായും ഒപ്പുവച്ച ഇരട്ടിനികുതി ഒഴിവാക്കല്‍ നിയമത്തിന്റെ മറവില്‍ രാജ്യത്ത് നിക്ഷേപമിറക്കുന്ന പല സ്ഥാപനങ്ങളും നികുതി ഒടുക്കാതെ രക്ഷപ്പെടുന്നത് തടയാനായിരുന്നു ഗാര്‍ ചട്ടം. കോര്‍പറേറ്റുകള്‍ ഒന്നടങ്കം എതിര്‍പ്പുയര്‍ത്തിയതോടെ ഇപ്പോള്‍ രക്ഷാനടപടികളുമായി ചിദംബരം സജീവമായിരിക്കയാണ്. വിദേശത്തുള്ള ഇടപാടായാലും ഇന്ത്യയിലെ സ്വത്തുക്കള്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ കേന്ദ്രത്തിന് നികുതി നല്‍കണമെന്ന വ്യവസ്ഥയ്ക്ക് പ്രണബ് മുഖര്‍ജി മുന്‍കാല പ്രാബല്യം നല്‍കിയതും വന്‍കുത്തകകളെ അസ്വസ്ഥരാക്കിയിരുന്നു. പ്രണബിന്റെ തീരുമാനത്തോടെ ടെലികോം കുത്തകയായ വോഡഫോണ്‍ 12,000 കോടി രൂപ കേന്ദ്രത്തിന് നികുതി അടയ്ക്കേണ്ട സ്ഥിതിയെത്തി. എന്നാല്‍, ചിദംബരം ധനമന്ത്രിസ്ഥാനത്ത് എത്തിയതോടെ ഈ ഭേദഗതിയും പരണത്തേക്ക് മാറുകയാണ്.

കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ യുപിഎ സര്‍ക്കാര്‍ ഡീസല്‍ വിലനിയന്ത്രണംകൂടി എടുത്തുകളയാനാണ് ഇപ്പോള്‍ നീങ്ങുന്നത്. ഇതോടൊപ്പം ചില്ലറവിപണിയില്‍ എഫ്ഡിഐ, ബാങ്കിങ്- ഇന്‍ഷുറന്‍സ് ഭേദഗതികള്‍, വ്യോമയാന രംഗത്ത് എഫ്ഡിഐ തുടങ്ങി ഒട്ടനവധി കോര്‍പറേറ്റ് പ്രീണനയങ്ങള്‍ ഊഴം കാത്തുനില്‍ക്കുന്നു.

ഒത്തുകളി

കാലവര്‍ഷം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്സിഡി തുടരുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തിലെ പ്രഖ്യാപനത്തോട് കോര്‍പറേറ്റുകള്‍ കടുത്തരീതിയില്‍ പ്രതികരിച്ചു. തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷന്‍ സി രംഗരാജന്‍ സബ്സിഡി കാര്യത്തില്‍ സര്‍ക്കാര്‍നയം വ്യക്തമാക്കി. ഡീസലിന്റേത് ഉള്‍പ്പെടെ എല്ലാ സബ്സിഡിയും എടുത്തുകളയണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. പെട്രോള്‍ വിലനിയന്ത്രണം 2010 ജൂണിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇന്ധന സബ്സിഡി ഖജനാവിന് വലിയ ഭാരമാണെന്നും ധനകമ്മി നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുന്നുവെന്നുമായിരുന്നു ന്യായം. വിലനിയന്ത്രണം എടുത്തുകളഞ്ഞാലും അന്താരാഷ്ട്രവിപണിയില്‍ വില കുറയുമ്പോള്‍ അതിന്റെ ഗുണഫലം അപ്പോള്‍ത്തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാരും എണ്ണകമ്പനികളും വാദിച്ചു. എന്തായാലും വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ "ഗുണം" പെട്ടെന്നുതന്നെ ജനം നേരിട്ടറിഞ്ഞു. വിലനിയന്ത്രണം പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പെട്രോളിന് മൂന്നര രൂപ കൂട്ടി എണ്ണക്കമ്പനികള്‍ നിലപാട് പ്രഖ്യാപിച്ചു. വിലനിയന്ത്രണം എടുത്തുകളഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ പെട്രോള്‍ വില ഏതാണ്ട് 50 ശതമാനത്തിനടുത്ത് വര്‍ധിച്ചു.

പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഡീസല്‍-പാചകവാതക-മണ്ണെണ്ണ സബ്സിഡികള്‍ എങ്ങനെ ഇല്ലാതാക്കാമെന്ന ഗവേഷണത്തിലാണ്. പെട്രോളിന് സമാനമായി ഡീസല്‍ സബ്സിഡി എടുത്തുകളയണമെന്ന മുറവിളി കോര്‍പറേറ്റുകള്‍ ശക്തമാക്കി. എണ്ണവിപണനരംഗത്ത് സജീവമായ റിലയന്‍സ്, എസ്സാര്‍ എന്നീ കമ്പനികളാണ് ഇക്കാര്യത്തില്‍ മുന്നില്‍. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ധനമന്ത്രിസ്ഥാനമേറ്റെടുത്ത പി ചിദംബരം പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനുള്ള ഒരുക്കത്തിലാണ്. പ്രണബിന്റെ കോര്‍പറേറ്റ് വിരുദ്ധമായ പല ബജറ്റ് തീരുമാനങ്ങളും തിരുത്തി ചിദംബരം തന്റെ നയം അറിയിച്ചുകഴിഞ്ഞു.

എണ്ണവിപണന കമ്പനികള്‍ വലിയ നഷ്ടത്തിലാണെന്ന വാദമാണ് ഡീസല്‍ വിലനിയന്ത്രണം പൂര്‍ണമായും പാചകവാതക വിലനിയന്ത്രണം ഭാഗികമായും എടുത്തുകളയാന്‍ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ന്യായം. എന്നാല്‍, അണ്ടര്‍ റിക്കവറിയെന്ന പേരില്‍ എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടക്കണക്ക് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. 2011-12 വര്‍ഷത്തില്‍ 1,71,140 കോടി രൂപയാണ് അണ്ടര്‍ റിക്കവറിയെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. ഇത്രയധികം നഷ്ടം കമ്പനികള്‍ക്ക് സഹിക്കാനാകില്ലെന്ന് കേന്ദ്രം വാദിക്കുന്നു. ഈ സാഹചര്യത്തില്‍ എന്താണ് അണ്ടര്‍റിക്കവറിയെന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന വിലയും ഇതേഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ നഷ്ടക്കണക്കായി അവതരിപ്പിക്കുന്ന അണ്ടര്‍ റിക്കവറി. യഥാര്‍ഥത്തില്‍ ക്രൂഡോയിലിന്റെ ഇറക്കുമതി വിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണകമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. പകരം ഓരോ ഉല്‍പ്പന്നങ്ങളുടെയും നേരിട്ടുള്ള ഇറക്കുമതി വിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പനവിലയുമായി താരതമ്യപ്പെടുത്തി വലിയ നഷ്ടം സംഭവിക്കുന്നുവെന്ന് വാദിക്കുന്നത്.

നഷ്ടമെന്ന് ആവലാതിപ്പെടുമ്പോള്‍ത്തന്നെ 2010-11ല്‍ ഒഎന്‍ജിസി 18,924 കോടി ലാഭം നേടിയെന്ന് കമ്പനി കണക്കുകള്‍ വ്യക്തമാക്കുന്നു. ഐഒസി 7445 കോടിയും ബിപിസിഎല്‍ 1547 കോടിയും എച്ച്പിസിഎല്‍ 1539 കോടിയും ലാഭം നേടിയതായാണ് അവരുടെതന്നെ കണക്കുകള്‍. എണ്ണ സബ്സിഡി വലിയ ഭാരമാണെന്ന സര്‍ക്കാര്‍ വാദത്തിലേക്കു കടക്കാം. 2010-11 ല്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയ സബ്സിഡി 43926 കോടിയാണ്. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ കേന്ദ്രം സ്വന്തമാക്കിയത് 1,36,497 കോടിയാണ്. സംസ്ഥാനങ്ങളാകട്ടെ 88,997 കോടിയും ശേഖരിച്ചു. സബ്സിഡി ചെലവ് കിഴിച്ചാലും എണ്ണമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ വരുമാനം 92571 കോടി വരും. എണ്ണഉപഭോഗം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ ഓരോ വര്‍ഷവും സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധന മാത്രമാണ് വരുന്നത്.
(എം പ്രശാന്ത്)

കിതപ്പിന്റെ കാലം വീണ്ടും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസനക്കുതിപ്പിന്റെ പുതിയ ചക്രവാളങ്ങള്‍ താണ്ടിയ പരമ്പരാഗതവ്യവസായങ്ങള്‍ യുഡിഎഫ് ഭരണത്തില്‍ കിതയ്ക്കുന്നു. 30 ലക്ഷത്തോളം പേര്‍ക്ക്തൊഴില്‍നല്‍കുകയും വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്ന കശുവണ്ടി, കയര്‍, മത്സ്യം, തോട്ടവിളകള്‍, കൈത്തറി തുടങ്ങിയ വ്യവസായങ്ങളില്‍ ഇന്ന് അമര്‍ഷവും പ്രതിഷേധവും പുകയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വ്യവസായ പുനരുദ്ധാരണ നടപടികളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും അന്യമാകുന്നു. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാനോ മറ്റാനുകൂല്യങ്ങള്‍ യഥാസമയം നല്‍കാനോ നടപടിയില്ല.

$ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണക്കാലത്ത് നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂറായി നല്‍കി. പെന്‍ഷന്‍ 400 രൂപയാക്കി. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരമ്പരാഗത വ്യവസായത്തൊഴിലാളിക്ക് കൂടുതല്‍ ആനുകൂല്യങ്ങളോ മെച്ചപ്പെട്ട പെന്‍ഷന്‍ തുകയോ പ്രഖ്യാപിച്ചില്ല. നിലവിലുള്ളവ മാസങ്ങളായി കുടിശികയാക്കി. പിഎഫ് പലിശ 12.5 ശതമാനത്തില്‍നിന്ന് 8.25 ആക്കിയ കേന്ദ്രനടപടിയും തൊഴിലാളിക്കു കനത്ത അടിയായി.

$ മൂന്നുലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായമേഖലയെ നാണയപ്പെരുപ്പവും രൂപയുടെ വിനിമയമൂല്യത്തകര്‍ച്ചയും വര്‍ധിപ്പിക്കുന്ന കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ അഗാധ പ്രതിസന്ധിയിലേക്കു തള്ളുന്നു. തദ്ദേശീയമായി കശുവണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കശുമാവുകൃഷി വ്യാപകമാക്കണം. എല്‍ഡിഎഫ് ഈദിശയില്‍ ശക്തമായ നടപടികളെടുത്തു. അവയെ തുരങ്കംവയ്ക്കാനും കശുമാവുകൃഷി വ്യാപിപ്പിക്കാതിരിക്കാനും ഇറക്കുമതി പ്രോത്സാഹിപ്പിക്കാനുമാണ് യുഡിഎഫ് ശ്രമം.

$ ആലപ്പുഴയെ കയര്‍ വ്യവസായരംഗത്തെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എണ്ണമറ്റ നടപടികള്‍ സ്വീകരിച്ചു. വ്യവസായത്തിനു സഹായം നല്‍കാന്‍ രൂപീകരിച്ച കയര്‍ബോര്‍ഡിന്റെ പ്രധാനകേന്ദ്രംകൂടിയാണ് ആലപ്പുഴ. ഡിപ്പോസമ്പ്രദായം എന്ന പേരില്‍ നിലനില്‍ക്കുന്ന ഇടത്തട്ടുകാരുടെ ചുഷണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം കൊണ്ടുവന്ന കയര്‍തൊഴിലാളി വരുമാന ഉറപ്പുപദ്ധതി ഇപ്പോള്‍ അവതാളത്തിലായി.

$ മത്സ്യമേഖലയിലുണ്ടായ രണ്ടു കടല്‍ദുരന്തങ്ങള്‍ തീരദേശജനതയെ അരക്ഷിതാവസ്ഥയിലേക്കു എടുത്തെറിഞ്ഞു. മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള മണ്ണെണ്ണവിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് തീരദേശത്തെ വറുതിയിലേക്കു തള്ളി. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ നല്‍കാനുള്ള സംസ്ഥാന നോഡല്‍ഏജന്‍സി സിവില്‍സപ്ലൈസ് കോര്‍പേറഷന്‍ പലവിധ ക്രമക്കേടുകള്‍ കാട്ടുന്നതിനാല്‍ മതിയായ അളവില്‍ യാനങ്ങള്‍ക്കു മണ്ണെണ്ണ ലഭിക്കുന്നില്ല. കരിഞ്ചന്തയിലൂടെ പ്രതിവര്‍ഷം ആയിരത്തിലേറെ കോടിരൂപയാണ് തൊഴിലാളികളില്‍നിന്നു മണ്ണെണ്ണലോബി തട്ടുന്നത്. ഇതു തടുയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. യുഡിഎഫ് അതും അട്ടിമറിച്ചു.

$ തോട്ടം മേഖലയില്‍ യുഡിഎഫിന്റെ തലതിരിഞ്ഞ നയങ്ങള്‍ പട്ടിണിയും വറുതിയും മടക്കിക്കൊണ്ടുവരികയാണ്. തോട്ടങ്ങള്‍ പാട്ടെത്തിനെടുത്ത കുത്തകകള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ടുപോകുന്നു.

പുഴുവരിച്ച അരി റേഷന്‍കടകളിലൂടെ

എഫ്സിഐ ഗോഡൗണില്‍ കെട്ടിക്കിടന്ന് കേടുവന്ന അരി റേഷന്‍കടകളില്‍ വിതരണത്തിനു നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത അയ്യായിരത്തിലേറെ ടണ്‍ അരിയാണ് മുളങ്കുന്നത്തുകാവിലെ ഗോഡൗണില്‍ നിന്ന് റേഷന്‍കടകളില്‍ എത്തിച്ചത്. മഴ നഞ്ഞ് ചീഞ്ഞുനാറിയതും പുഴുവരിച്ചതുമായ ഈ അരി അധികൃതരുടെ അറിവോടെയും ഒത്താശയോടെയുമാണ് വിതരണം ചെയ്തത്. കൂടാതെ, 50,000 ടണ്‍ അരി വിതരണം ചെയ്യാതെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നു. 10,000 ടണ്‍ അരി രണ്ടുവര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഇത് ചീഞ്ഞുനാറാന്‍ തുടങ്ങി. അരിയുള്‍പ്പെടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് ഈ സ്ഥിതി. കേടായ ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനിടെ കൂടുതല്‍ അരി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 1,50,000 ടണ്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി. 49,900 ടണ്‍ സംഭരിക്കാനേ മുളങ്കുന്നത്തുകാവിലെ ഗോഡൗണിന് ശേഷിയുള്ളൂ.

എല്‍ഡിഎഫ് ഭരണകാലത്ത് ഗോഡൗണുകളില്‍നിന്ന് 50 ശതമാനത്തിലേറെ അരി പ്രതിദിനം വിതരണം ചെയ്തിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ ഇത് പത്തു ശതമാനമായി കുറഞ്ഞു. മുളങ്കുന്നത്തുകാവ് ഗോഡൗണില്‍നിന്നു പ്രതിദിനം 18,000 ടണ്‍വരെ വിതരണം ചെയ്യാറുണ്ട്. ഇപ്പോള്‍ 7,000 ആയി ചുരുങ്ങി. ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന അരിയില്‍ ക്രമം വിട്ട് കീടനാശിനി പ്രയോഗിക്കുന്നുണ്ട്. അരി കേടുവരാതിരിക്കാന്‍ അലുമിനിയം ഫോസ്ഫേറ്റ്, ഡെല്‍ട്ട മെട്രിന്‍, ന്യൂവണ്‍, എക്കാലക്സ്, മാലത്തിയോണ്‍ എന്നീ മാരകവിഷമുള്ള കീടനാശിനികളാണ് തളിക്കുന്നത്. സ്ഥിരമായി കീടനാശിനി പ്രയോഗിക്കുമ്പോള്‍ ഇവ അരിയില്‍ അലിയും. ഇതു മാരകമായ രോഗങ്ങള്‍ക്കു കാരണമാകും. ഗോഡൗണുകളില്‍ അരി കെട്ടിക്കിടന്നു നശിക്കുന്നെന്ന് അറിഞ്ഞ് എംഎല്‍എമാരായ കെ രാധാകൃഷ്ണന്‍, ബാബു എം പാലിശേരി എന്നിവര്‍ ചൊവ്വാഴ്ച മുളങ്കുന്നത്തുകാവ് ഗോഡൗണ്‍ സന്ദര്‍ശിച്ചു. നല്ല ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
(ഇ എസ് സുഭാഷ്)

തോട്ടങ്ങളിലും പാടത്തും കണ്ണീര്‍

പാടത്തും തോട്ടങ്ങളിലും എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാക്കനി. രാസവളത്തിന്റെ കുത്തനെയുള്ള വിലക്കയറ്റവും അതോടൊപ്പം ഉല്‍പ്പാദന ചെലവിന് അനസൃതമായി ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും കര്‍ഷകരുടെ ജീവിതം ഇരുളിലാക്കുന്നു. താങ്ങാകേണ്ട കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അലംഭാവം കര്‍ഷകരെ ആത്മഹത്യയിലേക്ക് വീണ്ടും നയിക്കുന്നു. ഏലം കര്‍ഷകര്‍ ഈ സീസണിലെ കനത്ത വിലയിടിവാണ് നേരിടുന്നത്. ഒരു കിലോ ഏലത്തിന് ശരാശരി 1500 രൂപയുണ്ടായിരുന്നപ്പോള്‍ 50 കിലോ ഫാക്ടംഫോസിന് 300 രൂപയായിരുന്നു. എന്നാല്‍, ഏലത്തിന് വിലയിടിഞ്ഞ് 500 എന്ന ശരാശരി വിലയില്‍ എത്തിയപ്പോള്‍ ഫാക്ടംഫോസിന്റെ വില കുതിച്ചുയര്‍ന്ന് 900 രൂപയായി.

രാസവളങ്ങളുടെ വിലനിയന്ത്രണാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയമാണ് ഏലത്തിന് ന്യായവിലയെന്ന കര്‍ഷകന്റെ സ്വപ്നം കരിച്ചത്. സ്പൈസസ് ബോര്‍ഡും ലേലത്തില്‍ പങ്കെടുക്കുന്ന വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയില്‍ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. ലേലകേന്ദ്രങ്ങളില്‍ തുച്ഛമായ തുകയേ ഏജന്റുമാര്‍ ഉയര്‍ത്തി വിളിക്കുന്നുള്ളൂ. ഏലത്തിന് കിലേയ്ക്ക് 200 രൂപ ലഭിച്ചിരുന്ന കാലത്ത് 50 പൈസ കൂട്ടി വിളിച്ചിരുന്ന സമ്പ്രദായമാണ് ഇപ്പോഴും തുടരുന്നത്. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പത്തുരൂപ കൂട്ടി വിളിക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. വന്‍കിട ഏലംവ്യാപാരികളുടെ ദല്ലാളായാണ് സ്പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം.

ഉല്‍പ്പാദനം താഴ്ന്ന സാഹചര്യത്തില്‍ റബറിന്റെ ന്യായവിലയും അവതാളത്തിലായി. വിലസ്ഥിരതാഫണ്ട് എന്ന സംവിധാനം കൊണ്ടുവന്നെങ്കിലും ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. റബറിന്റെ ഇറക്കുമതിത്തോത് അനിയന്ത്രിതമായി ഉയര്‍ന്നതും റബര്‍ കര്‍ഷകരെ പ്രതിരോധത്തിലാക്കി. അന്താരാഷ്ട്ര വില ആഭ്യന്തരവിലയേക്കാള്‍ കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ടയര്‍വ്യവസായികള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി റബര്‍ ഇറക്കുമതിക്ക് പ്രേരിപ്പിക്കുന്നു. അന്താരാഷ്ട്രവിലയിലെ കുറവ് ആഭ്യന്തരവിലയും ഇടിച്ചു. ഒരുഘട്ടത്തില്‍ റബര്‍ കര്‍ഷകന് നാലാം ഗ്രേഡ് റബറിന് 243 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 169 രൂപ വരെയെത്തി. വളം വിലവര്‍ധന റബര്‍കര്‍ഷകനും പ്രതിസന്ധി സൃഷ്ടിച്ചു. റബര്‍ കയറ്റുമതിയിലും പിന്നോട്ടടിയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 9,803 ടണ്‍ റബര്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 3,026 ടണ്‍ റബര്‍ മാത്രമേ കയറ്റുമതി ചെയ്യാനായുള്ളൂ.

സംഭരിച്ച നെല്ലിന് പകരമായി കൃത്യമായി വില നല്‍കാതെയാണ് സംസ്ഥാനസര്‍ക്കാര്‍ നെല്‍ക്കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. 60 കോടി രൂപയാണ് പുഞ്ചക്കൃഷി ഇനത്തില്‍ നെല്ല് സംഭരിച്ചതിന് ഇവര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക. ഈ തുക ഉടനെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് പറയുന്നതല്ലാതെ കര്‍ഷകന്റെ കൈയില്‍ കിട്ടാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കുടിശ്ശിക- 23 കോടി രൂപ. ആലപ്പുഴയില്‍ 14 കോടിയും കോട്ടയത്ത് 2.69 കോടിയും മലപ്പുറത്ത് എട്ടു കോടിയും നല്‍കാനുണ്ട്. പണം അനുവദിക്കുമ്പോഴേ നല്‍കാനാവൂവെന്നാണ് സപ്ലൈകോ നിലപാട്

deshabhimani 220812

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 65,587 കോടിയുടേതാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നികുതി ഇളവ് 5.3 ലക്ഷം കോടിയിലേക്ക് വളര്‍ന്നു. ഏഴുവര്‍ഷംകൊണ്ട് കോര്‍പറേറ്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ വേണ്ടെന്നുവച്ച നികുതിവരുമാനം ഏതാണ്ട് എട്ടിരട്ടിയായി ഉയര്‍ന്നു. മറുഭാഗത്ത് സാധാരണ ജനങ്ങളെ ഞെരുക്കുന്ന പരോക്ഷ നികുതികള്‍ ഓരോ ബജറ്റിലും കുത്തനെ ഉയര്‍ത്തി. ഭരണത്തിന്റെ സമസ്തമേഖലയും കോര്‍പറേറ്റുകളെ ഏതുവിധത്തില്‍ സഹായിക്കാമെന്ന കാര്യത്തില്‍ ഗവേഷണത്തിലാണ്. ഇതിന് പ്രത്യുപകാരം കോഴയുടെ രൂപത്തിലും മറ്റും ഉന്നത രാഷ്ട്രീയനേതൃത്വത്തിനും ഭരണയന്ത്രം തിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും ബ്യൂറോക്രാറ്റുകള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നു.

    ReplyDelete